Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുബോധ് കുമാറിന്റെ കൊലയ്ക്കു കൂട്ടുനിന്നത് പൊലീസ്; ആരോപണവുമായി സഹോദരി

Subodh-kumar-and-Sister സുബോധ് കുമാറിന്റെ സഹോദരി (ഇടത്), കൊല്ലപ്പെട്ട സുബോധ് കുമാർ (വലത്)

ലക്നൗ∙ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഗോരക്ഷകരുടെ ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ വന്‍ഗൂഢാലോചനയെന്ന് ആരോപണം. ഇന്നലെ കൊല്ലപ്പെട്ട ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങാണു, ദാദ്രിയില്‍ പശുവിന്‍റെ പേരില്‍ ആള്‍ക്കൂട്ടം മുഹമ്മദ് അഖ്‍ലാഖിനെ അടിച്ചുെകാലപ്പെടുത്തിയ കേസ് അന്വേഷിച്ചിരുന്നത്. സുബോധ് കുമാറിന്‍റെ കൊലപാതകത്തിന് ദാദ്രിക്കേസുമായി ബന്ധമുണ്ടെന്ന് സഹോദരി പറയുന്നു. ബിജെപി, ബജ്‌രംഗ്ദള്‍ നേതാക്കളാണു ബുലന്ദ്ഷഹറിലെ സംഘര്‍ഷത്തിനു പിന്നിലെന്നാണു പൊലീസ് നിഗമനം. സംഭവത്തിൽ 5 പേരെ അറസ്റ്റുചെയ്തു.

ബുലന്ദ്ഷഹറിനടുത്ത് മഹവ് ഗ്രാമത്തില്‍ പശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ് അടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടത്. ദാദ്രിയിലെ അഖ്‍ലാഖിന്‍റെ കൊലപാതകക്കേസ് അന്വേഷിച്ചിരുന്ന സുബോധ് കുമാര്‍ സിങ്ങിനെ ഇല്ലാതാക്കാന്‍ ആസൂത്രിത നീക്കം നടന്നുെവന്ന സംശയം ബലപ്പെടുകയാണ്. സുബോധിന്‍റെ തലയ്ക്കു വെടിയേറ്റിരുന്നു. സര്‍വീസ് തോക്കും മൊബൈല്‍ ഫോണും നഷ്ടമായിരുന്നു.

സുബോധ് സിങ്ങിനെ തനിച്ചാക്കി മറ്റ് പൊലീസുകാര്‍ രക്ഷപ്പെട്ടതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നു മീററ്റ് എഡിജിപി പ്രശാന്ത് കുമാര്‍ അറിയിച്ചു. അക്രമികള്‍ തോക്കുമായാണു വന്നതെന്നു സുബോധിന്‍റെ ഡ്രൈവര്‍ മൊഴിനല്‍കി. പൊലീസിന്‍റെ ഭാഗത്തുനിന്നും ഗൂഢാലോചനയുണ്ടായിട്ടുണ്ടെന്നു സുബോധിന്‍റെ സഹോദരിയും ആരോപിക്കുന്നു. ‘എന്‍റെ സഹോദരനാണു ദാദ്രിക്കേസ് അന്വേഷിച്ചിരുന്നത്. കൊലപാതകത്തിനു ദാദ്രിക്കേസുമായി ബന്ധമുണ്ട്. പൊലീസിന്‍റെ ഭാഗത്തുനിന്നും ഗൂഢാലോചനയുണ്ടായി. ഞങ്ങള്‍‌ക്ക് പണം വേണ്ട. മുഖ്യമന്ത്രി പശു, പശു എന്ന് പറഞ്ഞു കൊണ്ടിരിക്കുകയേ ഉള്ളൂ.’ – സഹോദരി പറഞ്ഞു.

ബജ്‌രംഗ് ദള്‍ നേതാവ് യോഗേഷ് രാജാണ് സംഘര്‍ഷങ്ങളുടെ പിന്നില്ലെന്നാണു പൊലീസിന്റെ കണ്ടെത്തല്‍. ബിജെപി നേതാവ് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 28 പേര്‍ക്കെതിരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത 60 പേര്‍ക്കെതിരെയുമാണ് എഫ്െഎആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രത്യേക അന്വേഷണസംഘം നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതേസമയം ഗോവധത്തിന്‍റെ പേരിലും പൊലീസ് കേസെടുത്തിട്ടുണ്ട്. സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുമ്പോഴും മുഖ്യമന്ത്രി യോഗി ആദിത്യനാഥും രണ്ട് ഉപമുഖ്യമന്ത്രിമാരും യുപിക്കു പുറത്തു തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഴുകിയത് ഏറെ വിവാദങ്ങള്‍ക്കു വഴിവെച്ചു.