Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലുവ കൂട്ടക്കൊല: ആന്റണിക്ക് തൂക്കുകയറില്ല; ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു

Antony Aluva Murder Case ആലുവ കൊലപാതകക്കേസ് പ്രതി ആന്റണി.

ന്യൂഡൽഹി∙ ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി ആന്‍റണിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. ജസ്റ്റിസ് മദൻ ബി. ലോകൂർ അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. ആന്റണി നൽകിയ പുനഃപരിശോധനാ ഹർജിയിൽ നേരത്തേ കോടതി വധശിക്ഷ സ്റ്റേ ചെയ്തിരുന്നു. 2015 ഏപ്രിൽ 27ന് ആന്റണിയുടെ ദയാഹർജി രാഷ്ട്രപതി തള്ളിയിരുന്നു. 2010ൽ നൽകിയ ദയാഹർജി അഞ്ചുകൊല്ലത്തിനുശേഷമാണു തള്ളിയത്.

ആലുവ നഗരമധ്യത്തിൽ സെന്റ് മേരീസ് ഹൈസ്‌കൂളിനു സമീപം മാഞ്ഞൂരാൻ വീട്ടിൽ അഗസ്‌റ്റിൻ (48), ഭാര്യ മേരി (42), മക്കളായ ദിവ്യ (14), ജെസ്‌മോൻ (12), അഗസ്‌റ്റിന്റെ മാതാവ് ക്ലാര (78), സഹോദരി കൊച്ചുറാണി (38) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണു സിബിഐ കേസ്. 2001 ജനുവരി ആറിന് അർധരാത്രിയായിരുന്നു സംഭവം. പ്രതിയായ ആന്റണിക്കു സിബിഐ പ്രത്യേക കോടതി 2005 ഫെബ്രുവരി രണ്ടിനാണു വധശിക്ഷ വിധിച്ചത്. 2006 സെപ്‌റ്റംബർ 18ന് ഈ ഉത്തരവു ഹൈക്കോടതി ശരിവച്ചു. ഇതിനെതിരെ ആന്റണി നൽകിയ ഹർജിയിൽ 2006 നവംബർ 13നു ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി സ്‌റ്റേ ചെയ്‌തിരുന്നു. 2009ൽ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു.

റെയിൽവേ സ്‌റ്റേഷൻ റോഡിൽ പ്രവർത്തിച്ചിരുന്ന മാഞ്ഞൂരാൻ ഹാർഡ്‌വെയേഴ്‌സ് ഉടമയായിരുന്നു മരിച്ച അഗസ്‌റ്റിൻ. അഗസ്‌റ്റിന്റെ അകന്ന ബന്ധുവും കുടുംബസുഹൃത്തുമായിരുന്നു ആന്റണി. വിദേശത്തു ജോലിക്കു പോകാൻ പണം നൽകാതിരുന്നതിലുള്ള വിരോധം മൂലം രാത്രി സെക്കൻഡ് ഷോ കഴിഞ്ഞെത്തിയ കുടുംബാംഗങ്ങളെ ആന്റണി വീട്ടിൽ പതിയിരുന്ന് ഒറ്റയ്‌ക്കു വകവരുത്തിയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.

ഒട്ടേറെ ഊഹാപോഹങ്ങൾക്കും കെട്ടുകഥകൾക്കും വഴിയൊരുക്കിയ കേസ് ആദ്യം ലോക്കൽ പൊലീസും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ചു. ഒടുവിൽ ഹൈക്കോടതി നിർദേശപ്രകാരം സിബിഐയും അന്വേഷണം നടത്തി. എല്ലാ അന്വേഷണങ്ങളും അവസാനിച്ചത് ആന്റണിയെന്ന ഒരേയൊരു പ്രതിയിലാണ്. കൂട്ടക്കൊല നടന്ന വീട് കേസ് തീർന്നശേഷം പൊലീസ് പൊളിച്ചുനീക്കി. ഇവിടെ സാമൂഹിക വിരുദ്ധർ തമ്പടിച്ചപ്പോൾ സമീപവാസികളുടെ പരാതിയെ തുടർന്നായിരുന്നു പൊലീസ് ഇടപെടൽ.

related stories