Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സെമിഫൈനൽ’ വിധിയെഴുതി ജനം; ഇനി കാണാം മുഖ്യമന്ത്രി ‘കസേരകളി’

കെ. ദാമോദരൻ
scindia-sachin-pilot കോൺഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ് എന്നിവർ

ന്യൂഡൽഹി∙ 2019 ലെ പൊതുതിരഞ്ഞെടുപ്പിനു മുൻപത്തെ സെമിഫൈനൽ എന്നു വിശേഷിപ്പിക്കപ്പെട്ട അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള ജനവിധി പൂർണമായും പുറത്തുവന്നതോടെ അടുത്ത നടപടിക്രമങ്ങളിലേക്കു രാഷ്ട്രീയ പാർട്ടികൾ.

ഒറ്റക്കു കേവല ഭൂരിപക്ഷം കരസ്ഥമാക്കാനായില്ലെങ്കിലും ബിജെപിയേക്കാൾ സീറ്റെണ്ണത്തിൽ മുന്നിലെത്തിയ രാജസ്ഥാനിലും മധ്യപ്രദേശിലും കണക്കുകൂട്ടലുകൾക്കപ്പുറം ഭൂരിപക്ഷം ലഭിച്ച ഛത്തീസ്ഗഡിലും മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുക കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ പരീക്ഷണമാണ്. ഈ പരീക്ഷണത്തിന്റെ അനുരണനങ്ങൾ പൊതുതിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഇടയുള്ളതിനാൽ കരുനീക്കങ്ങൾ പാളാതെ ശ്രദ്ധിക്കുകയെന്നത് വെല്ലുവിളിയും.

മിസോറമിലും തെലങ്കാനയിലും കാര്യങ്ങൾ ഏറെക്കുറെ ലളിതമാണ്.  ഗവർണർമാരുടെ ക്ഷണം ലഭിക്കാനായി കാത്തിരിക്കുകയാണ് ടിആർഎസും മിസോ നാഷനൽ ഫ്രണ്ടും. അഞ്ചു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള നേതാക്കളെ അടുത്തറിയാം.

തെലങ്കാനയിൽ ആര്? ഉത്തരം കെസിആർ

എതിരാളികളെ തീർത്തും നിഷ്പ്രഭരാക്കി ടിആർഎസ് ഭരണത്തുടർച്ച കരസ്ഥമാക്കിയ തെലങ്കാനയിൽ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്നത് ശങ്കകൾക്കിടമില്ലാത്ത ചോദ്യമാണ്. തെലങ്കാന രാഷ്ട്ര സമിതിയെന്നാൽ ചന്ദ്രശേഖര റാവുവെന്നു കൂടി വായിക്കാം, അത്രമേൽ സമഗ്രമാണ് കെസിആറെന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ രാഷ്ട്രീയ ചാണക്യനു പാർട്ടിയിലുള്ള ആധിപത്യം.

k-chandrasekhar-rao കെ. ചന്ദ്രശേഖർ റാവു

തെലങ്കാന രാഷ്ട്ര സമിതിയുടെ (ടിആർഎസ്) സ്ഥാപകനും അധ്യക്ഷനുമായ ചന്ദ്രശേഖര റാവു തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രി കൂടിയാണ്. തെലങ്കാന സംസ്ഥാന രൂപീകരണത്തിലേക്കു നയിച്ച പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകി. ഒന്നാം യുപിഎ സർക്കാരിൽ രണ്ടു വർഷം തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു. 

തെലങ്കാനയില്‍ അടിതെറ്റാതെ ടിആർഎസ്, വിഡിയോ സ്റ്റോറി കാണാം

ആന്ധ്രാപ്രദേശിലെ സിദ്ധിപ്പേട്ടിൽ 1954 ഫെബ്രുവരി 17ന് ജനനം. തെലുഗുദേശം പാർട്ടിയെ പ്രതിനിധീകരിച്ച് 1985 മുതൽ 1999 വരെ നാലുതവണ സിദ്ധിപ്പേട്ട് മണ്ഡലത്തിൽ നിന്നും നിയമസഭാംഗമായി.1987- 88 കാലത്ത് എൻ.ടി. രാമറാവുവിന്റെ മന്ത്രിസഭയിൽ വരൾച്ച, ദുരിതാശ്വാസമന്ത്രി,1996 ചന്ദ്രബാബു നായിഡുവിന്റെ മന്ത്രിസഭയിൽ ഗതാഗത മന്ത്രി. 2000 - 2001 കാലത്ത് നിയമസഭയിൽ ഡെപ്യൂട്ടി സ്‌പീക്കർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.ഡപ്യൂട്ടി സ്പീക്കർ സ്ഥാനം രാജിവെച്ച് 2001 തെലങ്കാന രാഷ്‌ട്രസമിതി (ടിആർഎസ്) സ്‌ഥാപിച്ചു.

