Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്‍സുലിന്‍ കുത്തിവച്ചു, പ്ലാസ്റ്റിക് കൂട് മുറുക്കി; ഭാര്യയെ കൊന്നത് കൂട്ടുകാരനൊപ്പം ജീവിക്കാൻ

jessica patel and mitesh ജസീക്ക പട്ടേലും മിതേഷും (ഫയൽ ചിത്രം: ഫെയ്സ്ബുക്)

ലണ്ടന്‍ ∙ ഇന്ത്യന്‍ വംശജയായ ഫാര്‍മസിസ്റ്റ് ബ്രിട്ടനില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് കുറ്റക്കാരനാണെന്നു കോടതി.ജസീക്ക പട്ടേല്‍ എന്ന മുപ്പത്തിനാലുകാരിയെ ഭര്‍ത്താവ് മിതേഷ് പട്ടേല്‍, ഇന്‍സുലിൻ കുത്തിവച്ച ശേഷം പ്ലാസ്റ്റിക് കൂട് ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊന്നതാണെന്നാണ് കണ്ടെത്തൽ. മിതേഷിനുളള ശിക്ഷ അടുത്ത ദിവസം പ്രഖ്യാപിക്കും.

മാഞ്ചസ്റ്ററില്‍ പഠനത്തിനിടെ കണ്ടുമുട്ടി പ്രണയവിവാഹിതരായ ഇരുവരും ഒന്നിച്ച് വടക്കൻ ഇംഗ്ലണ്ടിലെ മിഡില്‍സ്ബറോയില്‍ ഫാര്‍മസി നടത്തുകയായിരുന്നു. കഴിഞ്ഞ മാസമാണ് കേസില്‍ കോടതി വാദം കേട്ടു തുടങ്ങിയത്.

സ്വവര്‍ഗാനുരാഗിയായിരുന്ന മിതേഷ് ഡേറ്റിങ് ആപ്പിലൂടെ കണ്ടെത്തിയ കൂട്ടുകാരൻ ഡോ. അമിത് പട്ടേലിനൊപ്പം പുതുജീവിതം തുടങ്ങുന്നതിനാണ്  ഭാര്യയെ കൊലപ്പെടുത്തിയതെന്നും ജൂറി വ്യക്തമാക്കി. 

jessica patel and mitesh ജസീക്ക പട്ടേലും മിതേഷും (ഫയൽ ചിത്രം: ഫെയ്സ്ബുക്)

മിഡില്‍സ്ബറോയിലെ വീട്ടിലാണ് ഈ വർഷം മേയ് 14 ന് ഫാര്‍മസിസ്റ്റായ ജസീക്കയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പങ്കില്ലെന്നും വീട്ടില്‍ തിരിച്ചെത്തിയപ്പോൾ ഭാര്യയെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയതെന്നും മിതേഷ് ആദ്യം വാദിച്ചെങ്കിലും തുടര്‍ അന്വേഷണത്തില്‍ അറസ്റ്റിലാവുകയായിരുന്നു.

ജസീക്കയുടെ മരണത്തിനു ശേഷം രണ്ടു ദശലക്ഷം പൗണ്ടിന്റെ ഇന്‍ഷുറന്‍സ് തുക കൈക്കലാക്കി കൂട്ടുകാരനൊപ്പം ഓസ്‌ട്രേലിയയിലേക്കു കടക്കാനായിരുന്നു മിതേഷിന്റെ പദ്ധതിയെന്നു കോടതി കണ്ടെത്തി.

സ്വവര്‍ഗാനുരാഗികളുടെ സൈറ്റായ ‘ഗ്രിന്‍ഡറി’ലൂടെയാണ് മിതേഷ്, ഡോ. അമിത് പട്ടേല്‍ എന്ന സുഹൃത്തിനെ കണ്ടെത്തിയത്. ഇവര്‍ തമ്മിലുള്ള ബന്ധം ശക്തമായതോടെ ഭാര്യയെ ഒഴിവാക്കാനുള്ള വഴികള്‍ തേടി.

'ഭാര്യയെ കൊല്ലണം', 'ഇന്‍സുലിന്‍ അമിതഡോസ്', 'ഭാര്യയെ കൊല്ലാനുള്ള വഴികള്‍', 'യുകെയിലെ വാടകക്കൊലയാളി' തുടങ്ങി നിരവധി കാര്യങ്ങളാണു പിന്നീട് മിതേഷ് ഇന്റര്‍നെറ്റില്‍ തിരഞ്ഞതെന്നു അന്വേഷണ സംഘം കണ്ടെത്തി.

‘അവളുടെ ദിനങ്ങള്‍ എണ്ണപ്പെട്ടു’വെന്ന് മിതേഷ് 2015 ജൂലൈയില്‍ തന്നെ ഡോ. അമിതിനോടു പറഞ്ഞിരുന്നു. വീട്ടില്‍ ജസീക്കയെ കെട്ടിയിട്ട ശേഷം ഇന്‍സുലിൻ അമിതമായി കുത്തിവച്ചു. പിന്നീട് ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നു ലഭിച്ച പ്ലാസ്റ്റിക് കൂട് അവരുടെ കഴുത്തില്‍ കുടുക്കി ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി.

സ്വവര്‍ഗാനുരാഗിയായ മിതേഷ് 'പ്രിന്‍സ്' എന്ന അപരനാമത്തിലാണ് ആപ്പുകള്‍ വഴി സുഹൃത്തുക്കളുമായി ചാറ്റ് ചെയ്തിരുന്നത്. ഫാര്‍മസിയില്‍ ഭാര്യയുടെയും മറ്റു ജീവനക്കാരുടെയും സാന്നിധ്യത്തില്‍ തന്നെ ഇയാള്‍ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്തിരുന്നു. മിതേഷിന്റെ വഴിവിട്ട ബന്ധങ്ങള്‍ ജീവനക്കാര്‍ക്കു പലര്‍ക്കും അറിയാമായിരുന്നുവെന്നു ജൂറി പറഞ്ഞു.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.