Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളിയുടെ തീൻമേശയിലേക്ക് കണ്ണു ചീഞ്ഞ, വ്രണം നിറഞ്ഞ കാലികൾ; ഞെട്ടിക്കുന്ന കാഴ്ച

‘കാലി’യാകുന്ന ആരോഗ്യം, പരമ്പര – 1 ∙ ഷജിൽ കുമാർ
Slaughter House

അതിർത്തി കടന്നു മലയാളിയുടെ തീൻമേശയിലെത്തുന്ന മാംസാഹാരത്തെക്കുറിച്ച് നമുക്കെന്തറിയാം? നല്ല മാംസമാണോ കഴിക്കുന്നത് എന്ന് എന്താണ് ഉറപ്പ്? കേരളത്തിലേക്കുള്ള കന്നുകാലിക്കടത്തിന്റെ ഉള്ളറകൾ തേടിയുള്ള ഒരന്വേഷണം...

പൊള്ളാച്ചി ചന്ത: പുലർച്ചെ 5.30

വെളിച്ചം വീഴും മുൻപേ തിരക്കേറി. കേൾക്കുന്നതു വിലപേശലിന്റെ ബഹളം. ആഴ്ചതോറും 20,000 കാലികളെത്തുന്ന, ദക്ഷിണേന്ത്യയിലെ പ്രമുഖ ചന്തയാണു പൊള്ളാച്ചി. കാളയും പോത്തും എരുമയും പശുവും കിടാവുകളുമടക്കം ഒറ്റയ്ക്കും കൂട്ടിക്കെട്ടിയ നിലയിലും നിരന്നു നിൽക്കുകയാണ്. 15 ഏക്കറോളമുള്ള ചന്തയിൽ ഉരുക്കളെ വാങ്ങാനും വിൽക്കാനും എത്തിയവരും ഇടനിലക്കാരുമാണു തിരക്കു കൂട്ടുന്നത്. ഡിജിറ്റൽ ഇന്ത്യയുടെ നിയന്ത്രണമൊന്നുമില്ല. നോട്ടുകെട്ടുകളിൽ തന്നെയാണു കച്ചവടം ഉറപ്പിച്ച് ഉരുക്കളെ കൈമാറുന്നത്. എട്ടു മണിയാകുന്നതോടെ വ്യാപാരം ലക്ഷങ്ങളിലെത്തും.

കേരളത്തിൽ പ്രളയമേഖലയിലെ വീട്ടമ്മമാർക്കു വളർത്താനുള്ള പശുക്കിടാങ്ങളെ വാങ്ങാൻ എന്നു പരിചയപ്പെടുത്തിയാണു ചെന്നത്. 30 വർഷത്തിലേറെയായി ചന്തയിൽ ഏജന്റായ ദുരൈ നയിച്ചു. വളർത്താനും കശാപ്പിനുമായി ചേർത്തുകെട്ടിയ നിലയിൽ പോത്തുകളും കാളക്കിടാവുകളും. ചിലതിനു നല്ല തടിമിടുക്കുണ്ട്. ചിലതാകട്ടെ എല്ലുന്തി ക്ഷീണിച്ച നിലയിൽ. ചിലതിന്റെ കണ്ണുകൾ ചീഞ്ഞിരിക്കുന്നു. മറ്റു ചിലതിനു വ്രണങ്ങളും. ദുരൈ ഓർമിപ്പിച്ചു, ‘സൂക്ഷിക്കണം, പലരും പറഞ്ഞു പറ്റിക്കും.’

