Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് ഗ്രാമങ്ങളുടെ ഗർജനം; 2019 ൽ ചർച്ച ചെയ്യപ്പെടുക കൃഷിയും പരിസ്‌ഥിതിയും

വർഗീസ് സി. തോമസ്
Modi-Spade

ഇടക്കാല തിരഞ്ഞെടുപ്പിലെ ഫലം ഒരു കാര്യം വ്യക്‌തമാക്കുന്നു. പാവപ്പെട്ട കർഷകരെയും സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന പരിസ്‌ഥിതിയെയും മറന്ന് ആർക്കും മുന്നോട്ടുപോകാനാവില്ല. ഛത്തീസ്‌ഗഡ് (90), തെലങ്കാന (119), മധ്യപ്രദേശ് (230),  മിസോറം (40), രാജസ്‌ഥാൻ (200) എന്നിങ്ങനെ 679 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന നടന്ന തിരഞ്ഞടുപ്പ് 2019 മധ്യത്തിൽ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചെറിയൊരു റിഹേഴ്‌സലായിരുന്നു. 

പരിസ്‌ഥിതിയെയും മണ്ണിനെയും സ്നേഹിച്ച്  അതിൽ പണിയെടുത്ത് അന്നം വിളയിച്ച് രാജ്യത്തെ തീറ്റിപ്പോറ്റുന്ന പട്ടിണിപ്പാവങ്ങളായ കർഷകരുടെകൂടി രാജ്യമാണ് ഭാരതമെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു. കൃഷിയും ജലവുമായിരുന്നു രണ്ടു സംസ്‌ഥാനങ്ങളിൽ ഈ തിരഞ്ഞെടുപ്പിലെ വിഷയമെങ്കിൽ മറ്റിടങ്ങളിലെ ചർച്ച മുഴുവൻ വനസംരക്ഷണം, ആദിവാസികളുടെ നിലനിൽപ്പ്, അവകാശങ്ങൾ, ഖനനം എന്നിവയെ ചുറ്റിപ്പറ്റിയായിരുന്നു. മുംബൈയും ഡൽഹിയും മൂന്നു കർഷക സമരങ്ങൾക്ക് സാക്ഷ്യം വഹിച്ച വർഷമാണ് കടന്നുപോകുന്നത്.

‘കൈ’വിട്ട് കോൺഗ്രസ്, വിഡിയോ സ്റ്റോറി കാണാം

2014 ലെ ദേശീയ തിരഞ്ഞെടുപ്പിൽ നഗരവോട്ടർമാർ സ്വപ്നം കണ്ട വികസിത ഇന്ത്യയെപ്പറ്റിയുള്ള  സാധ്യതകളായിരുന്നു ചർച്ച ചെയ്തത്. ഈ സ്ഥാനത്ത്  2019 ൽ കൃഷിയും പരിസ്‌ഥിതിയുമാകും ചർച്ച ചെയ്യപ്പെടുക. ഛത്തീസ്‌ഗഡിലെ കോർബ, മധ്യപ്രദേശിലെ സിങ്ക്രോളി എന്നിവ കൽക്കരി താപനിലയങ്ങൾക്ക് കേൾവികേട്ട സ്‌ഥലങ്ങളാണ്. ഇവിടെനിന്നുള്ള വൈദ്യുതി രാജ്യത്തിന്റെ പട്ടണങ്ങളെ പ്രകാശപൂരിതമാക്കുമ്പോൾ ഈ താപനിലയങ്ങളും അവ സൃഷ്‌ടിക്കുന്ന പരിസ്‌ഥിതി പ്രശ്‌നങ്ങളുംമൂലം ഈ പ്രദേശത്തുള്ള സാധാരണക്കാരുടെയും കർഷകരുടെയും ജീവിതത്തിൽ ഇരുട്ടുനിറച്ച കാര്യം എല്ലാവരും മറന്നു. ഛത്തീസ്ഡഗിലെ ജനം നടത്തിയ ഓർമപ്പെടുത്തലായി തിരഞ്ഞെടുപ്പു ഫലം. 