മിസോറമിൽ സോറാംതാംഗ

ടിആർഎസിനു ചന്ദ്രശേഖരറാവുവിനെപ്പോലെയാണ് മിസോ നാഷനൽ ഫ്രണ്ടിനു സോറാംതാംഗ എന്ന 71കാരൻ. രണ്ടു തവണ മിസോറമിന്‍റെ മുഖ്യമന്ത്രി പദം അലങ്കരിച്ച ചരിത്രം കൂടിയുണ്ട് എംഎന്‍എഫ് അധ്യക്ഷനായ സോറാംതാംഗക്ക്. 1998 മുതൽ 2008 വരെ തുടർച്ചയായി രണ്ടു തവണ മുഖ്യമന്ത്രി.  ലാൽഡെങ്ക മന്ത്രിസഭയിൽ (1986–88) ധനകാര്യം, വിദ്യാഭ്യാസം വകുപ്പുകൾ കൈകാര്യം ചെയ്തു. അഞ്ചുതവണയായി ചംപായ് മണ്ഡലത്തിൽ നിന്നു ജയിച്ച സോറാംതാംഗ ഇത്തവണ സംസ്ഥാനത്തെ ഏക ജനറൽ സീറ്റായ ഐസോൾ ഈസ്റ്റ് ഒന്നിൽനിന്നാണ് ജയിച്ചത്.

രണ്ടു ദശാബ്‌ദം നീണ്ട പോരാട്ടനാളുകളിൽ ലാൽഡെംഗയ്‌ക്കു പിന്നിൽ മിസോ നാഷനൽ ഫ്രണ്ടിന്റെ രണ്ടാമനായിരുന്നു സോറാംതാംഗ . 1986 ൽ ചരിത്രംകുറിച്ച മിസോ ഉടമ്പടിയിലൂടെ സമാധാനപാതയിലെത്തി. മിസോ നാഷനൽ ഫ്രണ്ടിന്റെയും കോൺഗ്രസിന്റെയും ഇടക്കാല സർക്കാരിൽ ലാൽഡെംഗ മന്ത്രിസഭയിൽ മന്ത്രിയായി.1990 ൽ ലാൽഡെംഗ മരിച്ചപ്പോൾ സോറാംതാംഗ പാർട്ടി പ്രസിഡന്റായി. തുടർച്ചയായി 1998 ൽ കോൺഗ്രസിനെ തറപറ്റിച്ചു മിസോ നാഷനൽ ഫ്രണ്ടിനെ അധികാരത്തിലേക്കു നയിച്ചു. 2003 ലും ജയം ആവർത്തിച്ചെങ്കിലും 2008 ലും 2013 ലും സോറാംതാഗയും എംഎൻഎഫും പരാജയം നേരിട്ടു.

‘കൈ’വിട്ട് കോൺഗ്രസ്, വിഡിയോ സ്റ്റോറി കാണാം

യുവത്വവും അനുഭവ സമ്പത്തും കൊമ്പുകോർക്കുന്ന രാജസ്ഥാൻ

ഒരുഘട്ടത്തിൽ കുതിച്ചും പിന്നീടു ഇഴഞ്ഞും രാജസ്ഥാനിൽ ഭരണത്തിലെത്തിയ കോൺഗ്രസ് ആദ്യഘട്ടം മുതൽ നേരിടുന്ന പ്രതിസന്ധിയാണ് മുഖ്യമന്ത്രി സ്ഥാനത്തു ആരെ പ്രതിഷ്ഠിക്കുമെന്നത്. 2013ൽ വലിയ പരാജയം ഏറ്റുവാങ്ങിയ ശേഷം സംസ്ഥാന അധ്യക്ഷനായി നിയോഗിതനായ സച്ചിൻ പൈലറ്റ് ചടുലവും കൃത്യവുമായ നീക്കങ്ങളിലൂടെയാണ് സംസ്ഥാനത്തെ വികാരം കോൺഗ്രസിനു അനുകൂലമായി മാറ്റിയത്. മുൻ മുഖ്യമന്ത്രി കൂടിയായ ഗെലോട്ടിന്‍റെ സാന്നിധ്യവും ഈ പോരാട്ടത്തിൽ കോൺഗ്രസിനു തുണയായി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സാമാജികര്‍ ഇവരിൽ ആർക്കൊപ്പമാണ് നിലകൊള്ളുന്നതെന്നത് അന്തിമ തീരുമാനത്തെ സ്വാധീനിക്കുന്ന വലിയ ഘടകമായി മാറാനാണ് സാധ്യത.

