Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമർശനം ശക്തമായി; സുബോധ്കുമാറിന്റെ കുടുംബത്തെ യോഗി ആദിത്യനാഥ് കണ്ടു

bulandshahr-subodh-kumar-family-met-yogi ഇൻസ്പെക്ടർ സുബോധ് കുമാറിന്റെ കുടുംബം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടപ്പോൾ. ചിത്രം: എഎൻഐ, ട്വിറ്റർ.

ലക്നൗ∙ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങ്ങിന്റെ കുടുംബം മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി. യുപിയിലെ ബുലന്ദ്ശഹറിലാണ് പശുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ജനക്കൂട്ടം ആക്രമണം നടത്തിയത്. ലക്നൗവിൽ മുഖ്യമന്ത്രിയുടെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഇറ്റായിൽനിന്ന് സുബോധ് കുമാറിന്റെ ഭാര്യ, രണ്ട് ആൺമക്കൾ, സഹോദരി എന്നിവരാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയത്.

സംഭവം നടന്ന് മൂന്നു ദിവസം പിന്നിട്ടിട്ടും കൊലപാതകത്തെക്കുറിച്ചു സംസാരിക്കാത്ത മുഖ്യമന്ത്രി സുരക്ഷാ യോഗത്തിൽ ഗോവധത്തിനു പിന്നിലെ കാരണം കണ്ടെത്തണമെന്ന നിലപാട് സ്വീകരിച്ചത് ഒട്ടേറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. കൊലപാതകത്തിൽ ഉൾപ്പെട്ടവർക്കുനേരെ ഭരണകൂടം മയത്തിലാണ് പെരുമാറുന്നതെന്ന് കൊല്ലപ്പെട്ട ഇൻസ്പെക്ടറുടെ കുടുംബം നേരത്തേ ആരോപിച്ചിരുന്നു. അതേസമയം, നീതി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി ഇൻസ്പെക്ടറുടെ മകൻ ശ്രേയ് പ്രതാപ് സിങ് വാർത്താ ഏജൻസിയായ എഎന്‍ഐയോട് പറഞ്ഞു.

പശുവിന്റെ അവശിഷ്ടം വനത്തിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധം നിയന്ത്രിക്കുന്നതിനിടെയാണ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങ്ങിനും സംഘത്തിനും നേർക്ക് തിങ്കളാഴ്ച ആക്രമണം ഉണ്ടായത്. കല്ലേറു നടത്തിയതിനൊപ്പം സുബോധ് കുമാറിനുനേരെ വെടിയുതിർക്കുകയും ചെയ്തു. അന്നു വൈകുന്നേരം ഗോരഖ്പുറിലെ തന്റെ വീട്ടിൽ നടന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയിൽ യോഗി ആദിത്യനാഥ് പങ്കെടുത്തതിനെയും പിറ്റേദിവസം രാവിലെ നടന്ന കബഡി മൽസരത്തിനു അതിഥിയായി പോയതിനെയും പ്രതിപക്ഷ കക്ഷികൾ നിശിതമായി വിമർശിച്ചിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരം നടന്ന സുരക്ഷാ അവലോകന യോഗത്തിൽ ഗോവധത്തിനുപിന്നിൽ പ്രവർത്തിച്ചവരെ ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നാണ് യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തെക്കുറിച്ച് മിണ്ടിയില്ല. സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമായതിനെത്തുടർന്നാണ് സുബോധ് കുമാറിന്റെ കുടുംബത്തെ കാണുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിക്കുകയായിരുന്നു.