നല്ല തോതിൽ കൽക്കരി കിട്ടുന്നുവെന്നു പറഞ്ഞാൽ ഭൂമിക്കു മുകളിൽ നല്ല വനങ്ങളും ജലവും മണ്ണും നിലനിൽക്കുന്നു എന്നും അവിടെ ആദിവാസികളും കർഷകരുമൊക്കെ അവരുടെ അതിജീവനമാർഗം കണ്ടെത്തുന്നു എന്നുമാണ്. ഖനനം തുടങ്ങുന്നതോടെ ഇവരെല്ലാം അവിടെനിന്നു പടിയിറക്കപ്പെടുകയും വികസനത്തിന്റെ അഭയാർഥികളായി മാറുകയും ചെയ്യുന്നു. 1996 ലെ സംരക്ഷിത ഗോത്രമേഖലാ പഞ്ചായത്ത് വിപുലീകരണ ആക്‌ട് (പെസ), 2006 ലെ വനാവകാശ നിയമം എന്നിവ വനവാസികൾക്ക് വനവിഭവങ്ങളുടെ മേൽ അവകാശം ഉറപ്പാക്കുമ്പോഴും അവയെല്ലാം വാണിജ്യതാൽപര്യങ്ങൾക്കു മുമ്പിൽ തോറ്റുപോകുന്ന കാഴ്‌ചയാണ് രാജ്യത്ത് ഇപ്പോഴുള്ളത്. എല്ലാ നിയമങ്ങളും ദുർബലമാക്കുന്ന വകുപ്പായി പരിസ്ഥിതി കാലാവസ്ഥാമാറ്റ വകുപ്പ് മാറി. വ്യവസായികൾക്കായി ഏതു നിയമത്തിലും വെള്ളം ചേർത്തപ്പോൾ കർഷകനും അവന്റെ മണ്ണും നിലനിൽപ്പിനായി കേഴുന്ന സ്ഥിതിയായി. 

രാജസ്ഥാനില്‍ രാജകീയമായി കോൺഗ്രസ്, വിഡിയോ സ്റ്റോറി കാണാം

 ബസ്‌തർ മേഖലയിലെ ചില ആദിവാസി വിഭാഗങ്ങൾ രാഷ്‌ട്രീയപാർട്ടികളെ അകറ്റി സ്വന്തം നിലയിൽ മൽസരിച്ചത് ഇതിന്റെ പ്രതിഫലനമായിരുന്നു. നാലിൽ മൂന്ന് തൊഴിൽ അവസരവും കാർഷിക മേഖലയിൽ നിന്നുയർന്നു വരുന്ന ഇന്ത്യയുടെ ഹൃദയമായ മധ്യപ്രദേശിൽ കൃഷി നിരന്തരമായ അവഗണനയിൽ മുരടിച്ചു നിൽക്കുകയാണ്. പ്രതിപക്ഷമായ കോൺഗ്രസിനെ പിന്തുണച്ച് ഈ പ്രതിസന്ധിയിൽനിന്നു കരകയറാൻ ശ്രമിക്കയാണ് ഇവിടെ കർഷകർ. 

മിസോറമിലും കാർഷിക പ്രതിസന്ധിയുടെ നിഴലിലായിരുന്നു  വോട്ടെടുപ്പ്. ആവർത്തന കൃഷിരീതി നടപ്പിലാക്കാനുള്ള സർക്കാർ നീക്കത്തിൽ കർഷകർ പ്രതിഷേധത്തിലാണ്. തലസ്‌ഥാനമായ ഐസോളിനെ ചുറ്റിയൊഴുകുന്ന ചിറ്റ് ലൂ നദിയുടെ പരിതാപകരമായ അവസ്‌ഥയാണ് നിലവിലുള്ള സർക്കാരിനെതിരെ ചിന്തിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്‌ഥാനം വെട്ടിമുറിച്ചാണ് 18 വർഷം മുമ്പ് റായ്‌പൂർ തലസ്‌ഥാനമാക്കി ഛത്തീസ്‌ഗഡ് രൂപീകരിക്കുന്നത്. 2014 ൽ ആന്ധ്ര കീറിമുറിച്ച് തെലങ്കാനയും സൃഷ്‌ടിച്ചു. 

