Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രെക്സിറ്റ്: തെരേസ മേയ്ക്കെതിരെ പാർട്ടിക്കകത്ത് അവിശ്വാസം; പാസായാല്‍ രാജി

theresa-may തെരേസ മേ

ലണ്ടൻ∙ വിവാദമായ ബ്രെക്സിറ്റ് ഇടപാടിൽ എതിർപ്പു ശക്തമായതിനുപിന്നാലെ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരെ കൺസർവേറ്റീവ് പാർട്ടിക്കകത്ത് അവിശ്വാസം. അവിശ്വാസത്തിൽ പരാജയപ്പെട്ടാൽ മേയ്ക്ക് സ്ഥാനമൊഴിയേണ്ടി വരും. കൺസർവേറ്റീവ് പാർട്ടിയുടെ 48 അംഗങ്ങളാണ് മേയ്ക്കെതിരെ അവിശ്വാസത്തിനു കത്തു നൽകിയത്.

യൂറോപ്യൻ യൂണിയനിൽനിന്ന് വിട്ടുപോകുന്നതിനുള്ള ബ്രിട്ടന്റെ ഹിതപരിശോധനാഫലം പുറത്തുവന്നതിനുപിന്നാലെയാണ് മേ പ്രധാനമന്ത്രിയായത്. യൂറോപ്യൻ യൂണിയനിൽനിന്നു വിട്ടുപോരാൻ ബ്രെക്സിറ്റ് പദ്ധതിക്കായി മേ ഒട്ടനവധി വിട്ടുവീഴ്ചകൾ ചെയ്തെന്നാണു പാർട്ടിയിൽ ഉയരുന്ന വിമർശനം. പ്രധാനമന്ത്രിയിൽ വിശ്വാസം നഷ്ടപ്പെട്ടെന്നു സഹപ്രവർത്തകർ സൂചിപ്പിച്ചതായി ബ്രിട്ടിഷ് മാധ്യമമായ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ സമയം ബുധനാഴ്ച രാത്രി 11.30നും വ്യാഴം പുലർച്ചെ 1.30നും ഇടയിലാണു വോട്ടെടുപ്പ്. ഇതു പൂർത്തിയായാലുടൻ വോട്ടെണ്ണൽ ആരംഭിക്കും. ഫലം പിന്നാലെതന്നെ പ്രഖ്യാപിക്കും. 158 എംപിമാരുടെ പിന്തുണയുണ്ടെങ്കിലേ മേയ്ക്ക് അവിശ്വാസത്തിൽനിന്നു രക്ഷപ്പെടാനാകൂ. ഇതോടെ ഒരു വർഷത്തേക്കു മേയ്ക്കെതിരെ അവിശ്വാസം ഉന്നയിക്കാനാകില്ല. 

യൂറോപ്യൻ യൂണിയൻ (ഇയു) വിടാനുള്ള ബ്രെക്സിറ്റ് കരാർ നടപ്പാക്കണമോയെന്ന കാര്യത്തിൽ ബ്രിട്ടിഷ് പാർലമെന്റിൽ കഴിഞ്ഞ ദിവസം നടത്താനിരുന്ന വോട്ടെടുപ്പ് തെരേസ മേ ഇടപെട്ടു മാറ്റിവച്ചിരുന്നു. ഭരണപക്ഷത്തുനിന്നു തന്നെ ശക്തമായ എതിർപ്പുയരുകയും വോട്ടെടുപ്പിൽ പരാജയപ്പെടുമെന്ന് ഏതാണ്ട് ഉറപ്പാകുകയും ചെയ്തതോടെയാണ് ഈ തീരുമാനം. ഭരണപക്ഷമായ കൺസർവേറ്റിവ് പാർട്ടിയിലെ (ടോറി) നൂറോളം എംപിമാർ കരാറിനെതിരാണെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്ന് ഉപദേശകരും മന്ത്രിമാരും പ്രധാനമന്ത്രിയോടു കൂറു പുലർത്തുന്ന എംപിമാരും വോട്ടെടുപ്പ്  വൈകിക്കാൻ ആവശ്യപ്പെടുകയായിരുന്നു.