അറവുമാടുകളുടെ ഹബ്ബ്

കാലികളെ ഇറക്കിയശേഷം ലോറിയിൽ ബാക്കിയായ ചത്തപശു. ഇതിനെയും കശാപ്പിനായി കയറ്റിക്കൊണ്ടുപോയി

ആറു മണിയായിട്ടും ആന്ധ്രയിൽനിന്നെത്തിയ ഉരുക്കളെ ലോറിയിൽനിന്ന് ഇറക്കി തീർന്നിട്ടില്ല. കശാപ്പിനുള്ള മാടുകൾ കൂടുതലായെത്തുന്നത് ആന്ധ്രയിൽനിന്നാണ്. നീളം കൂട്ടിയ ലോറിക്കു പുറമേ കണ്ടെയ്നറിലും മാടുകൾ പൊള്ളാച്ചിയിലെത്തുന്നു. കശാപ്പിനുള്ളതിൽ മുക്കാൽ പങ്കും കേരളത്തിലേക്കാണ്. ഒരു ഭാഗത്തു നൂറോളം ലോറികൾ കേരളത്തിലേക്കുള്ള കാലികളെ കയറ്റാനായി കാത്തുകിടപ്പുണ്ട്. കച്ചവടം ഉറപ്പിച്ച മാടുകളെ ലോറിയോടു ചേർത്തു നിരനിരയായി കെട്ടിയിട്ടുണ്ട്.

കൊച്ചി, അങ്കമാലി, പെരുമ്പാവൂർ, തൃശൂരിന്റെ പല ഭാഗങ്ങൾ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണു പൊള്ളാച്ചി ചന്തയിൽനിന്നു കശാപ്പു മൃഗങ്ങൾ കൂടുതലായി പോകുന്നത്. വിറ്റുപോയ മാടുകളുടെ കൊമ്പിലും വയറിലും പിൻവശത്തും ചുവന്ന പെയിന്റിൽ ഓരോ വ്യാപാരിയുടേതെന്നും സൂചിപ്പിക്കാൻ അടയാളങ്ങൾ.

പൊള്ളുന്ന കാഴ്ച

എഴുന്നേൽക്കാനാകാതെ തല മാത്രമുയർത്തി കിടക്കുന്ന പശുവിനു ചുറ്റും നാലഞ്ചുപേർ കൂടിനിൽക്കുന്നു. വാൽ പിടിച്ചുയർത്തിയും കുപ്പിയിൽ വെള്ളം നിറച്ചു തലയിലൊഴിച്ചും എഴുന്നേൽപ്പിക്കാനുള്ള ശ്രമമാണ്. കടുത്ത രോഗാവസ്ഥയിലോ തളർച്ചയിലോ ആണു പശു. തൊട്ടകലെയായി മറ്റൊരു പശു ഇതിനേക്കാൾ ദയനീയമായ നിലയിൽ. തല ദേഹത്തേക്കു ചെരിച്ച നിലയിൽ കിടക്കുന്ന പശുവിന്റെ കണ്ണുകളിൽ പഴുപ്പു കിനിയുന്നു.

ദേഹം പലയിടത്തും പൊട്ടിയൊലിക്കുന്നു. പൊടുന്നനെ രണ്ടു ചെറുപ്പക്കാർ പശുവിനടുത്തെത്തി വാലിലും കാലിലും പിടിച്ചു വലിക്കുന്നു. വടി കൊണ്ട് ആഞ്ഞടിക്കുന്നു. എഴുന്നേൽക്കാനാവാതെ പുളയുന്നതല്ലാതെ കരയാൻ കൂടി ശേഷിയില്ല. ഒരു ഗുഡ്സ് ഓട്ടോ വന്നതും ചെറുപ്പക്കാർ രണ്ടുപേരും പശുവിന്റെ കാലുകൾ കൂട്ടിക്കെട്ടി വാലിൽ പിടിച്ചു വണ്ടിയിലേക്കു തൂക്കിയിട്ടു.