ഇന്നും അടിസ്‌ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തത ഛത്തീസ്‌ഡഗിനെ വേട്ടയാടുന്നു. ആന്ധ്രയിലെ പ്രധാന നദികളായ കൃഷ്‌ണയും ഗോദാവരിയും തെലങ്കാനയിലൂടെയാണ് ഉൽഭവിച്ച്  ഒഴുകുന്നതെങ്കിലും  പ്രധാന ഡാമുകളെല്ലാം ആന്ധ്രപ്രദേശിലാണ്. അർധമരുഭൂസമാനമായ ഡെക്കാൻ പീഠഭൂമിയുടെ വരണ്ട മണ്ണ് ദാഹജലത്തിനായി കേഴുമ്പോൾ ഹൈദരബാദിന് ഏത് തിരഞ്ഞെടുപ്പും വെല്ലുവിളിയാണ്. ജലക്ഷാമം പരിഹരിക്കാൻ കലേശ്വരം ലിഫ്‌റ്റ് ജലസേചന പദ്ധതി ആവിഷ്‌കരിച്ചെങ്കിലും ഇതു സൃഷ്‌ടിക്കുന്ന പരിസ്‌ഥിതി പ്രശ്‌നങ്ങൾ തെലങ്കാനയുടെ ദാഹത്തിനുമേൽ വരൾച്ചയുടെ നിഴൽ വിരിക്കുന്നു. തലസ്‌ഥാനം കിട്ടിയെങ്കിലും ഡാമുകളെല്ലാം നഷ്‌ടപ്പെട്ട തെലങ്കാനയുടെ ദുഃഖം പരിഹരിക്കാൻ പുതിയ സർക്കാരിനു കഴിയുമോ ?

ഇന്ത്യയുടെ ആകെ വിസ്‌തൃതിയുടെ 11 ശതമാനവും നിറഞ്ഞുനിൽക്കുന്ന രാജസ്‌ഥാന് ആകെ ജലത്തിന്റെ 2 ശതമാനം മാത്രമാണ് സ്വന്തമായുള്ളത്. എന്നും ദാഹിക്കാൻ മാത്രം വിധിക്കപ്പെട്ട സംസ്‌ഥാനം. പ്രശ്‌നം പരിഹരിക്കാൻ സംസ്‌ഥാന ഭരണകൂടത്തിനു കഴിവില്ലെന്ന വിലാപമായിരുന്നു തിരഞ്ഞെടുപ്പു വേളയിൽ മുഴങ്ങിക്കേട്ടത്.

ഇത് ഫലത്തിൽ പ്രതിഫലിച്ചു. രാജ്യമെങ്ങും മണിമാളികകൾക്ക് തറയൊരുക്കുന്ന  മാർബിൾ വെട്ടിയെടുക്കുന്ന തൊഴിലാളികളുടെ വിലാപവും ഈ തിരഞ്ഞെടുപ്പിന്റെ മുഴക്കമായി. ഖനികളിലെ പൊടി ശ്വസിച്ച് ശ്വാസകോശം കട്ടിപിടിച്ച്  (സിലിക്കോസിസ്) ശ്വാസം കിട്ടാതെ മരിക്കാൻ വിധിക്കപ്പെട്ട ഖനിത്തൊഴിലാളികളുടെ പുനരധിവാസത്തിന് കാര്യമായി ഒന്നും ചെയ്യാത്ത രാജസ്‌ഥാൻ സർക്കാരിനുള്ള മുന്നറിയിപ്പായി ഈ തിരഞ്ഞെടുപ്പു ഫലം മാറി. ഇവരുടെ പ്രശ്‌നം പഠിക്കാനോ റിപ്പോർട്ട് തയാറാക്കി നടപടികൾ എടുക്കാനോ ഇവരുടെ കണക്കെടുക്കാനോ നഷ്‌ടപരിഹാരം നൽകാനോപോലും മുതിരാത്ത സർക്കാരിനെ ഒരു പാഠം പഠിപ്പിക്കണമെന്ന് ആഗ്രഹിച്ചത് സാധാരണക്കാരായ തൊഴിലാളികൾ മാത്രമല്ല, രാജസ്‌ഥാൻ ജനതയുടെ വലിയൊരു വിഭാഗം കൂടിയായിരുന്നു. 

