Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡല്‍ഹിയില്‍നിന്നു ‘പറന്ന്’ രാജസ്ഥാനിലേക്ക്; കോൺഗ്രസിനെ രക്ഷിച്ച ‘പൈലറ്റ്’

ചിപ്പി സാറാ കുറിയാക്കോസ്
sachin-pilot സച്ചിൻ പൈലറ്റ് (ഫയൽ ചിത്രം)

2013ലെ തോൽവിയുടെ പടുകുഴിയിൽക്കിടന്ന കോൺഗ്രസിനെ ഡ്രൈവിങ് സീറ്റിലിരുന്നു വിജയത്തിന്റെ ഉന്നതങ്ങളിലേക്കു നയിച്ചു – സച്ചിൻ പൈലറ്റെന്ന 41കാരനെ രാജസ്ഥാന്റെയും കോൺഗ്രസിന്റെയും ചരിത്രത്തിൽ രേഖപ്പെടുത്തുന്നത് ഒരുപക്ഷേ ഇങ്ങനെയായിരിക്കും. യുവത്വത്തിന്റെ ചുറുചുറുക്കോടെ, പ്രായത്തെ വെല്ലുന്ന പക്വതയോടെ, തലമുതിർന്ന നേതാക്കളെയും പാർട്ടിവിട്ടു കൂടുമാറുന്ന രാഷ്ട്രീയ നാടകക്കാരെയും മികച്ച രീതിയിൽ കൈകാര്യം ചെയ്താണു സച്ചിൻ പൈലറ്റ് രാജസ്ഥാനിലെ രാഷ്ട്രീയ സാഹചര്യം കോൺഗ്രസിന് അനുകൂലമാക്കിയത്.

ബിജെപിക്ക് എതിരായ വിജയം കോൺഗ്രസിന് അവകാശപ്പെട്ടതുതന്നെയാണ്. എന്നാൽ വസുന്ധര രാജെ സർക്കാരിനെ മറിച്ചിട്ട് പാർട്ടിയെ തകർച്ചയിൽനിന്ന് ഉയിർത്തെഴുന്നേൽപ്പിച്ചതിന്റെ ക്രെഡിറ്റ് പക്ഷേ, സച്ചിൻ പൈലറ്റിനു നൽകണം. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ ദയനീയ പരാജയത്തിനു പിന്നാലെ കോൺഗ്രസിനെ അധികാരത്തിലെത്തിക്കാതെ ഇനി രാജസ്ഥാൻകാരുടെ അഭിമാനമായ തലപ്പാവ് ധരിക്കില്ലെന്ന പ്രതിജ്ഞ കൂടി അദ്ദേഹം അന്ന് എടുത്തിരുന്നു. തലപ്പാവ് ധരിക്കാൻ വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന സച്ചിൻ പൈലറ്റിനെ സംബന്ധിച്ച് ആ തീരുമാനം വളരെ വേദനാജനകമായിരിക്കണം. ഇപ്പോൾ അതിനും പരിഹാരമായി. രാജ്യമെങ്ങും കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപ്പിനുള്ള കാഹള ശബ്ദമാണ് ഈ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം കൊണ്ടുവരുന്നത്.

നിയമസഭയിലേക്ക് ഇതു കന്നിയങ്കം

പിസിസി പ്രസിഡന്റും മുൻ കേന്ദ്ര മന്ത്രിയുമായ സച്ചിൻ പൈലറ്റിനു നിയമസഭയിലേക്ക് ഇതു കന്നിയങ്കമാണ്. 25 ശതമാനത്തിലേറെ മുസ്‌ലിം വോട്ടർമാരുള്ള ടോങ്ക് നിയമസഭാ മണ്ഡലത്തിൽനിന്ന് 54,179 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സച്ചിൻ പൈലറ്റ് ജയിച്ചത്. സംസ്ഥാനത്ത് ബിജെപിയുടെ ഏക മുസ്‌ലിം സ്ഥാനാർഥിയായ യൂനുസ് ഖാനായിരുന്നു പ്രധാന എതിരാളി.

രാജസ്ഥാനില്‍ രാജകീയമായി കോൺഗ്രസ്, വിഡിയോ സ്റ്റോറി കാണാം

മുതിർന്ന കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായിരുന്ന അന്തരിച്ച രാജേഷ് പൈലറ്റിന്റെയും കോൺഗ്രസ് നേതാവും ലോക്സഭാഗവുമായിരുന്ന രമ പൈലറ്റിന്റെയും മകനാണ് സച്ചിൻ. രാഷ്ട്രീയത്തിലിറങ്ങും മുൻപു ബിബിസിയിലും ജനറൽ മോട്ടോഴ്സിലും ജോലി നോക്കി. 2012ൽ ടെറിറ്റോറിയൽ ആർമിയിൽ ലഫ്. പൈലറ്റായി തിരഞ്ഞെടുക്കപ്പെട്ടു. സിഖ് റജിമെന്റിലെ 124 ടിഎ ബറ്റാലിയനിൽ ലഫ്‌റ്റനന്റ് ആയി സേവനം നടത്തി. രണ്ടു തവണ ലോക്സഭാംഗമായി. അച്ഛൻ രാജേഷ് പൈലറ്റിന്റെ സീറ്റായിരുന്ന ദൗസയിൽനിന്നും അജ്മേറിൽനിന്നുമാണു സച്ചിൻ ലോക്സഭയിലെത്തിയത്. മൻമോഹൻ സിങ് മന്ത്രിസഭയിൽ കമ്പനികാര്യ മന്ത്രിയായിരുന്നു. രാഹുൽ ഗാന്ധിയുടെ വിശ്വസ്‌തനായി അറിയപ്പെടുന്ന സച്ചിൻ, 36ാം വയസിൽ പിസിസി അധ്യക്ഷനായി. ജമ്മു കശ്മീർ മുൻമുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ലയുടെ മകൾ സാറയാണു ഭാര്യ. രണ്ടു മക്കൾ.

