Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതു സാധാരണക്കാരുടെ വിജയം; ഇന്ത്യയിൽനിന്ന് ആരെയും ഓടിക്കാൻ കോൺഗ്രസ്സില്ല: രാഹുൽ

rahul-gandhi-speaks പാർട്ടി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.

ന്യൂഡൽഹി∙ വിവിധ സംസ്ഥാന നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിലെ വിജയം കോൺഗ്രസിന്റെ ഉത്തരവാദിത്തം വർധിപ്പിക്കുന്നതായി പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതു കർഷകരുടെയും സാധാരണക്കാരുടെയും വിജയമാണ്. യുവജനങ്ങളും കർഷകരും ചെറുകിട വ്യാപാരികളുമാണ് കോൺഗ്രസിന്റെ വിജയത്തിനു പിന്നിൽ. പാർട്ടിക്കു വോട്ടു ചെയ്ത എല്ലാവർക്കും നന്ദി. ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കാൻ പരിശ്രമിക്കുമെന്നും രാഹുൽ വ്യക്തമാക്കി.

അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ നേടിയ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തിൽ ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുമ്പോഴാണ് രാഹുൽ നിലപാടു വ്യക്തമാക്കിയത്. ഛത്തീസ്ഗഡിൽ വർഷങ്ങൾ നീണ്ട ബിജെപി ഭരണത്തിനു വിരാമമിട്ട് കോൺഗ്രസ് വീണ്ടും ഭരണം പിടിച്ചിരുന്നു. രാജസ്ഥാനിലും ഭരണം ഉറപ്പിച്ച കോൺഗ്രസ്, മധ്യപ്രദേശിൽ ഭരണം പിടിക്കാൻ ബിജെപിയുമായി ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്.

∙ വിജയിച്ച എതിരാളികൾക്കും അഭിനന്ദനം

അതേസമയം, കോൺഗ്രസിനെ പിന്തള്ളി ഭരണം പിടിച്ച മിസോറമിലെ എംഎൻഎഫിനെയും തെലങ്കാനയിലെ തെലങ്കാല രാഷ്ട്ര സമിതിയെയും രാഹുൽ അഭിനന്ദിച്ചു. ഒരു പതിറ്റാണ്ടിലധികം നീണ്ട കോൺഗ്രസ് ഭരണത്തിനു വിരാമമിട്ടാണ് മിസോറമിൽ എംഎൻഎഫ് ഭരണം പിടിച്ചത്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രിമാർക്കു നന്ദി പറഞ്ഞ രാഹുൽ, ഇതു മാറ്റത്തിന്റെ സമയമാണെന്നും അഭിപ്രായപ്പെട്ടു.

ഒരു ദേശീയ നേതാവിന്റെ ഉദയം– രാഹുൽ ഗാന്ധി, വിഡിയോ സ്റ്റോറി കാണാം

വെല്ലുവിളികളുടെ കാലഘട്ടത്തിൽപ്പോലും പാർട്ടിയോടും പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോടും ചേർന്നുനിന്ന പ്രവർത്തകരുടെ വിജയമാണ് ഇതെന്നും രാഹുൽ അഭിപ്രായപ്പെട്ടു. വിജയിച്ച സംസ്ഥാനങ്ങളിൽ ഒരുപാടു ജോലികൾ ചെയ്തു തീർക്കാനുണ്ട്. കോൺഗ്രസിന് ഭരണം സമ്മാനിച്ച സംസ്ഥാനങ്ങൾക്കെല്ലാം അവർക്ക് അഭിമാനിക്കാൻ ഉതകുന്ന സർക്കാരുകളെ നൽകുമെന്നും രാഹുൽ വാഗ്ദാനം ചെയ്തു.

