Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേട്ടം നിലനിർത്താൻ വിയർത്ത് നിഫ്റ്റിയും സെൻസെക്സും; പ്രതീക്ഷയോടെ വരുംദിനങ്ങൾ

stock-market പ്രതീകാത്മക ചിത്രം

കൊച്ചി∙ അർജന്റീനയിൽ നടന്ന ജി20, വിയന്നയിൽ നടന്ന ഒപെക് യോഗങ്ങളിലേയ്ക്കു നോക്കി വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി കഴിഞ്ഞയാഴ്ച  വ്യാപാരം തുടങ്ങിയതു തന്നെ കുറഞ്ഞ നിരക്കുമായിട്ടായിരുന്നു. 8.2% പ്രതീക്ഷിച്ചിരുന്ന ജിഡിപി വളർച്ചാ നിരക്ക് 7.1 %  മാത്രമാണുണ്ടായത്. മുൻ ആഴ്ചയിലെ  നേട്ടം നിലനിർത്താൻ നിഫ്റ്റിയും സെൻസെക്സും വിയർക്കുന്നതാണ് കഴിഞ്ഞയാഴ്ച കണ്ടത്. അതേ സമയം ഈ ആഴ്ചയിൽ മികച്ച നിലവാരം കൈവരിക്കാനുള്ള സാഹചര്യങ്ങൾ പൊതുവെ ഒരുങ്ങി വരുന്നതായി ബഡ്ഡിങ് പോർട്ഫോളിയോ ഇന്‍വെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ വിലയിരുത്തുന്നു.

യുഎസ്– ചൈന വ്യാപാരയുദ്ധം

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തെ വഷളാക്കുന്നതൊന്നും ജി-20 വേദിയിൽ നിന്നും ഉണ്ടാകാതിരുന്നതു പൊതുവെ വിപണിക്കു ഗുണകരമായി. 90 ദിവസങ്ങൾക്കുള്ളിൽ ചൈനയുമായുള്ള ട്രേഡ് താരിഫ് പ്രശ്നങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് ട്രംപ് ആവർത്തിച്ചു പറഞ്ഞതിനെ വിപണി പ്രതീക്ഷയോടെയാണു കാണുന്നത്. അമേരിക്ക തുടർന്ന് ചൈനയുടെയോ മറ്റു രാജ്യങ്ങളുടെ മേലോ ട്രേഡ് താരിഫ് പ്രഖ്യാപിച്ചേക്കില്ല എന്ന സന്ദേശമാണ് ഇതിലൂടെ വിപണിക്ക് ലഭിക്കുന്നത്.

എന്നാൽ മാർക് മോബിയുസിനെ പോലുള്ള വിദഗ്ദരുടെ അഭിപ്രായപ്രകാരം അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം ആറു മാസങ്ങൾക്കുള്ളിൽ ഏറ്റവും മോശമായ അവസ്ഥയിൽ എത്തുമത്രെ. ഇത് ഇന്ത്യൻ വിപണിക്കു വളരെ ഗുണകരമാകുമെന്നു കണക്കാക്കുന്നുണ്ട്. അതേസമയം, സമാധാന പ്രഖ്യാപനങ്ങൾ ഉണ്ടായ അന്നുതന്നെ ചൈനീസ് കമ്പനിയായ വാവേയുടെ മേധാവിയുടെ മകളെ തടങ്കലിൽ ആക്കിയ നടപടി, അമേരിക്കയുടെ വാക്കുകളും പ്രവർത്തികളും ഒത്തു പോകില്ല എന്ന സന്ദേശമാണു വിപണിക്ക് നൽകുന്നത്. 

അമേരിക്കൻ ഫെഡറൽ പലിശ നിരക്ക്

യുഎസ് ഫെഡ് റിസേർവ് മേധാവി ജെറോം പവൽ, ഈ വർഷം അവസാനിക്കും മുമ്പേ അമേരിക്ക ഫെഡ് റേറ്റ് ഉയർത്തും എന്നാണു പറഞ്ഞു വച്ചിരിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ അത‌ു വിപണിക്കു ക്ഷീണമാകും. ഡിസംബർ 19ലെ ഫെഡ് മീറ്റിങ്ങിലെ പ്രഖ്യാപനം വരെ വിപണി ഊഹാപോഹങ്ങളിൽ തന്നെ മുന്നോട്ടു പോകേണ്ടിവരും. 

ബോണ്ട്  വരുമാനം

പത്തു വർഷത്തെ ബോണ്ട്  വരുമാനം 6 ബിപിഎസ് പോയിന്റുകൾ കുറഞ്ഞതു വിപണിക്കു പൊതുവെ ഗുണകരമല്ല എങ്കിലും പൊതു മേഖലാ ബാങ്കുകൾക്ക് നേട്ടമായി.

