Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തന്ത്രി ദേവസ്വം ബോർഡ് ജീവനക്കാരൻ മാത്രം; ഭരണപരമായ കാര്യങ്ങളിൽ ഇടപെടരുത്: മന്ത്രി

Kadakampally-Surendran കടകംപള്ളി സുരേന്ദ്രൻ

നിലയ്ക്കൽ∙ തന്ത്രിമാർ ദേവസ്വം ബോർഡ് ജീവനക്കാർ മാത്രമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബോർഡിന് തന്ത്രിയോട് വിശദീകരണം ചോദിക്കാൻ അവകാശമുണ്ട്. ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ തന്ത്രിക്ക് അവകാശമില്ല. ശബരിമല തന്ത്രിയോടു ബോർഡ് വിശദീകരണം ചോദിച്ചതു ശരിയായ നടപടിയാണ്. ശബരിമലയിൽ നിരോധനാജ്ഞ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. സാമൂഹിക വിരുദ്ധരെ തടയുന്നതിനാണു നിരോധനാജ്ഞ. ഭക്തർക്കെതിരെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയോട് ഉപദേശം തേടിയെന്ന വെളിപ്പെടുത്തലിലാണു തന്ത്രിയോടു വിശദീകരണം ചോദിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. ശബരിമലയിൽ യുവതി പ്രവേശിച്ചാൽ നടയടക്കുന്നതു സംബന്ധിച്ച് തന്ത്രി തന്നോടു നിയമോപദേശം ചോദിച്ചിരുന്നുവെന്ന് ശ്രീധരൻപിള്ള നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു വിശദീകരണം തേടിയത്. എന്നാൽ തന്ത്രിയോട് സർക്കാർ വിശദീകരണം ചോദിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് പി.സി.ജോർജ് സഭയിൽ ചോദിച്ചിരുന്നു.

തന്ത്രിമാര്‍ സര്‍ക്കാരിന് കീഴിലല്ല ദേവസ്വം ബോര്‍ഡിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്‌. സാവകാശ ഹര്‍ജിയില്‍ ഉള്‍പ്പെടെ ദേവസ്വം ബോര്‍ഡ് സ്വതന്ത്രമായിട്ടാണ് തീരുമാനമെടുത്തതെന്നും മന്ത്രി പറഞ്ഞു. ദേവസ്വം ബോര്‍ഡ് മാനുവലില്‍ തന്ത്രിമാരുടെ അധികാരങ്ങളെക്കുറിച്ച് കൃത്യമായി പറഞ്ഞിട്ടുണ്ട്. ശാന്തിക്കാരെ പോലെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണ്ടവരാണ് തന്ത്രിമാര്‍. അവരുടെ തീരുമാനങ്ങള്‍ ദേവസ്വംബോര്‍ഡിന് വിധേയമായിട്ടായിരിക്കും. പൂജാസംബന്ധിയായ കാര്യങ്ങളില്‍ അല്ലാതെ ഭരണപരമായ കാര്യങ്ങളില്‍ തന്ത്രിമാര്‍ക്ക് തീരുമാനമെടുക്കാനാവില്ല.  ക്ഷേത്രം അടച്ചിടുന്നത് സംബന്ധിച്ച് ശബരിമലതന്ത്രി ഒരു രാഷ്ട്രീയനേതാവിന്റെ ഉപദേശം തേടിയെന്ന വാര്‍ത്തയില്‍ തന്ത്രിയോട് ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ വിശദീകരണം തേടിയിട്ടുണ്ടെന്നും  മന്ത്രി അറിയിച്ചു.

സര്‍ക്കാരിന് ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന വാശിയില്ല.  അങ്ങനെയുണ്ടായിരുന്നെങ്കില്‍ പതിനായിരക്കണക്കിന് സ്ത്രീകള്‍ കയറുമായിരുന്നു. ശബരിമലയില്‍ സ്ത്രീപ്രവേശനം വേണമെന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോയെന്നും മന്ത്രി  രാജഗോപാൽ എംഎൽഎയോട്‌ ചോദിച്ചു. കോണ്‍ഗ്രസ് വര്‍ഗീയവാദികള്‍ക്കൊപ്പം സഞ്ചരിക്കുകയാണെന്നും അവര്‍ക്ക് ഒപ്പം ഓടിയെത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്‌. വൈകിയ വേളയില്‍ എങ്കിലും തെറ്റു തിരുത്താന്‍ കോണ്‍ഗ്രസ് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമലയിലെ അന്നദാനത്തിന് ദേവസ്വം ബോര്‍ഡ് സംഘപരിവാര്‍ സംഘടനകളെ ആശ്രയിക്കുന്നുവെന്ന പ്രതിപക്ഷനേതാവിന്‍റെ ആരോപണത്തിനും ദേവസ്വംമന്ത്രി മറുപടി നല്‍കി. ശബരിമലയിലും നിലയ്ക്കലിലും പമ്പയിലും അന്നദാനം നടത്തുന്നത് ദേവസ്വം ബോര്‍ഡ് തന്നെയാണ്. അതിലേക്ക് വേണ്ട സാധനങ്ങളും സാമഗ്രികളും സംഭാവന നല്‍കുന്നത് വിവിധ സംഘടനകളും വ്യക്തികളുമാണ്. നിലവില്‍ അന്നദാനത്തിന് വേണ്ട സഹായങ്ങള്‍ നല്‍കുന്നുണ്ട്. അത് കുമ്മനം രാജശേഖരന്റെ പാര്‍ട്ടിക്കാര്‍ കൊണ്ടു വന്നാലും നമ്മള്‍ സ്വീകരിക്കും. അന്നദാനത്തിന് കൊണ്ടു വരുന്ന സാധനം വേണ്ടെന്ന്  നമുക്ക് എങ്ങനെയാണ് പറയാന്‍ സാധിക്കുക. അങ്ങനെ സഹായം വേണ്ടെന്ന് പറയാന്‍ പ്രതിപക്ഷനേതാവിന് സാധിക്കുമോയെന്നും ദേവസ്വം മന്ത്രി ചോദിച്ചു