∙ മോദി തന്നെ അഴിമതിക്കാരൻ

ഈ തിരഞ്ഞെടുപ്പു ഫലങ്ങളുടെ പശ്ചാത്തലത്തിൽ 2019ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിക്കു മുന്നിൽ കടുത്ത വെല്ലുവിളി ഉയരുമെന്നും രാഹുൽ മുന്നറിയിപ്പു നൽകി. നരേന്ദ്ര മോദി സർക്കാരിന്റെ നോട്ടുനിരോധനം, ജിഎസ്ടി തുടങ്ങിയ പദ്ധതികളോടും തൊഴിലവസരങ്ങൾ സൃഷ്ടിക്കാത്ത നയങ്ങളോടും രാജ്യത്തിന് പൂർണ എതിർപ്പാണെന്നു ചൂണ്ടിക്കാട്ടിയ രാഹുൽ, ഈ തിരഞ്ഞെടുപ്പു വിജയത്തിൽ അതിയായ സന്തോഷമുണ്ടെന്നും വ്യക്തമാക്കി.

‘തൊഴിലവസരം, അഴിമതി, കർഷകർ എന്നീ മൂന്നു ഘടകങ്ങളുടെ പിന്തുണയിലാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. അഴിമതിക്കെതിരെ പടപൊരുതുന്ന പ്രധാനമന്ത്രിയായിരിക്കും മോദി എന്നായിരുന്നു വോട്ടു ചെയ്യുമ്പോൾ ജനങ്ങളുടെ മനസ്സിൽ. എന്നാൽ, മോദി തന്നെ അഴിമതിക്കാരനാണെന്നാണ് ഇപ്പോൾ ജനങ്ങളുടെ ചിന്ത.’ – രാഹുൽ പറഞ്ഞു.

∙ വോട്ടിങ് യന്ത്രങ്ങളിലെ കൃത്രിമം പ്രശ്നം തന്നെ

ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയം നേടിയെങ്കിലും വോട്ടിങ് യന്ത്രത്തിൽ തിരിമറി സാധ്യമാണെന്ന പ്രശ്നം ഇപ്പോഴും നിലനിൽക്കുന്നതായി രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. വോട്ടിങ് യന്ത്രങ്ങളിലെ ചിപ്പിൽ കൃത്രിമം കാട്ടിയാൽ ഫലത്തെ സ്വാധീനിക്കാനാകുമെന്ന ഭീഷണി ഇപ്പോഴുമുണ്ട്. വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിക്കുന്നതിൽ ജനങ്ങൾക്ക് താൽപര്യക്കുറവുണ്ടെങ്കിൽ, ആ പ്രശ്നം പരിഹരിക്കണമെന്നും രാഹുൽ അഭിപ്രായപ്പെട്ടു.

ജനവിധി മധ്യത്തിൽ പകുത്ത് മധ്യപ്രദേശ്, വിഡിയോ സ്റ്റോറി കാണാം

അതേസമയം, ബാലറ്റ് ഉപയോഗിച്ചുള്ള വോട്ടെടുപ്പിൽ ഇത്തരം ഇടപെടലുകൾ അസാധ്യമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതേ പ്രതിസന്ധിയെ അഭിമുഖീകരിച്ചതാണ്. ഒടുവിൽ അവർ വോട്ടിങ് യന്ത്രങ്ങൾ വേണ്ട എന്ന തീരുമാനത്തിലാണെത്തിയതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

∙ പോരാട്ടം ബിജെപിയുടെ പ്രത്യയശാസ്ത്രത്തിനെതിരെ

ബിജെപിക്ക് ഒരു പ്രത്യയശാസ്ത്രമുണ്ട്. ഇതിനെതിരെ നമ്മൾ പൊരുതും. ആ പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്തുകയും ചെയ്യും. ഈ തിരഞ്ഞെടുപ്പിൽ നമ്മൾ അതു സാധ്യമാക്കി. 2019ലെ പൊതുതിരഞ്ഞെടുപ്പിലും അതു തന്നെ ചെയ്യും. എങ്കിലും ഇന്ത്യയിൽനിന്ന് ആരെയും ഓടിക്കാനോ മായിക്കാനോ കോൺഗ്രസിനു താൽപര്യമില്ല.