വിയന്നയിൽ ചേർന്ന ഒപെക് യോഗം

ഒപെക്കിന്റെ വിശദമായ റിപ്പോർട്ട് വരുന്നതും കാത്തിരിക്കുകയാണു വിപണി. സൗദിയുടെ ഊർജകാര്യ മന്ത്രിയുടെ, ‘എണ്ണ ഉത്പാദനം ദിവസേന പത്തു ലക്ഷം  ബാരൽ കണ്ട് കുറയ്ക്കണം’ എന്ന പ്രഖ്യാപനം വിപണിക്കു കൂടുതൽ ഊർജം നൽകി. ദിവസേന പതിനഞ്ചു ലക്ഷം മുതൽ ഇരുപതു ലക്ഷം ബാരൽ വരെ ഉത്പാദനം ഒപെക് രാജ്യങ്ങൾ കുറച്ചേക്കും എന്ന ഭയത്തിലായിരുന്നു വിപണി. ഇതേ തുടർന്ന് ലണ്ടനിൽ ക്രൂഡ് വില ബാരലിന് 59 ഡോളറായി കുറഞ്ഞിട്ടുണ്ട് . ഇന്ത്യക്കും മറ്റു വികസ്വര -ഏഷ്യൻ വിപണികൾക്കും ഇതു വളരെ അനുകൂലമായ സാഹചര്യം പ്രദാനം ചെയ്യും എന്നു വിലയിരുത്തുന്നു.

റിസർവ് ബാങ്ക് പോളിസി

ഡിസംബർ അഞ്ചിന് നടന്ന യോഗത്തിൽ റിസർവ് ബാങ്ക് പലിശ നിരക്ക് 6.5 ശതമാനമായി നിലനിർത്തിയതോടൊപ്പം സിആർആറും 4 ശതമാനമായി തന്നെ നിലനിർത്തിയത് ഓഹരി വിപണി പ്രതീക്ഷിച്ചതു തന്നെയായിരുന്നു. എന്നാൽ റിസർവ് ബാങ്കിന്റെ സാമ്പത്തിക സൂചികാ ലക്ഷ്യങ്ങൾ അതിശയിപ്പിക്കുന്നതാണ്. പണപ്പെരുപ്പം 3.9- 4 .5 ശതമാനത്തിൽ നിന്നു 2.7 മുതൽ 3.2ശതമാനമായി അടുത്ത പാദത്തിലേക്കു പുതുക്കി നിശ്ചയിച്ചിരിക്കുന്നു. എന്നാൽ ജിഡിപി വളർച്ചാ നിരക്ക് 2019 രണ്ടാം പാദത്തിൽ 7.2 മുതൽ 7.3 ശതമാനമായും 2019 വർഷത്തേക്ക് 7.4 ശതമാനവും ആയിത്തന്നെ പ്രതീക്ഷിക്കുന്നു. ഇതു യാഥാർഥ്യത്തോട് അടുത്തു നിൽക്കുന്നതാണ്.

കാർഷിക കയറ്റുമതി നയം

കേന്ദ്ര ഗവണ്മെന്റ് ആദ്യമായി അവതരിപ്പിച്ച കാർഷികോൽപന്ന കയറ്റുമതി നയപ്രകാരം കയറ്റുമതി 2022 ൽ 30 ബില്യന്‍ ഡോളറിൽ നിന്നും 60 ബില്യൻ ഡോളറായി ഇരട്ടി വർധനവാണു ലക്ഷ്യമിടുന്നത്. ഇതു കർഷകരുടെ വരുമാനം വർധിപ്പിക്കുകയും കൃഷിയുമായി ബന്ധപെട്ടു നിൽക്കുന്ന ഓഹരികൾക്കു നേട്ടമാവുകയും ചെയ്യും.

ലോഹ വിപണി

മെറ്റൽ സെക്ടറിലെ ഓഹരികളെല്ലാം വ്യക്തമായ നഷ്ടം നേരിട്ടു കഴിഞ്ഞു. മെറ്റൽ സൂചിക ഈ വർഷത്തെ (52 ആഴ്ച) ഏറ്റവും താഴ്ന്ന നിലയിലാണു സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ താഴ്ന്ന നിലയിൽ ഉള്ള നല്ല ലോഹ ഓഹരികളിലേക്കു കൂടുതൽ വാങ്ങൽ വന്നേക്കാനും അത് മെറ്റൽ സൂചികയെ പിടിച്ചു കയറ്റാനുമുള്ള സാധ്യത കാണുന്നുണ്ട്. ജിൻഡാൽ സ്റ്റീൽ, ഹിൻഡാൽകോ എന്നിവ ഈ നിരക്കിൽ നിക്ഷേപകരുടെ ശ്രദ്ധ ആകർഷിക്കാൻ പോന്ന ഓഹരികളാണ്. 

കുറയുന്ന എണ്ണ വില

എണ്ണ വിലയിലെ ഇടിവ് വിപണിക്കു പൊതുവെ ഗുണമാണ്. എണ്ണയുടെ കാര്യത്തിൽ വിപണി ഭയന്നിരുന്നതു സംഭവിച്ചില്ല എന്ന കാരണത്താൽ സൂചികകൾ  മുന്നോട്ടു  തന്നെ സഞ്ചരിച്ചേക്കാം. എണ്ണ വില ഇടിവു പണപ്പെരുപ്പത്തോതിനെയും നിയന്ത്രിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഈ പശ്ചാത്തലത്തിലാണ്‌ റിസർവ്  ബാങ്ക് അടുത്ത പാദത്തിലോട്ടുള്ള പണപ്പെരുപ്പത്തോത് കുറച്ചു നിശ്ചയിച്ചത്.

