Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിങ്ങവനം– ചങ്ങനാശേരി രണ്ടാം റെയിൽ പാതയിൽ പരീക്ഷണ ഓട്ടം 7ന്

Indian Railway പ്രതീകാത്മക ചിത്രം

കൊച്ചി∙ ചിങ്ങവനം– ചങ്ങനാശേരി രണ്ടാം റെയിൽ പാതയിൽ മുഖ്യസുരക്ഷാ കമ്മിഷണറുടെ (സിആർഎസ്) പരിശോധനയും പ്രത്യേക ട്രെയിൻ ഉപയോഗിച്ചുളള പരീക്ഷണ ഓട്ടവും 7ന് നടക്കും. വൈകിട്ട് 3.30 മുതൽ 3.45 വരെ പരീക്ഷണ ഒാട്ടം നടക്കുന്ന സമയത്തു പുതിയ പാതയിൽ പാളം മുറിച്ചു കടക്കാതെ ജാഗ്രത പാലിക്കണമെന്നു റെയിൽവേ അറിയിച്ചു.

മാസങ്ങൾക്കു മുൻപ് നിർമാണം പൂർത്തിയായെങ്കിലും സിആർഎസ് പരിശോധനയ്ക്കാവശ്യമായ രേഖകൾ ലഭ്യമാക്കാൻ ദക്ഷിണ റെയിൽവേ അധികൃതർക്കു കഴിയാതിരുന്നതാണു പരിശോധന വൈകിച്ചത്. പാത തുറക്കുന്നതോടെ തിരുവനന്തപുരം മുതൽ ചിങ്ങവനം വരെ പൂർണമായും ഇരട്ടപ്പാതയാകും. കോട്ടയം വഴിയുളള പാതയിൽ തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയിൽ ചിങ്ങവനം മുതൽ കുറുപ്പന്തറ വരെ (27 കിലോമീറ്റർ) ദൂരം മാത്രമാണു ഇനി ഇരട്ടപ്പാതയാകാൻ ബാക്കിയുളളത്.

എറണാകുളം– കായംകുളം ( കോട്ടയം വഴി–114 കിലോമീറ്റർ) പാത ഇരട്ടപ്പിക്കൽ 2003ൽ അന്നത്തെ റെയിൽവേ മന്ത്രി നിതീഷ് കുമാറാണ് ഉദ്ഘാടനം ചെയ്തത്. ചിങ്ങവനം ചങ്ങനാശേരി (9 കിലോമീറ്റർ) പാത കൂടി തുറക്കുന്നതോടെ 114ൽ 87 കിലോമീറ്റർ ഇരട്ടപ്പാതയാകും.

കോട്ടയം ജില്ലയിൽ മൂന്നര ഹെക്ടർ ഭൂമി കൂടി പാത ഇരട്ടിപ്പിക്കലിന് സർക്കാർ ഏറ്റെടുത്തു കൈമാറാനുണ്ട്. ഇപ്പോൾ പാത ഇരട്ടിപ്പിക്കൽ പുരോഗമിക്കുന്ന കുറുപ്പന്തറ–ഏറ്റുമാനൂർ (8 കിലോമീറ്റർ) റീച്ച് 2019 ഫെബ്രുവരിക്കു മുൻപു കമ്മിഷൻ ചെയ്യാനാണു റെയിൽവേ ശ്രമിക്കുന്നത്.

related stories