Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാധ്യമവിലക്കിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി

Niyamasabha

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിലെയും പൊതുവേദികളിലെയും മാധ്യമ വിലക്ക് സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷത്തുനിന്നു കെ.സി. ജോസഫാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ടുള്ള പത്രസമ്മേളനംപോലും ഒഴിവാക്കിയെന്നും കെ.സി. ജോസഫ് പറഞ്ഞു.

മാധ്യമങ്ങള്‍ക്കു സര്‍ക്കാര്‍ ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ലെന്നു മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി ഇ.പി. ജയരാജന്‍ മറുപടി നല്‍കി. മാധ്യമപ്രവര്‍ത്തനത്തിനു കൂടുതല്‍ ശക്തി പകരുന്നതിനും പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുമാണു നിര്‍ദേശങ്ങളിറക്കിയത്. എല്ലാ മാധ്യമങ്ങള്‍ക്കും വാര്‍ത്ത ലഭിക്കുന്നതിനാണു പുതിയ ക്രമീകരണം. വിവരം അറിയിക്കാന്‍ പിആര്‍ഡിയെയാണു ചുമതലപ്പെടുത്തിയത്.

വാര്‍ത്ത നല്‍കുന്നതിനു പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കുന്നതിന്റെ നടപടികളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. വാട്സ്ആപ്പ് വഴിയും ഇനി വാര്‍ത്തകള്‍ അറിയാന്‍ കഴിയും. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏതു സമയത്തും വാര്‍ത്തകളില്‍ പ്രതികരണം തേടി മന്ത്രിമാരെ സമീപിക്കാം. പ്രതിഷേധമുണ്ടായ സാഹചര്യത്തില്‍ ആഭ്യന്തരവകുപ്പ് ഇറക്കിയ ഉത്തരവില്‍ ഭേദഗതി വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ആഭ്യന്തരവകുപ്പിന് ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കാന്‍ എന്താണ് അധികാരമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. പിആര്‍ഡിയാണു നിര്‍ദേശങ്ങള്‍ ഇറക്കേണ്ടത്. സര്‍ക്കുലര്‍ എത്രയുംവേഗം പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

related stories