Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ മതില്‍ സാലറി ചാലഞ്ചിനു സമാനം: ഉത്തരവ് പിന്‍വലിക്കണമെന്നു രമേശ് ചെന്നിത്തല

Ramesh Chennithala

തിരുവനന്തപുരം∙ ജനുവരി ഒന്നിന്  സംഘടിപ്പിക്കാനുദ്ദേശിക്കുന്ന വനിതാ മതിലിന് സര്‍ക്കാര്‍ സംവിധാനങ്ങളും, പൊതു ഖജനാവില്‍ നിന്നുള്ള പണവും ഉപയോഗിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. 

നാടിന്റെ നവോത്ഥാന മുന്നേറ്റത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ വിഭാഗങ്ങളെ ഒഴിച്ച് നിര്‍ത്തി ഏതാനും ചില മത സാമുദായിക വിഭാഗങ്ങളെ മാത്രം ക്ഷണിച്ച് വരുത്തി സംഘടിപ്പിക്കുന്ന വനിത മതില്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ മാത്രമെ സഹായിക്കൂവെന്ന്ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു. മാത്രമല്ല ഇന്ത്യന്‍ ഭരണഘടനയുടെ 27-ാം വകുപ്പിന്റെ നഗ്‌നമായ ലംഘനവും, ഇന്ത്യയുടെ മതേതര മൂല്യങ്ങള്‍ക്കെതിരെയുളള വെല്ലുവിളിയുമാണ് ഉത്തരവ്.

27-ാം വകുപ്പ് പ്രകാരം സംസ്ഥാന ഖജനാവിലെ പണം ഏതെങ്കിലും ഒരു പ്രത്യേക മത വിഭാഗത്തിന്റെയോ, വിഭാഗങ്ങളുടെയോ പ്രചാരണ പരിപാടികള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പൊതുഖജനാവിലെ പണം രാജ്യത്തെ ഐക്യവും, അഖണ്ഡതയും, മത സൗഹാര്‍ദവും ഊട്ടി ഉറപ്പിക്കുന്നതിന് വേണ്ടി മാത്രമെ ചെലവിടാവൂ എന്നും, വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്ന ഒരു കാര്യത്തിനും ചെലവിടാന്‍ പാടില്ലന്നും സുപ്രിം കോടതിയും വ്യക്തമാക്കിയിട്ടുണ്ട്.

വനിതാ മതില്‍ ഇടതു ജനാധിപത്യമുന്നണിയുടെ രാഷ്ട്രീയ പരിപാടിയുടെ ഭാഗമായി മാത്രം സംഘടിപ്പിക്കുന്ന ഒന്നാണ്. ഇതില്‍ പങ്കെടുക്കുന്നവരെല്ലാം ഇടതു മുന്നണിയിലെ വിവിധ ഘടകകക്ഷികളില്‍ ഉളളവരുമാണ്. ഇതിനായി സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് പണം മുടക്കുന്നത് നീതികരിക്കാനാകില്ല. വനിതാ മതിലിനായി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് സാലറി ചലഞ്ചിനുളള ഉത്തരവിനെ അനുസ്മരിപ്പിക്കുന്നതാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടിയില്‍ വിഭാഗീയത വളര്‍ത്താന്‍ മാത്രം ഉപകരിച്ച ഈ ഉത്തരവ് സുപ്രിം കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. 

ഇതേ മാതൃകയില്‍ കുടുംബ ശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കേഴ്സ,് തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ സന്നദ്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ നിര്‍ബന്ധമായും മതിലിന്റെ ഭാഗമാക്കണമെന്ന ഉത്തരവാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇത് മനുഷ്യത്വ വിരുദ്ധവും, ജനാധിപത്യ വിരുദ്ധവുമാണ്. മഹാപ്രളയം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് സംസ്ഥാനം കരകയറാന്‍ തുടങ്ങുന്ന ഈ സമയത്ത് ഇത്രയേറെ തുക ചിലവഴിച്ച് ഇങ്ങനെയൊരു മാമാങ്കം നടത്തുന്നത് ശരിയല്ലന്നും രമേശ് ചെന്നിത്തല പറഞ്ഞു.

related stories