Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുപിയില്‍ കൊല്ലപ്പെട്ടത് ദാദ്രി ആള്‍ക്കൂട്ടക്കൊല തെളിയിച്ച ഓഫിസര്‍; ആക്രമണം ആസൂത്രിതം?

up-attack-subodh 1. ഉത്തർപ്രദേശിൽ ബുലന്ദ്ഷഹറിനടുത്ത് മഹവ് ഗ്രാമത്തിൽ പശുവിന്റെ ജഡം കണ്ടതിനെ തുടർന്നുണ്ടായ അക്രമങ്ങളിൽ കത്തിനശിച്ച വാഹനങ്ങൾ. 2. ഇന്‍സ്‌പെക്ടര്‍ സുബോധ് വര്‍മ

ന്യൂഡല്‍ഹി ∙  ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടര്‍ സുബോധ് വര്‍മ നേരത്തേ ദാദ്രിയില്‍ നടന്ന ആള്‍ക്കൂട്ടക്കൊല അന്വേഷിക്കുകയും കേസിന് തുമ്പുണ്ടാക്കുകയും ചെയ്ത ഓഫിസറാണ്. അതുകൊണ്ടു തന്നെ ഈ സംഭവം കരുതിക്കൂട്ടി നടത്തിയ ആക്രമണമാണോ എന്നു സംശയിക്കണം.

2015 സെപ്റ്റംബറില്‍ ദാദ്രിയില്‍ മുഹമ്മദ് അക്ലഖിനെ കൊലപ്പെടുത്തിയ കേസ് അന്വേഷിച്ചത് സുബോധ് ആയിരുന്നു. അക്ലഖിനെ ആക്രമിച്ചവരെ പിടികൂടാന്‍ സുബോധിന്റെ അന്വേഷണമാണ് സഹായിച്ചത്. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ സുബോധിനെ വാരാണസിയിലേക്ക് മാറ്റിയിരുന്നു. 

കഴിഞ്ഞ ദിവസം ലക്‌നൗ ബുലന്ദ്ഷഹറിനടുത്ത് മഹവ് ഗ്രാമത്തില്‍ പശുവിന്റെ ജഡം കണ്ടതിനെ തുടര്‍ന്നുണ്ടായ അക്രമങ്ങളിലാണ് ഇന്‍സ്‌പെക്ടര്‍ സുബോധ് വര്‍മ ഉള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടത്. കല്ലേറില്‍ പരുക്കേറ്റ സിയാന പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ സുബോധ് വര്‍മയെ പിന്നീട് ജനക്കൂട്ടം പിന്തുടര്‍ന്നു വെടിവച്ചു കൊല്ലുകയായിരുന്നു. സ്ഥലവാസിയായ സുമിത് (20) എന്ന യുവാവ് വെടിയേറ്റും മരിച്ചു. 

ട്രാക്ടറില്‍ പശുവിന്റെ ജഡവുമായി ഗ്രാമത്തില്‍ നിന്നെത്തിയ ജനക്കൂട്ടം പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ചിങ്കാരവതി പൊലീസ് പോസ്റ്റില്‍ എത്തുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തു. ജില്ലാ മജിസ്‌ട്രേട്ടും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ശ്രമിച്ചിട്ടും ജനക്കൂട്ടം ശാന്തരായില്ല. തുടര്‍ന്ന് പൊലീസിനു നേരെ കല്ലേറുണ്ടായി. പൊലീസ് പോസ്റ്റ് ആക്രമിച്ച ജനക്കൂട്ടം അവിടെയുണ്ടായിരുന്ന പൊലീസ് വാഹനങ്ങള്‍ക്കു തീവയ്ക്കുകയും ചെയ്തു. അക്രമം 3 മണിക്കൂര്‍ നീളുകയും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാവുകയും ചെയ്തതോടെ ജനക്കൂട്ടത്തിനു നേരെ പൊലീസ് വെടിവയ്ക്കുകയായിരുന്നു.

കലാപം നേരിടാന്‍ പരിശീലനം ലഭിച്ച 1000 പൊലീസുകാരടക്കം സ്ഥലത്ത് വന്‍ സുരക്ഷാസന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മജിസ്‌ട്രേട്ട് തല അന്വേഷണത്തിനും എഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിനും ഉത്തരവിട്ടു. രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് എഡിജിപിക്കു നിര്‍ദേശം നല്‍കിയിട്ടുള്ളത്.