Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ ഭരിക്കുന്നത് പാക്ക് വിരുദ്ധർ; ചർച്ചകൾ തുടങ്ങാനാകുമെന്ന് പ്രതീക്ഷ: ഇമ്രാൻ ഖാൻ

imran-khan-modi ഇമ്രാൻ ഖാൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇസ്‍ലാമബാദ്∙ ഇന്ത്യ ഭരിക്കുന്ന പാർട്ടി പാക്ക് വിരുദ്ധരാണെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ചർച്ചകൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ തള്ളിയിരുന്നു. എന്തെന്നാൽ ഇന്ത്യയിൽ തിരഞ്ഞെടുപ്പുകൾ വരാനിരിക്കുകയാണ്. അതുകൊണ്ടാണ് ഇത്തരമൊരു നടപടിയുണ്ടായതെന്നും ഒരു രാജ്യാന്തര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇമ്രാൻ ആരോപിച്ചു.

മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിന്റെ വിശദാംശങ്ങൾ അന്വേഷിക്കുന്നുണ്ട്. കേസിന് പരിഹാരം കാണുന്നതില്‍ പാക്കിസ്ഥാനും താൽപര്യമുണ്ട്. ഭീകരവാദത്തിനെതിരായ നീക്കമാണ് ഇത്. ഇന്ത്യയുമായി ചേർന്ന് വീസ ആവശ്യമില്ലാത്ത സമാധാന ഇടനാഴി അടുത്തിടെ തുറക്കുകയുണ്ടായി. തിരഞ്ഞെടുപ്പുകൾ അവസാനിക്കുമ്പോൾ ഇന്ത്യയുമായുള്ള ചർച്ചകള്‍ തുടങ്ങാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്.

പാക്കിസ്ഥാനിൽ താലിബാൻ ഭീകരർക്ക് അഭയസ്ഥാനം നല്‍കിയിട്ടില്ലെന്നും ഇമ്രാൻ ഖാൻ അവകാശപ്പെട്ടു. താലിബാൻ ഭീകരർക്ക് അഭയസ്ഥാനം ഒരുക്കുന്നത് പാക്കിസ്ഥാനാണെന്നാണ് അമേരിക്ക ആരോപിക്കുന്നത്. അധികാരത്തിലെത്തിയ ഉടന്‍ സുരക്ഷാ സേനകളിൽനിന്ന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇത്തരം കേന്ദ്രങ്ങൾ പാക്കിസ്ഥാനിൽ എവിടെയാണുള്ളതെന്നു പറഞ്ഞു തരാമോ?. ഇവിടെ അങ്ങനെയൊന്നില്ല.

2.7 ദശലക്ഷം അഫ്ഗാൻ അഭയാർഥികളാണ് പാക്കിസ്ഥാനിൽ കഴിയുന്നത്. വലിയ അഭയാർഥി ക്യാംപുകളിലാണ് അവർ ജീവിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സമാധാനമെന്നത് പാക്ക് താൽപര്യങ്ങളുടെ ഭാഗമാണ്. താലിബാൻ നേതാക്കൾക്ക് പാക്കിസ്ഥാൻ സംരക്ഷണം നൽകുന്നുവെന്ന ആരോപണം യുഎസ് ഉന്നയിക്കുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ലെന്നും ഇമ്രാൻ വ്യക്തമാക്കി.

related stories