താർ മരുഭൂമിയെയും ഇന്ത്യൻ ഭൂവിഭാഗത്തെയും വേർതിരിച്ച് പൊടിക്കാറ്റിൽനിന്നു സംരക്ഷിച്ചു നിർത്തുന്ന ആരവല്ലി കുന്നുകളുടെ സംരക്ഷണവും വലിയൊരു തിരഞ്ഞെടുപ്പു വിഷയമായിരുന്നു. പശ്‌ചിമഘട്ടത്തിന്റെ കാര്യത്തിൽ എന്നതുപോലെ വികസനത്തിനുവേണ്ടി പരിസ്‌ഥിതിയെ തച്ചുടയ്‌ക്കുക എന്ന കേന്ദ്ര–സംസ്‌ഥാന സർക്കാരുകളുടെ  നിരുത്തരവാദപരമായ നയം മൂലം ആരവല്ലി കുന്നുകളുടെ നല്ലൊരു ഭാഗം ഖനനലോബി നാമാവശേഷമാക്കിക്കഴിഞ്ഞു. കോടതി ഇടപെട്ടിട്ടും സർക്കാരിന് ഇതു കേട്ട ഭാവമില്ല. പൈപ്പുവെള്ളത്തെയും ഭൂഗർഭജലത്തെയും ആശ്രയിച്ച് രാജസ്‌ഥാന് എത്രനാൾ മുന്നോട്ടുപോകാനാവും?

പുതിയ സർക്കാരിനു മുന്നിലുള്ള വെല്ലുവിളി ജലമെന്ന അടിസ്‌ഥാന ജീവനോപാധിയല്ലാതെ മറ്റൊന്നുമല്ല. പരിസ്‌ഥിതിപ്രശ്‌നങ്ങളിൽ നടപടി എടുക്കാതെ കയ്യും കെട്ടിയിരിക്കുന്നവർ കാലാവസ്‌ഥാ മാറ്റത്തിന്റെ ഈ പുതുയുഗത്തിൽ ഭരിക്കാൻ കൊള്ളുന്നവരല്ലെന്ന് വിധിയെഴുതിയാൽ ആ ജനതയെ അഭിനന്ദിക്കാതെ തരമില്ല. തിരഞ്ഞെടുപ്പ് കാലത്ത് മാത്രം എന്തെങ്കിലും ശബ്‌ദം ലഭിക്കുന്നവരാണ് പാർശ്വവൽക്കൃത സമൂഹങ്ങൾ. എന്നാൽ തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും സുപ്രധാന പരിസ്‌ഥിതി പ്രശ്‌നങ്ങളെല്ലാം വിസ്‌മൃതമാകും. പുതിയ മുന്നണി സമവാക്യങ്ങളും കാലുമാറ്റവും കുതിരക്കച്ചവടവുമാകും ഏറെ ചർച്ച ചെയ്യപ്പെടുക. 

