Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: അമിത് ഷായുടെ സംഘം കൊച്ചിയിലെത്തി, ചർച്ച പുരോഗമിക്കുന്നു

bjp-national-team ശബരിമല പ്രക്ഷോഭം സംബന്ധിച്ച റിപ്പോർട്ടു തയാറാക്കാനെത്തിയ ബിജെപി ദേശീയ സംഘം സംസ്ഥാന നേതാക്കളുമായി ചർച്ചയിൽ.

കൊച്ചി ∙ ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നിർദേശപ്രകാരം, ശബരിമല പ്രക്ഷോഭം സംബന്ധിച്ച റിപ്പോർട്ടു തയാറാക്കാനെത്തിയ ബിജെപി ദേശീയ സംഘം ചർച്ചകളാരംഭിച്ചു. കോർകമ്മിറ്റിയംഗങ്ങളായ സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള, ഒ.രാജഗോപാൽ എംഎൽഎ, ശോഭ സുരേന്ദ്രൻ, എ.എൻ.രാധാകൃഷ്ണൻ, എം.ഗണേഷ് എന്നിവരാണു ചർച്ചയിൽ പങ്കെടുക്കുന്നത്.

ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡേ എംപിയുടെ നേതൃത്വത്തിൽ പ്രഹ്ലാദ് ജോഷി എംപി, പട്ടിക ജാതി മോർച്ച ദേശീയ പ്രസിഡന്റ് വിനോദ് ശങ്കർ എംപി, നളിൻകുമാർ കാട്ടീൽ എംപി എന്നിവരാണു സംഘത്തിലുള്ളത്. സംഘം 15നകം റിപ്പോർട്ട് സമർപ്പിക്കും. കോർ കമ്മിറ്റി യോഗത്തിനുശേഷം ശബരിമല കർമസമിതി നേതാക്കളുമായി ചർച്ച നടത്തും.

ഉച്ചയ്ക്കുശേഷം ഗവർണർ പി.സദാശിവത്തിനെ കാണും. പിന്നീടു ശബരിമലയിൽ പൊലീസ് അതിക്രമത്തിനിരയായവരിൽനിന്നു വിവരങ്ങൾ ശേഖരിക്കും. 5ന് പന്തളം കൊട്ടാരത്തിലെത്തി പ്രതിനിധികളുമായി ചർച്ച നടത്തിയശേഷം രാത്രി തിരുവനന്തപുരത്തേക്കു തിരിക്കും. കൊച്ചിയിൽ കാണാനാവാതെ പോയ കോർ കമ്മിറ്റിയംഗങ്ങളെ തിരുവനന്തപുരത്തു കാണും.

മൂന്നിനു രാവിലെ 9ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ ജയിലിൽ സന്ദർശിക്കും. 10ന് സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ സെക്രട്ടേറിയറ്റ് പടിക്കൽ ആരംഭിക്കുന്ന അനിശ്ചിതകാല സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. 11ന് എൻഡിഎ നേതാക്കളുമായി ചർച്ച നടത്തിയശേഷം ഡൽഹിക്കു മടങ്ങും.