ഡ്രൈവർ സീറ്റിൽ പൈലറ്റ് 

രാഹുൽ ഗാന്ധിയുടെ വിശ്വസ്തനെന്നു അറിയപ്പെടുന്ന സച്ചിനെ പിസിസി അധ്യക്ഷ സ്ഥാനത്തേക്കു എത്തിച്ചതും ആ അടുപ്പമാണ്. ബിജെപിയുടെ ഏക മുസ്‍ലിം സ്ഥാനാർഥിയും മുൻ മന്ത്രിയുമായ യൂനുസ് ഖാനെ തറപറ്റിച്ചാണ് നിയമസഭയിലേക്കുള്ള കന്നിയങ്കത്തിൽ തന്നെ സച്ചിൻ വൻ ഭൂരിപക്ഷത്തോടെ ജയിച്ചു കയറിയത്.

രാജസ്ഥാനില്‍ രാജകീയമായി കോൺഗ്രസ്, വിഡിയോ സ്റ്റോറി കാണാം

മുതിർന്ന കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായിരുന്ന രാജേഷ് പൈലറ്റിന്റെയും കോൺഗ്രസ് നേതാവും ലോക്സഭാംഗവുമായ രമ പൈലറ്റിന്റെയും  മകനാണ് സച്ചിൻ. രാഷ്ട്രീയത്തിലിറങ്ങും മുൻപു ബിബിസിയിലും ജനറൽ മോട്ടോഴ്സിലും ജോലി നോക്കി. 2012ൽ ടെറിറ്റോറിയൽ ആർമിയിൽ ലഫ്. പൈലറ്റായി തിരഞ്ഞെടുക്കപ്പെട്ടു.

sachin-pilot സച്ചിൻ പൈലറ്റ്

സിഖ് റജിമെന്റിലെ 124 ടിഎ ബറ്റാലിയനിൽ ലഫ്‌റ്റനന്റ് ആയി സേവനം നടത്തി. രണ്ടു തവണ ലോക്സഭാംഗം. അച്ഛൻ രാജേഷ് പൈലറ്റിന്റെ സീറ്റായിരുന്ന ദൗസയിൽനിന്നും അജ്മേറിൽനിന്നുമാണ് സച്ചിൻ ലോക്സഭയിലെത്തിയത്. മൻമോഹൻ സിങ് മന്ത്രിസഭയിൽ കമ്പനികാര്യ മന്ത്രിയായിരുന്നു. ജമ്മു കശ്മീർ മുൻമുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ലയുടെ മകൾ സാറയാണു ഭാര്യ. രാജസ്ഥാനിൽ കോൺഗ്രസ് ജയിക്കുമെന്നു പ്രവചിച്ച സി ഫോർ സർവേയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കു കൂടുതൽ പേർ പിന്തുണച്ചതു സച്ചിൻ പൈലറ്റിനെയാണ്.

രാജസ്ഥാന്‍റെ സ്പന്ദനങ്ങളറിയുന്ന ഗെലോട്ട് 

എഐസിസി ജനറൽ സെക്രട്ടറി അശോക് ഗലോട്ട് സംസ്ഥാനത്തെ ഏറ്റവും തലമുതിർന്ന കോൺഗ്രസ് നേതാക്കളിലൊരാളാണ്. സർദാർപുരയിൽ നിന്നുമാണ് ഇത്തവണ ജയം. ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, പി.വി.നരസിംഹറാവു മന്ത്രിസഭകളിൽ വിനോദസഞ്ചാരം, വ്യോമയാനം, ടെക്സ്റ്റെൽസ് തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. അഞ്ചു തവണ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഗെലോട്ട് രണ്ടു തവണ രാജസ്ഥാൻ മുഖ്യമന്ത്രി പദവും അലങ്കരിച്ചു. പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായും സേവനമനുഷ്ഠിച്ചു. അണികൾക്കിടയിലും ജനങ്ങൾക്കിടയിലുമുള്ള സ്വീകാര്യതയാണ് ഗെലോട്ടിനെ വ്യത്യസ്തനാക്കുന്നത്. 