എണ്ണ വില കുറയുന്നതു വിമാന മേഖലയ്ക്കും (ഇൻഡിഗോ) ടയർ, വാഹന സിമെൻറ്, പ്ലാസ്റ്റിക് നിർമാണ മേഖലകൾക്കും ഓയിൽ കമ്പനി സ്റ്റോക്കുകൾക്ക് അതിവേഗ വളർച്ച പ്രധാനം ചെയ്യുന്നതാണ്.

എക്സിറ്റ് പോൾ ഫലങ്ങൾ

അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പ് കഴിഞ്ഞു. എക്സിറ്റ് പോളിൽ അതിശയിപ്പിക്കുന്നതായി ഒന്നും തന്നെയില്ല. മാധ്യമങ്ങൾ നിഗമനങ്ങളിൽ എക്സിറ്റ് പോൾ ഫലങ്ങൾ മുൻപേ പറഞ്ഞിരുന്നു എന്നു മാത്രം മനസ്സിലായി. ഇനി പതിനൊന്നാം തീയതി വരെ കാത്തിരിക്കാം. യഥാർഥ ഫലങ്ങൾ  കേന്ദ്രത്തിലെ ഭരണകക്ഷിക്ക് അനുകൂലമല്ലെങ്കിലും വിപണി തകർന്നു പോകുമെന്നു കരുതേണ്ടതില്ല. എന്നാൽ ഭരണകക്ഷിക്ക് ഒരിടത്തെങ്കിലും അനുകൂലമാകുകയോ മുഖ്യമന്ത്രി സ്ഥാനം ലഭിക്കുകയോ ചെയ്താൽ അതു ഭരണത്തുടർച്ചയുടെ ലക്ഷണമായി വിലയിരുത്തപ്പെട്ടു വിപണി മുന്നേറ്റത്തിനു  കാരണമായേക്കാം. പ്രതിപക്ഷത്തിനു വ്യക്തമായ മേധാവിത്തം വരുന്നതും തൂക്കു സഭകൾ ഇല്ലാതാവുന്നതും വിപണിയെ ശക്തിപ്പെടുത്തും. വിപണി കാത്തിരിക്കുന്നതു ശക്തമായ ഒറ്റ കക്ഷി ഭരണമാണ്.

ഓർത്തിരിക്കാൻ

∙ ഡിസംബർ 11ന് ചൊവ്വാഴ്ച അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം വരും

∙ ഡിസംബർ 12ന് പണപ്പെരുപ്പ തോത്  വിവരങ്ങൾ ലഭ്യമാകും

∙ ഡിസംബർ 14ന് റിസർവ് ബാങ്ക് ബോർഡ് മീറ്റിങ്

∙ ഡിസംബർ 15ന് മുൻകൂർ ടാക്സ് വിവരങ്ങൾ

∙ ഡിസംബർ 19ന് യുഎസ് ഫെഡ് മീറ്റിങ്

മികച്ച ഓഹരികളും സെക്ടറുകളും

വിമാന ഇന്ധന വില 11 ശതമാനം കുറച്ചതു വിമാന കമ്പനികൾക്കു ദീർഘകാല നേട്ടം സമ്മാനിച്ചു. ഇൻഡിഗോ, സ്പൈസ് ആൻഡ് ജെറ്റ് പോർട്ട് ഫോളിയോകൾ ഈയാഴ്ച പരിഗണിക്കാവുന്നതാണ്. വരാനിരിക്കുന്ന വിവാഹ സീസണും ഉത്സവ ദിനങ്ങളും പരിഗണിച്ചാൽ ടൈറ്റൻ ഒരു സ്മാർട്ട് പിക്ക് ആയിരിക്കുമെന്നാണു വിലയിരുത്തൽ. സർക്കാർ രാസവള സബ്‌സിഡികൾ മാർച്ചിൽ കൊടുത്തു തീർക്കുമെന്നു പ്രഖ്യാപിച്ചത് ഈ മേഖലയിലുള്ള ഓഹരികൾക്ക് കുതിപ്പേകും. വിജയ് മല്യയ്ക്കു തിരിച്ചടവു നടത്താനുള്ള അനുമതി കൊടുത്താൽ അത് സ്റ്റേറ്റ് ബാങ്ക് ഓഹരിക്കു നേട്ടമായിരിക്കും. മികച്ച വിപണി വിഹിതം നേടിയ മാരുതി, മഹീന്ദ്ര, എസ്കോർട്സ് എന്നിവയുടെ ഓഹരികളും നേട്ടമുണ്ടാക്കിയേക്കാം. ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്, ടാറ്റ പവർ എന്നിവ ദീർഘകാല അടിസ്ഥാനത്തിൽ ലാഭകരമായേക്കുമെന്നും വിലയിരുത്തുന്നു.