Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രിമാര്‍ വരുമ്പോൾ പ്രശ്ന സാധ്യത: നിരോധനാജ്ഞയ്ക്ക് പുതിയ വാദവുമായി പൊലീസ്

ടി.കെ. രാജപ്പൻ
View from Sannidhanam Sabarimala ശബരിമല ക്ഷേത്രത്തിൽ ഭക്തരുടെ തിരക്ക് (ഫയൽ ചിത്രം)

പത്തനംതിട്ട∙ശബരിമലയിൽ നിരോധനാജ്ഞ നീട്ടാൻ ഇത്തവണ പൊലീസും ജില്ലാഭരണകൂടവും കണ്ടെത്തിയതു പുതിയ കാരണങ്ങൾ. പ്രതിഷേധക്കാരെ നിയന്ത്രിച്ചു ദർശനത്തിനെത്തുന്ന തീർഥാടകർക്കു സുരക്ഷിതത്വം ഉറപ്പാക്കാൻ നിരോധനാജ്ഞ നീട്ടുന്നതായാണ് ഇതിനു മുൻപ് പറഞ്ഞിരുന്നത്. എന്നാൽ ഇത്തവണ പുതിയ കാരണമാണ് പൊലീസ് അവതരിപ്പിച്ചത്.

യുവതീപ്രവേശത്തിനെതിരെയുളള സംഘടനകൾ മുഖ്യമന്ത്രിയേയും മറ്റു മന്ത്രിമാരെയും വഴിയിൽ തടയുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ മന്ത്രിമാരുടെ ശബരിമല സന്ദർശന വേളയിൽ ക്രമസമാധാന പ്രശ്നം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നിരോധനാജ്ഞ നീട്ടണമെന്നാണ് ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ ജില്ലാ കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പ്രധാനമായും പറഞ്ഞിട്ടുള്ളത്.

അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ഇവിടെ പ്രതിഷേധക്കാർ ഏതുസമയത്തും നുഴഞ്ഞുകയറി അക്രമം നടത്താൻ സാധ്യതയുളളതിനാൽ ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്നു ജില്ലാ പൊലീസ് മേധാവി നിർദേശിച്ചിട്ടുണ്ട്. ഇതനുസരിച്ചാണ് 12ന് അർധരാത്രി വരെ നിരോധനാജ്ഞ നീട്ടിയത്. മകരവിളക്കു കഴിയും വരെ നിരോധനാജ്ഞ നീട്ടി കൊണ്ടുപോകാനാണു സർക്കാർ നീക്കം. ഇതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളൊന്നും സർക്കാർ കാര്യമായി എടുത്തിട്ടില്ല.

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 3 യുഡിഎഫ് എംഎൽഎമാർ നിയമസഭാ കവാടത്തിൽ നടത്തുന്ന സമരം ഒത്തുതീർക്കാനുളള ശ്രമം സർക്കാർ സ്വീകരിച്ചിട്ടില്ല. അതുപോലെ നിരോധനാജ്ഞയ്ക്കെതിരെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ സെക്രട്ടേറിയേറ്റ് പടിയ്ക്കൽ നടത്തുന്ന ഉപവാസവും തുടരുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിട്ടും അവസാനിപ്പിയ്ക്കാനുള്ള നടപടി ഉണ്ടായിട്ടില്ല. യുഡിഎഫ് എംഎൽഎമാരുടെ സമരം ഒത്തുതീർക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു പ്രവർത്തകർ തിരുവനന്തപുരത്തു നടത്തിയ മാർച്ച് ലാത്തിച്ചാർജിലാണ് അവസാനിച്ചത്.