Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെളിച്ചെണ്ണ 20% മാത്രം, ബാക്കി കൃത്രിമ എണ്ണ; വില 220: കൊള്ള ലാഭത്തിനായി കൊലച്ചതി

പരിശോധനകളെയെല്ലാം മറികടന്ന് നാളികേരത്തിന്റെ നാട്ടിലേക്ക് കൃത്രിമ എണ്ണ കലര്‍ത്തിയ വെളിച്ചെണ്ണ ഒഴുകുന്നു. പരിശോധനയില്‍ പോലും കണ്ടെത്താനാവാത്ത ഈ മായം കലര്‍ത്തി കൊള്ളലാഭത്തിനായി നടത്തുന്ന കച്ചവടച്ചതി കണ്ടെത്താന്‍ നമ്മുടെ നാട്ടില്‍ സംവിധാനങ്ങളുമില്ല. മനോരമ ന്യൂസ് ഇന്‍വെസ്റ്റിഗേഷന്‍ 'തിന്നാല്‍ തീര്‍ന്നു'.  

കിലോയ്ക്ക് 84 രൂപയുള്ള കൃത്രിമ എണ്ണ വെളിച്ചെണ്ണയില്‍ കലര്‍ത്തി വില്‍ക്കുന്നത്. കൃത്രിമ എണ്ണയില്‍ 20 ശതമാനം മാത്രം വെളിച്ചെണ്ണ കലര്‍ത്തി വില്‍ക്കുന്നതാകട്ടെ കിലോയ്ക്ക് 220 രൂപയ്ക്കും. പരിശോധിച്ചാലും കണ്ടെത്താന്‍ കഴിയാത്ത എണ്ണയാണ് വെളിച്ചെണ്ണയില്‍ ചേര്‍ക്കുന്നതെന്നാണു കച്ചവടക്കാര്‍ പറയുന്നത്. തമിഴ്‌നാട്ടിലെ കങ്കായത്താണു വ്യാജ ഭക്ഷ്യഎണ്ണ ഇത്തരത്തില്‍ ലഭിക്കുന്നത്. 

കോഴിക്കോടങ്ങാടിയിലെ വെളിച്ചെണ്ണ കച്ചവടക്കാരന്‍ എന്നു സ്വയം പരിചയപ്പെടുത്തിയാണ്  തമിഴ്‌നാട് കാങ്കയം ടൗണിലെ വ്യാജഭക്ഷ്യ എണ്ണ മൊത്തവ്യാപാരിക്കരികില്‍ മനോരമ ന്യൂസ് സംഘമെത്തിയത്. വെളിച്ചെണ്ണ കമ്പനി തുടങ്ങാന്‍ വ്യാജ എണ്ണ വേണമെന്നാവശ്യപ്പെട്ടെത്തിയ ഞങ്ങളോട് മലയാളിയുടെ ആഹാരക്രമത്തിന്റെ ഭാഗമായ വെളിച്ചെണ്ണ ബ്രാന്റുകളിലെ മായത്തെ കുറിച്ച് മൊത്തവ്യാപാരിയും മകനും വാചാലരായി.

coconut-oil

റിഫൈന്‍ഡ് ഓയില്‍ എന്ന പേരിലാണ് വ്യാജ എണ്ണയുടെ കച്ചവടം. പ്രത്യേകിച്ച് മണമോ രുചിയോ ഇല്ലാത്ത എണ്ണ. റിഫൈന്‍ഡ് ഓയിലിലേക്ക് കൊപ്ര ചിപ്‌സ് ചേര്‍ത്ത് ഇളക്കുകയോ ഇരുപത് ശതമാനം നല്ല വെളിച്ചെണ്ണ കലര്‍ത്തുകയോ ചെയ്താല്‍ യഥാര്‍ഥ വെളിച്ചെണ്ണയുടെ മണവും നിറവും കിട്ടുമത്രേ. ലാബ് പരിശോധനയില്‍ പോലും തട്ടിപ്പ് കണ്ടെത്താനാകില്ലെന്നും കച്ചവടക്കാര്‍ കട്ടായം പറഞ്ഞു.

കൊളളലാഭം മാത്രം ലക്ഷ്യമിട്ടാണ് വെളിച്ചെണ്ണ വിപണിയിലെ കച്ചവടക്കാര്‍ റിഫൈന്‍ഡ് ഓയില്‍ എന്ന വ്യാജനെ ആശ്രയിക്കുന്നത്. നല്ല വെളിച്ചെണ്ണ കിലോ ഒന്നിന് ഇരുന്നൂറ് രൂപയ്ക്ക് മുകളിലാണ് വിലയെങ്കില്‍ റിഫൈന്‍ഡ് ഓയിലിന്റെ വില എണ്‍പത്തിനാലു രൂപ മാത്രമാണ്. അതായത് വെളിച്ചെണ്ണയെന്ന പേരില്‍ പാക്ക് ചെയ്ത് റിഫൈന്‍ഡ് ഓയില്‍ വിപണിയിലിറക്കിയാല്‍ കിലോ ഒന്നിന് കിട്ടുന്ന ലാഭം നൂറ്റിയിരുപത് രൂപയിലേറെയാണ്.

വെളിച്ചെണ്ണയില്‍ മാത്രമല്ല  നല്ലെണ്ണയിലും, സൂര്യകാന്തി എണ്ണയിലും റിഫൈന്‍ഡ് ഓയില്‍ ചേര്‍ത്തുളള ഈ തട്ടിപ്പ് വ്യാപകമാണ്. കേരളത്തില്‍ പ്രചാരത്തിലുളള ഏറിയ പങ്ക് പാക്കറ്റ് എണ്ണയിലും ഈ കൃത്രിമം നടക്കുന്നുണ്ടെന്നും കച്ചവടക്കാരന്‍ വെളിപ്പെടുത്തി.

വെളിച്ചെണ്ണയിലെ കൃത്രിമത്തിന്റെ പിന്നിലെ കളളക്കളികളുടെ ഒരു തുമ്പു മാത്രമാണ് ഈ വാര്‍ത്തയിലൂടെ പ്രേക്ഷകര്‍ കണ്ടത്. സംസ്ഥാനത്തേക്കുളള വ്യാജ എണ്ണ കടത്തിന്റെയും കച്ചവടത്തിന്റെയും ഞെട്ടിക്കുന്ന ഉളളുകളികള്‍ ഇനിയുമുണ്ട് അറിയാന്‍ .അതേ പറ്റി നാളെ.