Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഭ ബിഷപ് ഫ്രാങ്കോയെ സംരക്ഷിക്കുന്നു; പി.സി.ജോർജ് ഇതുവരെ ഹാജരായില്ല: രേഖ ശർമ

rekha-sharma ദേശീയ വനിതാ കമ്മിഷൻ അംഗം രേഖ ശർമ. (ഫയൽ ചിത്രം: ട്വിറ്റർ)

കൊച്ചി ∙ ക്രിസ്ത്യൻ സന്യാസസഭകളിൽ കന്യാസ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) രൂപീകരിക്കണമെന്നു ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ. സഭ ഇപ്പോഴും ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിക്കുകയാണെന്നും അവർ മാധ്യമ പ്രവർത്തകരോടു സംസാരിക്കവെ കുറ്റപ്പെടുത്തി.

പരാതിക്കാരിയായ കന്യാസ്ത്രീയെ അവഹേളിച്ച പി.സി.ജോർജ് എംഎൽഎ ഇതുവരെ കമ്മിഷനു മുന്നിൽ ഹാജരായില്ല. സുഖമില്ല, തിരക്കാണ് എന്നിങ്ങനെ ഒാരോ ന്യായീകരണങ്ങൾ പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറുകയാണ്. അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു സ്പീക്കർക്കു കത്തയച്ചിട്ടുണ്ട്. എംഎൽഎ, എംപി പദവികളേക്കാൾ മുകളിലാണു കമ്മിഷൻ. അറസ്റ്റിന് ഉത്തരവിടാനും കമ്മിഷന് അധികാരമുണ്ട്. ജോർജ് ഇനിയും ഹാജരായില്ലെങ്കിൽ അടുത്ത നടപടികളിലേക്കു കടക്കും. സ്ത്രീ സമൂഹത്തോടു മാപ്പു പറയാൻ പോലും അദ്ദേഹം തയാറായിട്ടില്ലെന്ന് അവർ കുറ്റപ്പെടുത്തി.

പി.കെ.ശശി എംഎൽഎയ്ക്കെതിരെ നടപടിയുമായി മുന്നോട്ടുപോകും. പരാതിക്കാരി പൊലീസിനു പരാതി കൈമാറാത്തത് അതിശയിപ്പിക്കുന്നു. പരാതി പൊലീസിനു കൈമാറുകയാണു ചെയ്യേണ്ടത്. പാർട്ടി നടപടിയിൽ കാര്യമില്ല. കമ്മിഷൻ സ്വമേധയാ കേസെടുക്കുകയും ഡിജിപിയിൽ നിന്നു വിശദീകരണം തേടുകയും ചെയ്തെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. എല്ലാ സ്ഥാപനങ്ങളിലും ആഭ്യന്തര പരാതി പരിഹാര സമിതികൾ രൂപീകരിക്കുന്നുവെന്നു സർക്കാർ ഉറപ്പാക്കണം. വിവിധ സർക്കാർ വകുപ്പുകളിൽ ഇപ്പോഴും ആഭ്യന്തര പരാതി പരിഹാര സെൽ ഇല്ലെന്നും അവർ പറഞ്ഞു.

related stories