മധ്യപ്രദേശിൽ കമൽനാഥോ സിന്ധ്യയോ

രാജസ്ഥാനു സമാന അവസ്ഥയാണ് മധ്യപ്രദേശിലും കോൺഗ്രസ് നേരിടുന്നത്. യുവത്വത്തിനു മുഖ്യമന്ത്രി പദം കൈമാറണോ അതോ പരിചയസമ്പന്നതക്കു മുൻതൂക്കം നൽകണോ എന്ന സംശയത്തിലാണ് നേതൃത്വം. ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തിൽ മികച്ച നയതന്ത്രജ്ഞൻ കൂടിയായ കമൽനാഥിലേക്കു പാർട്ടിയുടെ ആലോചനകൾ എത്തി നിൽക്കുന്നതായാണ് സൂചനകൾ.

പരിചയസമ്പന്നൻ കമൽനാഥ്

മധ്യപ്രദേശിലെ പിസിസി അധ്യക്ഷനായ കമൽനാഥ് പരിചയസമ്പന്നതയിൽ ദേശീയ തലത്തിൽ തന്നെ ഏറ്റവും തഴക്കം വന്ന നേതാവാണ്. മധ്യപ്രദേശിലെ ചിന്ദ്വാര ലോക്സഭാ മണ്ഡലത്തിൽ നിന്ന് ഒൻപത് തവണ തിരഞ്ഞെടുക്കപ്പെട്ടു. നരസിംഹറാവു സർക്കാരിൽ പരിസ്‌ഥിതി, ടെക്‌സ്‌റ്റൈൽസ് സഹമന്ത്രി. മൻമോഹൻ സിങ്ങിനു കീഴിൽ കാബിനറ്റ് മന്ത്രി. വ്യവസായം, വാണിജ്യം പിന്നീട് നഗരവികസനവും പാർലമെന്ററികാര്യവും കൈകാര്യം ചെയ്തു.

ജനവിധി മധ്യത്തിൽ പകുത്ത് മധ്യപ്രദേശ്, വിഡിയോ സ്റ്റോറി കാണാം

2014 ലോക്‌സഭയിൽ ഏറ്റവും മുതിർന്ന അംഗമായിരുന്ന അദ്ദേഹമാണ് പ്രോട്ടെം സ്‌പീക്കറായി നിയമിക്കപ്പെട്ടത്. സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് അന്വേഷിച്ച നാനാവതി കമ്മിഷന്റെ പരാമർശം വിവാദപുരുഷനാക്കി. ഡൂൺ സ്‌കൂൾ പൂർവ വിദ്യാർഥി. യുപിയിലെ കാൻപൂരിൽ മഹേന്ദ്രനാഥിന്റെയും ലീലയുടെയും മകനായി 1946 നവംബർ 18നു ജനനം. ഭാര്യ: അൽക. രണ്ടു മക്കൾ. 

യുവരക്തമായി ജ്യോതിരാദിത്യ

ഗ്വാളിയോർ രാജാവ് എന്ന പദവി കൂടിയുള്ള ജോതിരാദിത്യ സിന്ധ്യ കോൺഗ്രസ് പ്രവർത്തക സമിതിയിൽ സ്ഥിരം ക്ഷണിതാവാണ്. മധ്യപ്രദേശ് പിസിസി പ്രചാരണസമിതി അധ്യക്ഷനായി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിച്ചു. കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായിരുന്ന മാധവ്റാവു സിന്ധ്യയുടെ മകൻ. 2002, 2004, 2009 വർഷങ്ങളിൽ ഗുണയിൽ നിന്നുള്ള ലോക്സഭാംഗം. മൻമോഹൻ സിങ്ങിന്റെ രണ്ടു മന്ത്രിസഭകളിലും അംഗം. വാർത്താവിനിമയം, വ്യവസായം,തുടങ്ങിയ വകുപ്പുകളിൽ സഹമന്ത്രിയായി. 2012 ൽ ഊർജവകുപ്പിന്റെ സ്വതന്ത്ര ചുമതല ലഭിച്ചു. ഡൂൺ സ്കൂളിലെ പഠനത്തിന് ശേഷം ഹാർവഡ്, സ്റ്റാൻഫഡ് സർവകലാശാലകളിൽ ഉപരിപഠനം. അച്ഛന്റെ മരണശേഷം രാഷ്ട്രീയത്തിൽ സജീവമായി. ഗുണയിൽ 2002 ൽ നാലര ലക്ഷം.വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 

