Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ സി.എൻ. ബാലകൃഷ്ണൻ അന്തരിച്ചു

cn-balakrishnan സി.എൻ.ബാലകൃഷ്ണൻ

തൃശൂർ ∙ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും കെപിസിസി മുൻ ട്രഷററും ഒന്നര പതിറ്റാണ്ടിലേറെ ഡിസിസി പ്രസിഡന്റുമായിരുന്ന സി.എൻ.ബാലകൃഷ്ണൻ (85) അന്തരിച്ചു. രാത്രി പതിനൊന്നോടെ കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം.

കോൺഗ്രസ്സിലെ കരുത്തിന്റെ മുഖമായിരുന്ന ബാലകൃഷ്ണൻ, കെ. കരുണാകന്റെ വലംകയ്യായി ഐ ഗ്രൂപ്പിനു നേതൃത്വം നൽകി. ഖാദി പ്രസ്ഥാനത്തിലൂടെയാണു പാർട്ടിയിലെത്തിയത്. 2011 ൽ 76–ാമത്തെ വയസിൽ നിയമസഭയിലേക്ക് നടത്തിയ കന്നിയങ്കത്തിൽ വടക്കഞ്ചേരിയിൽനിന്നു നിയമസഭയിൽ എത്തിയ അദ്ദേഹം സഹകരണമന്ത്രിയായി. മുൻ അധ്യാപികയും ഖാദി പ്രവർത്തകയുമായ തങ്കമണിയാണു ഭാര്യ. മക്കൾ: ഗീത വിജയൻ, മിനി ബലറാം.

തൃശൂർ ഡിസിസി ഓഫിസ് പ്രവർത്തിക്കുന്ന കെ. കരുണാകരൻ സപ്തതി മന്ദിരം, തിരുവനന്തപുരത്തെ കെപിസിസി മന്ദിരം, സഹകരണ ഭവൻ, അവിണിശ്ശേരി വി. ആർ. കൃഷ്ണൻ എഴുത്തച്ഛൻ സ്മാരക മന്ദിരം, ചാലക്കുടി പനമ്പിള്ളി ഗോവിന്ദ മേനോൻ ഗവേഷണ കേന്ദ്രം, ഒല്ലൂർ പി.ആർ ഫ്രാൻസിസ് സ്മാരകം തുടങ്ങിയവയൊക്കെ സി.എൻ ബാലകൃഷ്ണന്റെ നേതൃത്വ മികവിന്റെ സ്മാരകങ്ങളാണ്. കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റും ഗ്രന്ഥശാലാ സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ജില്ലാ സഹകരണബാങ്ക് പ്രസിഡന്റുമായിരുന്നു.

മിൽമ രൂപീകരിച്ചപ്പോൾ സ്വന്തം സംഘം മിൽമയ്ക്കു വിട്ടുകൊടുക്കുകയായിരുന്നു, ജില്ലാ പാൽ സഹകരണ സംഘം പ്രസിഡന്റായിരുന്ന സിഎൻ. മുതുവറ ചെമ്മങ്ങാട്ടു വളപ്പിൽ നാരായണന്റെയും പാറുവമ്മയുടെയും മകനാണ്. പുറനാട്ടുകര ശ്രീരാമകൃഷണ ആശ്രമം സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഇന്ത്യ സ്വതന്ത്രയാകുന്നതിനു തലേന്ന് മുതുവറ ഗ്രാമത്തിൽ നടത്തിയ പ്രകടനത്തിൽ അധ്യാപകരോടൊപ്പം വിദ്യാർഥിയായ ബാലകൃഷ്ണനും പങ്കെടുത്തിരുന്നു.

സ്കൂൾ വിദ്യാർഥിയായിരിക്കെ വിനോബാജിയുടെ ഭൂദാനയജ്ഞത്തിൽ ഇക്കണ്ടവാരിയർക്കൊപ്പം പങ്കെടുത്തുകൊണ്ടാണ് സിഎൻ പൊതുപ്രവർത്തനത്തിലേക്കു കടന്നുവരുന്നത്. ഒരുവർഷത്തെ പരിശീലന പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ഖാദി പ്രസ്ഥാനത്തിലും സജീവമായി. പിന്നീട് ഖാദിയുടെ അവിണിശേരി കേന്ദ്രത്തിൽ പരിശീലകനായി ജോലി ലഭിച്ചു.

തൃശൂർ, എറണാകുളം ജില്ലകളിൽ ഖാദി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം ഖാദി ഗ്രാമോദ്യോഗ് അസിസ്റ്റന്റ് മാനേജർ, മാനേജർ നിലകളിൽ 15 വർഷത്തോളം സേവനമനുഷ്ടിച്ചു. തിരഞ്ഞെടുപ്പിലൂടെ ഖാദി ബോർഡ് അംഗമായ അദ്ദേഹം ദീർഘകാലം ബോർഡിന്റെ പ്രസിഡന്റുമായിരുന്നു.