Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: കുമ്മനത്തെ മടക്കിവിളിക്കാൻ ആവശ്യപ്പെട്ടില്ലെന്ന് ആര്‍എസ്എസ്

രാജീവ് നായർ
Kummanam Rajasekharan കുമ്മനം രാജശേഖരൻ.

കോട്ടയം ∙ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തിലേക്കു തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടെന്ന വാര്‍ത്ത ആര്‍എസ്എസ് സംസ്ഥാന നേതൃത്വം നിഷേധിച്ചു.

ഇത്തരത്തില്‍ ആവശ്യമുന്നയിച്ചിട്ടില്ലെന്നും ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് ഗോപാലന്‍കുട്ടി മാസ്റ്റര്‍ മനോരമ ഓണ്‍ലൈനോടു വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന വാര്‍ത്തകളെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

കുമ്മനം രാജശേഖരനെ ഗവര്‍ണറായി നിയമിച്ച സമയത്ത് അദ്ദേഹത്തെ പെട്ടെന്നു സംഘടനാ ചുമതലകളില്‍നിന്ന് ഒഴിവാക്കരുതെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗവര്‍ണറായി ചുമതലയേറ്റ ശേഷം അദ്ദേഹത്തെ തിരിച്ചുവിളിക്കണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടിട്ടില്ലെന്നും ഗോപാലന്‍കുട്ടി മാസ്റ്റര്‍ വ്യക്തമാക്കി. 

കുമ്മനം രാജശേഖരനെ രാഷ്ട്രീയത്തിലേക്കു തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദേശീയ നേതൃത്വവുമായി ആര്‍എസ്എസ് സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തിയെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ചതില്‍ ആര്‍എസ്എസിന് അതൃപ്തിയുണ്ടായിരുന്നു. കേരളത്തിലെ ഹൈന്ദവസംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കുമ്മനത്തെ പെട്ടെന്നു സംഘടനാ പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറ്റി നിര്‍ത്തുന്നത് ഗുണകരമാകില്ലെന്നായിരുന്നു ആര്‍എസ്എസിന്റെ നിലപാട്. മിസോറം തിരഞ്ഞെടുപ്പിനു ശേഷം പുതുവര്‍ഷത്തോടെ കുമ്മനത്തെ സംസ്ഥാന രാഷ്ട്രീയത്തിലേക്കു മടക്കി കൊണ്ടുവരണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

related stories