Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രിക്കസേരയിൽ മോദിയെ പിന്നിലാക്കി; നാലാമങ്കത്തിൽ പക്ഷേ വീഴ്ച

Raman Singh with Yogi Adityanath രമണ്‍ സിങ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം

ബിജെപിയിൽ മാറ്റാർക്കുമില്ലാത്ത ഒരു ഖ്യാതിയോടെയാണ് രമൺ സിങ് എന്ന കിങ്മേക്കർ ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്- ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിലിരുന്ന മുഖ്യമന്ത്രി. 13 വർഷം തുടർച്ചയായി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെയാണ് 15 വർഷത്തെ അധികാരത്തുടർച്ചയോടെ രമൺസിങ് പിന്നിലാക്കിയത്. നാലാം തവണയും അധികാരത്തിലെത്താമെന്ന രമൺ സിങ്ങിന്റെ സ്വപ്നത്തിന് പക്ഷേ, ഛത്തീസ്ഗഡ് ജനത ശക്തമായ തിരിച്ചടി നൽകി; കോൺഗ്രസിന്‍റെ കണക്കൂട്ടലുകളെപ്പോലും അടിതെറ്റിക്കുന്ന ഭൂരിപക്ഷം നൽകിക്കൊണ്ട്. ബിജെപിയെ സംബന്ധിച്ചിടത്തോളം അക്ഷരാർഥത്തിൽ ഏറ്റവും വലിയ ഷോക്ക് ട്രീറ്റ്മെന്‍റാണ് ഛത്തീസ്ഗഡ് ജനത നൽകിയത്. രമൺസിങ്ങിന്‍റെ അപ്രമാദിത്വത്തിനേറ്റ കനത്ത പ്രഹരം കൂടിയായി ജനവിധി

രമൺ സിങ് എന്ന ഒറ്റയാൾപ്പട്ടാളത്തെ ചുറ്റിപ്പറ്റിയായിരുന്നു സംസ്ഥാനത്തെ ബിജെപിയുടെ തിരഞ്ഞെടുപ്പു ചക്രം തിരിഞ്ഞിരുന്നത്. നാലാം തവണയും അധികാരത്തിലെത്തുക എന്ന ലക്ഷ്യത്തോടെ, വ്യക്തമായ പദ്ധതികളോടെയായിരുന്നു രമൺ സിങ് ഇത്തവണ ജനത്തെ അഭിമുഖീകരിച്ചത്. രാജസ്ഥാനും മധ്യപ്രദേശുമായി താരതമ്യം ചെയ്യുമ്പോൾ അത്ര ശക്തമല്ലാത്ത ഭരണവിരുദ്ധ തരംഗം നിലവിലില്ലാത്ത സംസ്ഥാനമായാണ് ഛത്തീസ്ഗഡിനെ ബിജെപി നേതൃത്വം വിലയിരുത്തിയിരുന്നത്. ഇഞ്ചോടിഞ്ചു പോരാട്ടം എന്ന വിലയിരുത്തലുകളോടു യോജിക്കുമ്പോഴും പതിവുശൈലിയിൽ നേരിയ വ്യത്യാസത്തിനു ജയിച്ചുകയറുന്ന രമൺസിങ് മാജിക്ക് ഇത്തവണയും ആവർത്തിക്കുമെന്ന വിശ്വാസത്തിലായിരുന്നു ബിജെപി നേതൃത്വം.

വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തിൽ രമൺസിങ് പോലും പിന്നിലായി എന്നത് ഛത്തീസ്ഗഡിൽ‌ അലയടിച്ച ബിജെപി വിരുദ്ധ തംരഗത്തിന്‍റെ ആഴം വ്യക്തമാക്കുന്നു, 2003 ൽ ബിജെപി പോലും വലിയ പ്രതീക്ഷ വച്ചുപുലർത്താതിരുന്ന തിരഞ്ഞെടുപ്പിൽ അജിത് ജോഗിയെ വീഴ്ത്തി തുടങ്ങിയ രമൺ സിങ് തെരഞ്ഞെടുപ്പു ഗോദയിൽ നേരിട്ട ഏറ്റവും വലിയ അഗ്നി പരീക്ഷയായിരുന്നു ഇത്തവണത്തേത്. വികസനമെന്ന മന്ത്രം മുൻ നിർത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അവകാശപ്പെടുമ്പോഴും കർഷക പ്രശ്നങ്ങളുൾപ്പെടെയുള്ള അടിസ്ഥാന കാര്യങ്ങളിൽ ബിജെപിക്കും രമൺസിങ്ങിനും പലപ്പോഴും മറുപടിയുണ്ടായിരുന്നില്ല, ഗ്രാമീണ മേഖലയിലെ കർഷകരുടെ ഈ ഭരണവിരുദ്ധ അടിയൊഴുക്ക് തടയാൻ അവസാന നിമിഷം രമൺസിങ് നടത്തിയ വാഗ്ദാന പെരുമഴകളും ഫലം കണ്ടില്ലെന്നാണ് തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്.

പൊതുവിതരണ സംവിധാനത്തിലെ അഴിമതിയെപ്പറ്റി കോൺഗ്രസ് ഉയർത്തിയ ആരോപണങ്ങളും രമൺസിങ്ങിന്‍റെ പ്രതിച്ഛായക്കു സാരമായ പരുക്കേൽപ്പിച്ചു. ദലിത് വോട്ടർമാർക്കിടയിൽ ഉടലെടുത്ത ബിജെപി വിരുദ്ധ തരംഗവും രമൺസിങ്ങിനു കനത്ത തിരിച്ചടിയായി. ഇതിലെല്ലാമുപരി, കോൺഗ്രസിനു വലിയ തോതിലുള്ള ചലനങ്ങൾ സൃഷ്ടിക്കാനാകില്ലെന്ന അമിതമായ ആത്മവിശ്വാസത്തിലായിരുന്നു മുഖ്യമന്ത്രിയും ബിജെപി നേതൃത്വവും. ബിഎസ്പി – അജിത് ജോഗി സഖ്യം നേടുന്ന വോട്ടുകൾ കോൺഗ്രസിനെ വീഴ്ത്തുമെന്ന കണക്കുകൂട്ടലും പാളിയതോടെ തിരഞ്ഞെടുപ്പു രംഗത്ത് ആദ്യമായി വലിയ തോൽവിയേറ്റു വാങ്ങാൻ രമൺസിങ് നിർബന്ധിതനായി.

2019 ലെ പൊതുതിരഞ്ഞെടുപ്പിൽ‌ ഈ തോൽവിയിൽ നിന്നു കരകയറി മെച്ചപ്പെട്ട പ്രകടനം നടത്തുക എന്നതായിരിക്കും ബിജെപിയുടെ ഇനിയുള്ള ലക്ഷ്യം. അത്ര എളുപ്പമല്ലാത്ത ഈ പാതയിൽ രമൺസിങ്ങിന് എത്രത്തോളം വിജയിക്കാനാകുമെന്നത് ബിജെപിക്കും അദ്ദേഹത്തിനും ഒരുപോലെ നിർണായകമാകും. കനത്ത പരാജയം ഏറ്റുവാങ്ങാൻ നിർബന്ധതിനായതോടെ പാർട്ടിക്കകത്തുനിന്നു ഭിന്നസ്വരങ്ങൾ രമൺസിങ്ങിനെ വേട്ടയാടാനുള്ള സാധ്യതയും കൂടുതലാണ്. നാലു തവണ തുടർച്ചയായി അധികാരത്തിലെത്തുന്ന, രാജ്യത്തെ തന്നെ ആറാമത്തെ മുഖ്യമന്ത്രിയാകാമെന്ന രമൺസിങ്ങിന്‍റെ കണക്കുകൂട്ടലുകളാണ് ജനവിധിയിൽ ഒലിച്ചുപോയത്.