Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിപണി വിൽപന സമ്മർദത്തിൽ; ആർബിഐ പോളിസിയിൽ പ്രതീക്ഷവച്ച് നിക്ഷേപകർ

Stock-Market

കൊച്ചി∙ രാജ്യാന്തര ഓഹരി വിപണി സൂചികകളുടെ ഇടിവിന്റെ ചുവടു പിടിച്ച് ഇന്ത്യൻ വിപണി തുടക്കം മുതൽ തന്നെ വിൽപന സമ്മർദത്തിൽ. അമേരിക്കയിലെ ഡൗജോൺസ് 800 പോയിന്റ് ഇടിവ് രേഖപ്പെടുത്തിയപ്പോൾ അമേരിക്കൻ വിപണികൾ മൂന്നു ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഏഷ്യൻ വിപണികളിലും ഇടിവ് പ്രവണത പ്രകടമാണ്. ഹോങ്കോങ് വിപണി ഒന്നര ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോൾ മറ്റ് എല്ലാ വിപണികളും ഒരു ശതമാനത്തിൽ താഴെ മാത്രം ഇടിവ് പ്രകടമാക്കുന്നു. ഏഷ്യൻ വിപണി ഓപ്പണിങ്ങിലെ ഇടിവിനു ശേഷം നേരിയ തിരിച്ചു വരവ് നടത്തുന്നത് ആശ്വാസകരമാണ്. ആരംഭത്തിലെ ഇടിവിനു ശേഷം ശക്തമായ വിൽപന പ്രകടമാക്കിയിട്ടില്ല എന്നത് ഇന്ത്യൻ വിപണിക്കും പ്രതീക്ഷ നൽകുന്നു.

ആർബിഐ യോഗ തീരുമാനം പുറത്തു വരുന്നത് ഇന്ത്യൻ ഓഹരി വിപണിയെ എങ്ങനെ ബാധിക്കും എന്നറിയാൻ കാത്തിരിക്കുകയാണ് നിക്ഷേപകർ. പലിശ നിലവിൽ കാര്യമായ വ്യതിയാനം ഉണ്ടാകില്ല എന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. യുഎസ് ഫെഡറൽ പലിശനിരക്ക് വർധിപ്പിക്കില്ല എന്ന പ്രഖ്യാപനം ആർബിഐക്ക് അനുകൂലമായതിനാൽ നിരക്ക് മാറ്റേണ്ട സാഹചര്യമുണ്ടാകില്ല. കഴിഞ്ഞ ആർബിഐ പോളിസിക്കു ശേഷം ക്രൂഡ് ഓയിൽ വില 30% ഇടിവ് രേഖപ്പെടുത്തിയതും അനുകൂല ഘടകമായി വിലയിരുത്തുന്നു.

എന്നാൽ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ ഇടിവ് സൂചനയുടെ കണക്കുകളാണ് പുറത്തു വരുന്നത്. എന്നിരുന്നാലും ആർബിഐ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യത ഇല്ലെന്നു തന്നെയാണ് വിലയിരുത്തൽ. ആർബിഐ അടുത്തവർഷത്തെ പണപ്പെരുപ്പ ലക്ഷ്യം ഗണ്യമായി കുറയ്ക്കാൻ സാധ്യതയുണ്ട്. 2019ൽ ഔട്ട്ലുക്ക് നാലു ശതമാനത്തിനു താഴെയായി മാറ്റിയേക്കും. അതോടൊപ്പം ബാങ്കിങ് മേഖല നേരിടുന്ന ലിക്വിഡിറ്റി ക്രൈസിസ് കുറയ്ക്കുന്നതിനായി നടപടി ഉണ്ടാകുമോ എന്നും വിപണി ഉറ്റുനോക്കുന്നുണ്ട്.

എണ്ണ ഉൽപാദന രാജ്യങ്ങളുടെ യോഗ തീരുമാനം വ്യാഴാഴ്ച വരും. അതോടൊപ്പം തിരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള എക്സിറ്റ് പോൾ ഫലം വെള്ളിയാഴ്ച പുറത്തുവരാനിരിക്കുന്നു. എന്നിരുന്നാലും വിപണി ഈ ഒരു നിലയിൽ കൺസോളിഡേറ്റ് ചെയ്യാനാണ് സാധ്യത. ഇന്ന് ഐടി സ്റ്റോക്കുകളിൽ നേരിയ മുന്നേറ്റം ഉണ്ടായിട്ടുണ്ടെങ്കിലും ഓവറോൾ മാർക്കറ്റ് റേറ്റ് നെഗറ്റീവായാണ് തുടരുന്നത്.

നിഫ്റ്റി 10778 സപ്പോർട് ലഭിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് വിലയിരുത്തുന്നു. മുകളിലോട്ട് 10806ന് മുകളിൽ 10874ആയിരിക്കും പ്രധാന റെസിസ്റ്റൻസ്. ഇന്നലെ 10869.50ൽ ക്ലോസ് ചെയ്ത നിഫ്റ്റി ഇന്ന് 10820.45ലാണ് വ്യാപാരം ആരംഭിച്ചത്. ഇന്നലെ 36134.31ൽ കഴിഞ്ഞ ദിവസം ക്ലോസ് ചെയ്ത സെൻസെക്സാകട്ടെ 36035.65ലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.