Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുലന്ദ്ഷഹർ : ഗോഹത്യയിൽ കുട്ടികളടക്കം 7 പേർക്കെതിരെ കേസ്; വന്‍ഗൂഢാലോചനയെന്നു പൊലീസ്‌

up-riot-cow-mob-killing ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിനടുത്തുള്ള മഹവ് ഗ്രാമത്തിൽ ഗോവധം ആരോപിച്ചുണ്ടായ അക്രമസംഭവങ്ങളിൽ തീവച്ചു നശിപ്പിച്ച വാഹനങ്ങൾ. ചിത്രം: എഎഫ്പി

ലക്നൗ∙ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിൽ നടന്ന ആൾക്കൂട്ട അക്രമത്തിലേക്കു നയിച്ച ഗോഹത്യയിൽ കുട്ടികളടക്കം ഏഴു പേർക്കെതിരെ കേസെടുത്തു. ഇവരെ പൊലീസ് നാലു മണിക്കൂർ ചോദ്യംചെയ്തു. 11ഉം 12ഉം വയസ്സുള്ള കുട്ടികൾക്കെതിരെയാണ് കേസ്. എന്നാൽ സംഭവം നടന്നതായി പറയപ്പെടുന്ന ദിവസം തങ്ങൾ ഗ്രാമത്തിൽ പോലും ഉണ്ടായിരുന്നില്ലെന്നു കുട്ടികളിൽ ഒരാളുടെ പിതാവ് മാധ്യമങ്ങളോടു പറഞ്ഞു.

കൃത്യമായ അന്വേഷണത്തിനു ശേഷമേ പ്രതികളെ അറസ്റ്റ് ചെയ്യുകയുള്ളുവെന്നും പരാതിയിൽ കുട്ടികളുടെ പേരും ഉണ്ടായിരുന്നതിനാലാണ് കേസെടുത്തതെന്നും പൊലീസ് പറഞ്ഞു. ബജ്റങ്ദൾ ജില്ല കൺവീനർ യോഗേഷ് രാജാണു പശുവിനെ കശാപ്പ് ചെയ്യതെന്ന് ആരോപിച്ച് പരാതി നൽകിയത്. അക്രമത്തിനിടെ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇയാൾ ഇപ്പോൾ ഒളിവിലാണ്.

നേരത്തെ, സംസ്ഥാനത്തു നടന്ന അക്രമങ്ങൾക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഡിജിപി ഒ.പി.സിങ് പറഞ്ഞിരുന്നു. പശുക്കളെ കശാപ്പ് ചെയ്തതിനെ കുറിച്ച് ആദ്യം അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ടു പ്രത്യേക അന്വേഷണ സംഘം ഇന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പശുഹത്യയിൽ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉത്തരവിട്ടിരുന്നു.

ഗോരക്ഷകര്‍ നടത്തിയ അക്രമങ്ങളിലും സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങളിലും ദേശീയ മനുഷ്യവകാശ കമ്മിഷന്‍ യുപി പൊലീസിന് നോട്ടിസ് അയച്ചിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ബിജെപിയില്‍ നിന്നു തന്നെ സമ്മര്‍ദം ശക്തമാകുകയാണ്. സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നും ആദിത്യനാഥ് സംഘര്‍ഷപ്രദേശത്തെത്തണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍റെ ബന്ധുക്കള്‍ പ്രതിഷേധം കടുപ്പിച്ചു.

പശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് തിങ്കളാഴ്ച്ച ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങും നാട്ടുകാരനായ സുമിത് കുമാറെന്ന യുവാവും കൊല്ലപ്പെട്ടത്. ദാദ്രിയില്‍ അഖ്‍ലാഖിനെ അടിച്ചുകൊലപ്പെടുത്തിയ കേസ് അന്വേഷിച്ചിരുന്ന സുബോധ് കുമാറിനെ സംഘര്‍ഷത്തിന്‍റെ മറവില്‍ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് സഹോദരി രംഗത്തെത്തിയിരുന്നു.

related stories