Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിണറായി നിർമിക്കുന്നത് ജനങ്ങളെ വേർതിരിക്കുന്ന മതിൽ: ബെന്നി ബഹനാൻ

benny-behanan ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണം എന്നാവശ്യപ്പെട്ടു ജില്ലാ കോൺഗ്രസ് കമ്മിറ്റി പത്തനംതിട്ടയിൽ നടത്തുന്ന രാപകൽ സമരം യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട∙ കേരളത്തിലെ ജനങ്ങളെ ജാതിയും മതവും തിരിച്ചു വേർതിരിക്കാനുള്ള മതിലാണ് പിണറായി വിജയൻ നിർമിക്കാൻ പോകുന്നതെന്നു യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണം എന്നാവശ്യപ്പെട്ടു ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തുന്ന രാപകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശബരിമലയെ തകർത്ത് കേരളത്തിലെ ക്ഷേത്രങ്ങളെ ഇല്ലാതാക്കാനുള്ള കമ്യൂണിസ്റ്റ് പദ്ധതിയാണു മുഖ്യമന്ത്രി നടപ്പാക്കുന്നത്. ശബരിമലയിൽ യുവതികൾ വരുന്നതല്ല ഇപ്പോഴത്തെ പ്രശ്നം, തീർഥാടകർക്കു സ്വതന്ത്രമായി ദർശനം നടത്താൻ കഴിയാത്തതാണ്. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്റെ സാങ്കേതികത്വം പറയുന്ന പിണറായി അദ്ദേഹത്തിന് ഇഷ്ടമില്ലാത്ത വിധികൾ വന്നപ്പോൾ കോടതിയോടു ചെയ്തത് എന്തെന്നു ജനങ്ങൾക്ക് അറിയാം.

ശബരിമലയിൽ വിശ്വാസത്തിന്റെ േപരിലാണോ ബിജെപിയുടെ സമരം. ശബരിമലയിൽ ആചാരം ലംഘിച്ചു വൽസൻ തില്ലങ്കേരി നടത്തിയ പ്രകടനങ്ങൾക്ക് ഒത്താശ ചെയ്തതു പിണറായി വിജയൻ തന്നെയാണ്. കെ.സുരേന്ദ്രനെയും കെ.പി.ശശികലയെയുമൊക്കെ ആളാക്കാൻ ക്വട്ടേഷൻ എടുത്തിരിക്കുകയാണ് മുഖ്യമന്ത്രി.

ബിജെപിക്കും സിപിഎമ്മിനും കോൺഗ്രസ് മുക്ത ഭാരതമാണു ലക്ഷ്യം. അതിനു വേണ്ടി ശബരിമലയെ ഇരുവരും ഉപയോഗിക്കുകയാണ്. ശബരിമലയിലേക്കു പോകുന്ന യുവതികൾക്കു സംരക്ഷണം ഒരുക്കുമെന്നു പറയുന്ന മുഖ്യമന്ത്രിക്കു സിപിഎം പാർട്ടി ഓഫിസിലേക്കു പോകുന്ന യുവതികൾക്കു സംരക്ഷണം നൽകാൻ കഴിയുമോ?. ഊരുവിലക്കു പ്രഖ്യാപിക്കുന്ന പാർട്ടിക്ക് എന്ത് നവോത്ഥാന വിപ്ലവമാണ് അവകാശപ്പെടാനുള്ളതെന്നും ബെന്നി ബഹനാൻ ചോദിച്ചു.

related stories