യൂറോപ്പിലെ ഗ്രീൻസ് പോലെയോ 2014 ലെ നാഷനൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്റ്– എഎപി കൂട്ടുകെട്ട് പോലെയോ പുതിയ കൂട്ടായ്മകൾ ഇന്ത്യയിൽ രൂപപ്പെടുന്നില്ല. ഒരുവശത്ത് പ്രകൃതി വിഭവങ്ങൾക്കു മേൽ ജനങ്ങൾക്കുള്ള അവകാശം നഷ്ടപ്പെടുന്ന സാഹചര്യം.  ജീവനോപാധികൾതന്നെ പാവങ്ങൾക്ക് നിഷേധിക്കപ്പെടുന്ന സ്ഥിതി.  മറുവശത്ത് വികസനത്തിനു വേണ്ടിയുള്ള മുറവിളി. ഇതിനിടയിൽ ഞെരിഞ്ഞമരുകയാണ് ഇന്ത്യയിലെ ഹരിത രാഷ്ട്രീയം. അമിത ചൂഷണത്തിൽ നിന്ന് പരിസ്ഥിതിയെയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കുക എന്നതാണ് ഇന്ത്യയിലെ പരിസ്ഥിതിപ്രവർത്തനം. എന്നാൽ ഇതിനൊരു രാഷ്ട്രീയമാനം നൽകാൻ പാർട്ടികൾ മടിക്കുന്നു.

ജനവിധി മധ്യത്തിൽ പകുത്ത് മധ്യപ്രദേശ്, വിഡിയോ സ്റ്റോറി കാണാം

എഴുപതുകളിൽ ഹിമാലയത്തിലെ ഗർവാൾ മേഖലയിൽ മരംവെട്ട് തടയാൻ മരത്തിൽ ചുറ്റപ്പിടിച്ച് നിന്നത് സ്ത്രീകളാണ്. ചിപ്കോ പ്രസ്ഥാനം അങ്ങനെ രൂപപ്പെട്ടു. സൈലന്റ് വാലി, നർമദ, തെഹ്‌രി, പ്ലാച്ചിമട, എൻഡോസൾഫാൻ, നിയമഗിരി, തൂത്തുക്കുടിയിലെ സ്റ്റെൽലൈറ്റ് കോപ്പർ ഫാക്ടറി മലിനീകരണ സമരം തുടങ്ങി വായുവിനും വെള്ളത്തിനും വേണ്ടിയുള്ള ജനകീയ സമരം അടിത്തറയിൽ നിന്നുള്ളതാണ്. വ്യവസായവൽക്കരണവും പൊതുമേഖലാ സ്ഥാപനങ്ങളുടെ തുടക്കവും എല്ലാം സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വികസന പ്രതീകങ്ങളായിരുന്നു. എന്നാൽ ആദിവാസിയുടെ അടിത്തറ ഇളക്കുന്ന വനമേഖലയിലെ ഖനനഭീതിയായി അത് മാറാതിരിക്കാനുള്ള ദൂരക്കാഴ്ച അന്ന് ഇല്ലാതെപോയി. അറുപതുകളിലെ ഹരിത വിപ്ലവത്തിലാണ് ഇന്നത്തെ കാർഷിക പ്രതിസന്ധിയുടെ വേരുകൾ. 