രാജസ്ഥാനിൽ കോൺഗ്രസ് ജയിക്കുമെന്നു പ്രവചിച്ച സി ഫോർ സർവേയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കു കൂടുതൽ പേർ പിന്തുണച്ചതു സച്ചിൻ പൈലറ്റിനെയാണ്.

Rajasthan Congress Leaders കോൺഗ്രസ് നേതാക്കൾക്കൊപ്പം വിജയാഹ്ലാദം പ്രകടിപ്പിക്കുന്ന സച്ചിൻ പൈലറ്റ്.

21ൽനിന്ന് കേവല ഭൂരിപക്ഷത്തിന് അടുത്തേക്ക്

2013ൽ കോൺഗ്രസ് നേരിട്ടത് രാജസ്ഥാൻ ചരിത്രത്തിലെ ഏറ്റവും ദയനീയ തോൽവിയാണ്. ബിജെപിയുടെ ‘ഭീമാകാരമായ’ 163 എന്ന സീറ്റിനു മുന്നിൽ വെറും 21 സീറ്റുമായാണ് കോൺഗ്രസ് നിന്നത്. തുടർന്ന് രാഹുൽ ഗാന്ധി രാജസ്ഥാൻ കോൺഗ്രസ് എന്ന വിമാനം പറത്താൻ സച്ചിൻ പൈലറ്റിനെ ഏൽപ്പിച്ചു. ആ വെല്ലുവിളി സസന്തോഷം സ്വീകരിച്ച സച്ചിൻ പൈലറ്റ് തന്റെ തട്ടകം ദേശീയ രാഷ്ട്രീയത്തിൽനിന്ന് സംസ്ഥാനത്തേക്ക് പറിച്ചുനട്ടു.

നിറം മങ്ങിയതാര്, മോദിയോ യോഗിയോ?, വിഡിയോ സ്റ്റോറി കാണാം

പുതിയ വെല്ലുവിളി ഏറ്റെടുത്ത സച്ചിൻ പൈലറ്റ് രാജസ്ഥാനിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ച് ജനങ്ങളുമായി അടുത്തിടപഴകി. അഞ്ചുലക്ഷത്തോളം കിലോമീറ്ററാണ് സച്ചിൻ സഞ്ചരിച്ചത്. പാർട്ടിയെ ഏറ്റവും താഴേക്കിടയിൽനിന്ന് ഉയർത്തിയെടുക്കാനുള്ള പ്രവർത്തനങ്ങളായിരുന്നു അത്. ഉയിർത്തെഴുന്നേക്കാനുള്ള ശക്തിപോലുമില്ലെന്നു വിശ്വസിച്ചു തകർന്നുപോയ കീഴ്ഘടകങ്ങള്‍ക്ക് ആത്മവിശ്വാസം നൽകാൻ സച്ചിന്റെ യാത്രകൾക്കായി. തോളോടുതോൾ ചേർന്നു പ്രവർത്തിച്ചാണ് പാർട്ടി സച്ചിന്റെ നേതൃത്വത്തിൽ ശക്തിപ്പെടുത്തിയത്. ബിജെപി തരംഗത്തിൽ നേതാക്കളെല്ലാം കുടുവിട്ടു കൂടുമാറിയപ്പോൾ ആ തരംഗം രാജസ്ഥാനിൽ കോൺഗ്രസിലേക്കു തിരിച്ചു കൊണ്ടുവരാൻ സച്ചിനു കഴിഞ്ഞു.

മുഖ്യമന്ത്രിയാകുമോ?

നിയമസഭാ രാഷ്ട്രീയത്തിൽ കന്നിയങ്കമാണെങ്കിലും രാഷ്ട്രീയ കുടുംബത്തിലെ ജനനവും രണ്ടുതവണ ലോക്സഭാംഗമായതും സച്ചിനിലെ രാഷ്ട്രീയതന്ത്രജ്ഞതയ്ക്കു കുറവില്ലെന്നതിന്റെ തെളിവാണ്. എന്നാൽ മുതിർന്ന നേതാവായ അശോക് ഗെഹ്‌ലോട്ടിന്റെ പരിചയസമ്പന്നതയ്ക്കായിരിക്കാം കോൺഗ്രസ് നേതൃത്വം പ്രഥമ പരിഗണന നൽകുക. രാഷ്ട്രീയ ജീവിതത്തിൽ ഇനിയുമേറെ മുന്നോട്ടുപോകാനുള്ള കെൽപ് സച്ചിൻ പൈലറ്റിനുണ്ടെന്ന അഭിപ്രായമാണ് പാർട്ടി നേതാക്കൾക്കുള്ളത്. തീരുമാനം കോൺഗ്രസ് നേതൃത്വത്തിന്റേതാണ്. പക്ഷേ, രാഷ്ട്രീയത്തിൽ ഇനിയുമേറെ മുന്നോട്ടുപോകാനുള്ള കാലിബർ ഉണ്ടെന്നു തെളിയിക്കുക കൂടിയാണ് സച്ചിൻ പൈലറ്റ് ഈ മിന്നും വിജയത്തിലൂടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.