Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വന്യജീവികൾക്കു ഭീഷണിയെന്നു വനംവകുപ്പ്; ശബരിമലയിൽ ബിസ്കറ്റിനു നിരോധനം

Sabarimala ശബരിമല

ശബരിമല∙ തീർഥാടകരെ കഷ്ടത്തിലാക്കി ശബരിമലയിലും പരിസരത്തും ബിസ്കറ്റിനു നിരോധനം. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ കടകളിൽ ബിസ്കറ്റ് വിൽക്കുന്നതു വനം വന്യജീവി വകുപ്പ് നിരോധിച്ചു. പ്ലാസ്റ്റിക് ചേർന്ന കവറുകളിലാണ്  ബിസ്കറ്റ് പായ്ക് ചെയ്തു വരുന്നതെന്നും ഇതു വന്യജീവികളുടെ ജീവനു ഭീഷണിയാണെന്നും ചൂണ്ട‌ിക്കാട്ടിയാണു നിരോധനം. ഇതിനു പുറമേ പ്ലാസ്റ്റിക് ചേരുവയോടു കൂടിയ കവറുകളിൽ പായ്ക്കു ചെയ്തുവരുന്ന ശീതളപാനിയങ്ങൾ, പേസ്റ്റ്, വെളിച്ചെണ്ണ എന്നിവയുടെ വിൽപനയും തടഞ്ഞു.

തീർഥാടകരിൽ നല്ലൊരുഭാഗവും യാത്രയിൽ ലഘുഭക്ഷണമായി ബിസ്കറ്റാണു കഴിച്ചുവന്നത്. ബദൽ സംവിധാനങ്ങൾ ഒന്നും ഏർപ്പെടുത്താതെയാണു നിരോധനം. കടകളിൽ കുപ്പിവെളള വിൽപന ഇതുപോലെയാണു തടഞ്ഞത്. മലകയറ്റത്തിനിടെ ദാഹിച്ചു വലയുമ്പോൾ കുപ്പിവെള്ളമായിരുന്നു അയ്യപ്പന്മാരുടെ ആശ്രയം. 3 വർഷം മുൻപ് പെട്ടെന്നായിരുന്നു കുപ്പിവെള്ളം നിരോധിച്ചത്. ദേവസ്വം ബോർഡും ജല അതോറിറ്റിയും ബദൽസംവിധാനം ഒരുക്കിയ ശേഷം കഴിഞ്ഞ വർഷം മുതലാണ് ഇതിന്റെ ബുദ്ധിമുട്ടു മാറിയത്.

യുവതീപ്രവേശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും തീർഥാടകരുടെ തിരക്കു കുറഞ്ഞതും കാരണം ഇത്തവണ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ കടകൾ ലേലത്തിൽ പോയില്ല. 4 മാസം മുൻപ് ലേലം പിടിച്ച കടക്കാർ നഷ്ടം കാരണം കട ഉപേക്ഷിക്കാനും തയാറായി. ലേലം ചെയ്യുന്ന സമയത്ത് ബിസ്കറ്റ് വിൽക്കരുതെന്നു ദേവസ്വം പറഞ്ഞിരുന്നില്ല. ഇപ്പോഴാണു ബിസ്കറ്റ് വിൽപനയ്ക്കു നിയന്ത്രണം കൊണ്ടുവന്നത്.

ബാലാലയ പ്രതിഷ്ഠ

ദേവപ്രശ്ന പരിഹാരക്രിയയുടെ ഭാഗമായി മഹാഗണപതി ഹോമം നടക്കുന്ന മണ്ഡപത്തിലെ ഗണപതി വിഗ്രഹത്തിന്റെ ബാലാലയ പ്രതിഷ്ഠ 12ന് സന്നിധാനത്തു നടക്കും. 12ന് രാവിലെ 5നും 5.45നും മധ്യേ തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിലാണു ബാലാലയ പ്രതിഷ്ഠ.

സന്നിധാനത്തു നടന്ന ദേവപ്രശ്നത്തിൽ മഹാഗണപതി ഹോമം നടക്കുന്ന മണ്ഡപത്തിലെ ഗണപതി വിഗ്രഹത്തിനു ചൈതന്യം വർധിച്ചതായും ഉചിതമായ സ്ഥാനം കണ്ടെത്തി പ്രതിഷ്ഠിക്കണമെന്നും തെളിഞ്ഞിരുന്നു. മാളികപ്പുറത്താണ് ഇതിനുള്ള സ്ഥാനം കണ്ടെത്തിയത്.