വിത്തും വളവും കീടനാശിനിയും കാർഷികോൽപ്പാദനം ആവശ്യത്തിലധികമാക്കി. കപ്പലിൽനിന്നു പാത്രത്തിലേക്ക് എന്ന സ്ഥിതിയിൽനിന്നു രാഷ്ട്രം പിടിച്ചുകയറിയെങ്കിലും ഇന്ത്യയിലെ കർഷകന് പിടിച്ചു നിൽക്കാനാവാത്ത സ്ഥിതിയിലെത്തിച്ചു കാര്യങ്ങൾ.  ജലസേചനത്തിലൂടെ കൃഷി ചെയ്ത മേഖലകൾക്കായി ഈ കാർഷിക നേട്ടം ഒതുങ്ങിയതാണ് ഇന്നത്തെ പ്രശ്നം.  മഴകൊണ്ട് കൃഷി ചെയ്യുന്ന ഇടങ്ങൾക്കും അർധ മരുഭൂമീ പ്രദേശങ്ങൾക്കും ഹരിതവിപ്ലവം വേണ്ടത്ര ഫലം ചെയ്തില്ല. മൂന്നിൽ രണ്ട് കൃഷിഭൂമിയും ഇത്തരത്തിലുള്ളതാണ്.  1992 ൽ ആഗോളവൽക്കരണത്തിലേക്ക്  വിപണി തുറന്നുകൊടുത്തതോടെ രാജ്യത്തിനു പുറത്തുനിന്നുള്ള കമ്പനികളോടും മറ്റും പോരടിക്കേണ്ട സ്ഥിതിയിലായി കർഷകർ. വികസനത്തിനുവേണ്ടി പരിസ്ഥിക്ക് വലിയ കൊടുക്കേണ്ട സ്ഥിതി വന്നു. 2014 ആയപ്പോഴേക്കും പരിസ്ഥിതിക്ക് വേണ്ടി പോരടിക്കുന്നവരെയും കർഷരെയും മറ്റും വികസന വിരോധികളും ദേശവിരുദ്ധരുമായി ചിത്രീകരിക്കുന്ന പ്രവണത കണ്ടുതുടങ്ങി. 

വികസനത്തിനു വേണ്ടി മുറവിളികൂട്ടുന്നവരുടെ വികാരപ്രകടനമായിരുന്നു 2014 ലെ തിരഞ്ഞെടുപ്പെങ്കിൽ ഈ രാജ്യത്തെ പരിസ്ഥിതി–കാർഷിക മേഖലകളുടെ ഭാവിയെപ്പറ്റിയുള്ള ആശങ്കകളാവും 2019 ലെ വിധിയെഴുത്തിൽ നിർണായകമാവുക. ശബ്ദമില്ലാത്തവർ അവരുടെ തൊണ്ട തുറക്കുന്ന മുഹൂർത്തമാണ് ഓരോ തിരഞ്ഞെടുപ്പും. ഒരു വിമലീകരണത്തിനുള്ള മുഹൂർത്തമായി ജനം ഇതിനെ കാണുന്നു. ഗ്രാമങ്ങളുടെ ഗർജനമാണ് ഈ തിരഞ്ഞെടുപ്പിൽ കേൾക്കുന്നത്. അത് ദേശങ്ങളുടെയും ഒടുവിൽ രാജ്യത്തിന്റെയും ശബ്ദമായി മാറുമോ എന്നതിലാണ് 2019 നിർണായകമാവുക. ഉള്ളിവിലയും തൂത്തുക്കുടിയിലെ വെടിവയ്പ്പും നിയമഗിരിയിലെ പരിസ്ഥിതി നിയമ ലംഘനവും ചില സൂചനകൾ മാത്രം. 

വനനിയമം, ജലനിയമം, ആദിവാസികളുടെ വനാവകാശ നിയമം  എന്നിവ പൊളിച്ചെഴുതി ഗ്രാമങ്ങളെ തീറെഴുതാനുള്ള നീക്കത്തിനെതിരായ  രോഷമായി ഇതു മാറുമോ എന്നും കണ്ടറിയണം. അതിന്റെ ആദ്യ ചുവരെഴുത്താണ് അഞ്ചു സംസ്ഥാനങ്ങളിൽ നിന്നുള്ള ഫലം.  കർഷക പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ  പാർലമെന്റിന്റെ ഒരു സമ്മേളനം നടത്തണമെന്ന് ആവശ്യപ്പെടേണ്ട സ്ഥിതി രാജ്യത്ത് സംജാതമായി. എല്ലാ പ്രതിപക്ഷ പാർട്ടികളും ഡൽഹയിലെ കർഷക മാർച്ചിനോട് അനുഭാവം പ്രകടിപ്പിച്ച് ഒപ്പം നിന്നു.  വരാൻ പോകുന്ന വലിയ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സഖ്യസൂചനയാണിതെന്നു രാഷ്ട്രീയ നിരീക്ഷകർ. 

related stories