Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദലാൽ സ്ട്രീറ്റിൽ കാളക്കൂറ്റന്‍മാർ കരുത്തുകാട്ടി; നേട്ടവുമായി വിപണി

Stock Market

കൊച്ചി∙ രാജ്യാന്തര വിപണികളിലെ നേട്ടങ്ങൾ, വിപണികളെ നിരാശപ്പെടുത്താത്ത പുതിയ റിസർവ് ബാങ്ക് ഗവർണർ... ദലാൽ സ്ട്രീറ്റിൽ ഇന്നു കാളക്കൂറ്റൻമാർ കരുത്തു കാട്ടിയ ദിവസമായിരുന്നു. വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളിൽ ഇരച്ചെത്തിയ നിക്ഷേപകർ ഓഹരികൾ വാങ്ങിക്കൂട്ടിയതോടെ സെൻസെക്സിൽ ഇന്നുണ്ടായത് 630 പോയിന്റ് നേട്ടം. 188 പോയിന്റ് ഉയർന്നതോടെ നിഫ്റ്റി 10,700 പോയിന്റ് മറികടന്നു. മധ്യപ്രദേശ് ഉൾപ്പടെ മൂന്നു സംസ്ഥാനങ്ങളിലും കോൺഗ്രസ് അധികാരത്തിലെത്തുമെന്ന വാർത്ത വിപണികൾ ഇന്നു നിരാശയില്ലാതെ അംഗീകരിച്ചു. രൂപയുടെ മൂല്യത്തിൽ ഇന്നു നേട്ടമില്ലെങ്കിലും കാര്യമായ നഷ്ടമില്ല. ഡോളറിനെതിരെ 10 പൈസ നഷ്ടത്തിലാണു രൂപ ഇന്നു വ്യാപാരം നടത്തിയത്.

∙ ശക്തികാന്തദാസിന്റെ ശക്തി

വിപണികൾ ഇന്നു കരുത്തുകാട്ടിയതിന്റെ പ്രധാന കാരണം പുതിയ റിസർവ് ബാങ്ക് ഗവർണറായുള്ള ശക്തികാന്ത ദാസിന്റെ നിയമനമായിരുന്നു. ഉർജിത് പട്ടേൽ രാജിവച്ചു രണ്ടു ദിവസത്തിനുള്ളിൽ നടന്ന നിയമനം പ്രതിസന്ധികൾക്ക് അയവുണ്ടാകുന്നെന്ന സൂചന നൽകി. മാത്രമല്ല, വിപണികളെ നിരാശപ്പെടുത്തുന്ന തീരുമാനങ്ങൾ അദ്ദേഹത്തിൽനിന്നുണ്ടാകില്ലെന്ന പ്രതീക്ഷയും നിക്ഷേപകർക്കുണ്ട്.

∙ രാജ്യാന്തര വിപണികളിലെ നേട്ടം

അമേരിക്ക–ചൈന വ്യാപാരയുദ്ധ സമ്മർദ്ദത്തിന് അയവു വരുന്നെന്ന സൂചനയിൽ രാജ്യാന്തര വിപണികൾ ഇന്നലെ നേട്ടത്തോടെയാണു വ്യാപാരം അവസാനിപ്പിച്ചത്. ഡാക്സ്, എഫ്ടിഎസ്ഇ അടക്കമുള്ള യൂറോപ്യൻ സൂചികകളിൽ ഒരു ശതമാനത്തിനു മുകളിൽ നേട്ടമുണ്ട്. ഏഷ്യൻ വിപണികൾ ഇന്നും മികച്ച മുന്നേറ്റം നടത്തി.

∙ നേട്ടം, എല്ലാ മേഖലകളിലും

എല്ലാ മേഖലകളിലുമുള്ള ഓഹരികൾ വാങ്ങാൻ ഇന്നു നിക്ഷേപകരെത്തി. ഉർജിത് പട്ടേൽ സ്ഥാനമൊഴിഞ്ഞതിനുശേഷം ബാങ്കിങ് സെക്ടറിനെ നിക്ഷേപകർ കൈവിട്ടിരുന്നെങ്കിലും ഇന്നു ബാങ്കിങ് ഓഹരികൾ മികച്ച മുന്നേറ്റം നടത്തി. ബാങ്കിങ് നിഫ്റ്റിയിൽ രണ്ടു ശതമാനത്തിനു മുകളിലാണു നേട്ടം. മെറ്റൽ, ഓട്ടോമൊബൈൽ, ഇൻഫ്രാസ്ട്രക്ചർ, കൺസ്യൂമർ ഗുഡ്സ് തുടങ്ങിയ സെക്ടറുകളും നേട്ടമുണ്ടാക്കി. നിഫ്റ്റി മിഡ്ക്യാപ് സൂചികയിൽ ഇന്നു മൂന്നു ശതമാനത്തിനു മുകളില്‍ നേട്ടമുണ്ട്. ഹീറോ മോട്ടോർകോർപ്, ഭാരതി എയർടെൽ, ഇന്ത്യാബുൾസ് ഹൗസിങ് എന്നീ ഓഹരികളാണു നേട്ടക്കാരുടെ പട്ടികയിൽ മുന്നിൽ. ഡോ. റെഡ്ഡീസ് ലാബ്, ഭാരതി ഇൻഫ്രാടെൽ തുടങ്ങിയ ഓഹരികൾ ഇന്നു നഷ്ടത്തിലാണു വ്യാപാരം അവസാനിപ്പിച്ചത്.