പാലക്കാട് ചിറ്റൂർ റജിസ്ട്രേഷനുള്ള വാഹനം മറ്റൊരു ലോറിക്കരികിലേക്കു നീങ്ങി. ലോറിക്കുള്ളിൽ ചലനമറ്റ നിലയിൽ കിടക്കുന്ന രണ്ടു മാടുകൾ. ഒന്നിനു ജീവനില്ലെന്നു തോന്നുന്നു. രണ്ടിനെയും വാഹനത്തിൽ ഒന്നിനു മീതെ ഒന്നായി തള്ളി. പാതി ജീവനുള്ള രണ്ടെണ്ണത്തിനെ പിന്നിൽ കയറ്റിയ ശേഷം വാഹനം അതിവേഗത്തിൽ ചന്ത വിട്ടു പോയി. അതു കേരളത്തിലെ കശാപ്പുശാലകളിലേക്കുള്ളതാണ്!

കച്ചവടത്തിലെ ഉൾത്തിരിവുകൾ

പൊള്ളാച്ചി ചന്തയിൽ നടക്കാൻ വയ്യാതെ തളർന്നു വീണ പശുവിനെ കശാപ്പുശാലയിലേക്കു കൊണ്ടു പോകാൻ ശ്രമിക്കുന്നവർ.

പുലർച്ചെ മുതൽ ചന്തയിൽ കണ്ടതു കൊണ്ടാകാം മലയാളികളായ ചില ഇടനിലക്കാർ സംസാരിക്കാനെത്തി. തത്തമംഗലം, മണ്ണാർക്കാട്, കൊഴിഞ്ഞാമ്പാറ, പുതുനഗരം, കൊല്ലങ്കോട് തുടങ്ങിയ പാലക്കാടൻ പ്രദേശങ്ങളിലുള്ള ഒട്ടേറെപ്പേർ പൊള്ളാച്ചി ചന്തയിൽ വ്യാപാരികളും ഇടനിലക്കാരുമാണ്. ഇവരുടെ നേതൃത്വത്തിലാണു ചന്ത ദിവസങ്ങളിൽ ലോഡ് കണക്കിനു മാടുകൾ കേരളത്തിലെ അറവുശാലകളിലേക്ക് ഒഴുകുന്നത്.

സംശയം തീർക്കാനെന്ന മട്ടിൽ ഒരു മലയാളി ഏജന്റിനോട് ചോദിച്ചു, ഇറച്ചിക്കായാലും വളർത്താനായാലും കന്നുകാലികൾക്ക് രോഗമുണ്ടോ എന്നെങ്ങനെ മനസ്സിലാക്കും? അതിർത്തി കടക്കണമെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമല്ലേ, അതെവിടെ കിട്ടും?
രണ്ടും പ്രസക്തമായ ചോദ്യങ്ങൾ തന്നെയെന്ന മട്ടിൽ ഗൗരവത്തോടെ, പക്ഷേ ഇതൊക്കെ നിസ്സാരം എന്ന മട്ടിൽ മറുപടി.

‘വാങ്ങുന്ന മാടിനു രോഗമുണ്ടെങ്കിൽ അതു ഭാഗ്യദോഷം. വളർത്താനാണെങ്കിൽ വീട്ടിലെത്തി ഒരാഴ്ച കഴിഞ്ഞു വേപ്പിലയും പുളിയിലയും ചൂടുവെള്ളത്തിലിട്ടു തിളപ്പിച്ചു തണുപ്പിച്ച ശേഷം കാലിൽ ഒഴിക്കണം. കുളമ്പുരോഗം പോലുള്ളതിനു ശമനമുണ്ടാകും. വിര ഗുളിക ഞങ്ങൾ തരാം. അതു കൊടുത്താൽ വയറ്റിലെ പുഴുക്കളും വിരകളും ചത്തോളും.

തമിഴ്നാട്ടിൽ ആരു കൈനീട്ടിയാലും 50 രൂപ വീതം നൽകിയാൽ മതി. കേരളത്തിലെ ചെക്പോസ്റ്റുകളിൽ 100, 200 രൂപ വീതം ധാരാളം. ഒരു പരിശോധനയുമില്ല. കാശും വിലാസവും തന്നാൽ മതി. സാധനം വീട്ടിലെത്തിക്കാം’. അതെങ്ങനെ?

(അതേക്കുറിച്ച് തുടരും...)

related stories