ഛത്തീസ്ഗഡിൽ മുഖ്യനാകാൻ മൂന്നു പേർ

അനുഭവസമ്പത്തിന്‍റെയും ജനസമ്മിതിയുടെയും കാര്യത്തിൽ പ്രബലരായ രണ്ടു വ്യക്തിത്വങ്ങൾക്കെതിരെ മുഖ്യമന്ത്രി സ്ഥാനാർഥിയെപ്പോലും ഉയർത്തിക്കാട്ടാതെ നടത്തിയ പോരാട്ടത്തിലാണ് വൻ ജയം കോൺഗ്രസ് സ്വന്തമാക്കിയത്. അതുകൊണ്ടു തന്നെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച ചര്‍ച്ചകളും വൈകിയാണ് കോൺഗ്രസ് ക്യാംപിൽ തുടങ്ങിയിട്ടുള്ളത്.

മുഖ്യമന്ത്രി കസേരയിൽ കണ്ണുമായി ‘മഹാരാജ’

കഴിഞ്ഞ നിയമസഭയിലെ പ്രതിപക്ഷനേതാവായിരുന്ന ടി എസ് സിങ് ദേവാണ് മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ളവരുടെ കൂട്ടത്തിലെ പ്രബലൻ. 2008 മുതൽ അംബികാപൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. ചരിത്രത്തിൽ ബിരുദാനന്തരബിരുദം. സുർഗുജയിലെ ‘മഹാരാജ’പദവിയുളള അദ്ദേഹം ടി.എസ്. ബാബ എന്ന പേരിലും അറിയപ്പെടുന്നു. ഛത്തീസ്ഗഡിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയനേതാവും കൂടിയാണ് സിങ് ദേവ്.

മുഖ്യമന്ത്രി കോട്ട് തേടി മുൻപ്രതിപക്ഷ ഉപനേതാവും

ഛത്തീസ്ഗഡ് പിസിസി അധ്യക്ഷനായ ഭൂപേഷ് ഭാഗൽ  മധ്യപ്രദേശ്, ഛത്തീസ്ഗഡ് മന്ത്രിസഭകളിൽ അംഗമായിട്ടുണ്ട് പഠാൻ അസംബ്ലി മണ്ഡലത്തിൽ നിന്നുളള നിയമസഭാഗം. കോൺഗ്രസിലൂടെ രാഷ്ട്രീയരംഗത്തെത്തിയ ഭൂപേഷ് മധ്യപ്രദേശ് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റായിരുന്നു. 1993 ലും 98 ലും പഠാൻ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ദിഗ്‍വിജയ്സിങ് മന്ത്രിസഭയിൽ അംഗമായി.

ഛത്തീസ്ഗഡ് സംസ്ഥാനം രൂപീകൃതമായതിനെത്തുടർന്ന് പഠാനിൽ നിന്ന് തന്നെ അദ്ദേഹം 2003 ലും 2013 ലും നിയമസഭയിലെത്തി. ഛത്തീസ്ഗഡിലെ അജിത്ജോഗിയുടെ നേതൃത്വത്തിലുളള ആദ്യ മന്ത്രിസഭയിൽ റവന്യൂമന്ത്രി. 2014ൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായ അദ്ദേഹം പ്രതിപക്ഷ ഉപനേതാവുമാണ്. 

മുഖ്യമന്ത്രിയാകാൻ എംപിയും

ഛത്തീസ്ഗഡിൽ നിന്നും കഴിഞ്ഞ പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച ഏക കോൺഗ്രസുകാരനാണ് ചരൺദാസ് മഹന്ത്. മൻമോഹൻസിങ് മന്ത്രിസഭയിൽ ഭക്ഷ്യസംസ്കരണ മന്ത്രി. ഛത്തീസ്ഗഡ് രൂപീകരണത്തിനു മുമ്പ് മധ്യപ്രദേശിൽ ആഭ്യന്തരം ഉൾപ്പെടെ പല പ്രധാന വകുപ്പുകളും കൈകാര്യം ചെയ്തു. രണ്ടു തവണ മധ്യപ്രദേശ് എംഎൽഎയായി. ഛത്തീസ്ഗഡ് കോൺഗ്രസിന്‍റെ അധ്യക്ഷനായും പ്രവർത്തിച്ചു.

related stories