Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരിക്കും തോറ്റത് എന്തുകൊണ്ട്? ബിജെപി നിര്‍ണായക യോഗം ഡല്‍ഹിയില്‍

Amit Shah and Narendra Modi ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തോൽവിക്കു പിന്നാലെ ബിജെപി ആത്മപരിശോധനയിലേയ്ക്ക്. പഴുതടച്ച പ്രചാരണം നടത്തിയിട്ടും ബൂത്തു മുതൽ സംസ്ഥാന തലം വരെ പാർട്ടി യന്ത്രം എണ്ണയിട്ട പോലെ പ്രവർത്തിച്ചിട്ടും എന്തു സംഭവിച്ചു. ഇന്നു വിളിച്ചിരിക്കുന്ന നേതൃയോഗത്തിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ യുടെ ശ്രമം ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു ശേഷം വിവിധ സംസ്ഥാനങ്ങളിൽ ഏറ്റവുമധികം പ്രചാരണയോഗങ്ങളിൽ പങ്കെടുത്തത് അമിത് ഷാ തന്നെ. യോഗി 74 യോഗങ്ങളിൽ പ്രസംഗിച്ചപ്പോൾ അമിത് ഷാ 58 പാർട്ടി പരിപാടികളിലും യോഗങ്ങളിലും പങ്കെടുത്തു. അതിലുപരി, ഓരോ സംസ്ഥാനത്തും വ്യാപകമായി സഞ്ചരിച്ചു തന്ത്രങ്ങൾക്കു രൂപം കൊടുത്തു. ആസൂത്രണം ചെയ്ത കാര്യങ്ങൾ വേണ്ടവിധം നടക്കുന്നുണ്ടോയെന്നു സമയക്രമം വച്ച് ഉറപ്പാക്കി. എന്നിട്ടും ബിജെപി പിന്നിലായി.

ഒരു ദേശീയ നേതാവിന്റെ ഉദയം– രാഹുൽ ഗാന്ധി, വിഡിയോ സ്റ്റോറി കാണാം

തുടർച്ചയായി മൂന്നു വട്ടം അധികാരത്തിലിരുന്ന സംസ്ഥാനങ്ങൾ കൈവിട്ടു പോയതു സ്വാഭാവികമെന്ന ന്യായം അമിത് ഷായെന്ന അത്യധ്വാനിക്കു ‌സ്വീകാര്യമല്ല. മധ്യപ്രദേശിൽ ആറു സീറ്റിന്റെ കുറവിലാണു ഭരണം കൈവിട്ടത്. ഛത്തീസ്ഗഡിൽ അതിശക്തമായ അടിയൊഴുക്കിൽ ‌പാർട്ടിക്കു ചുവടു തെറ്റി. സർക്കാരുകളെ മാറി പരീക്ഷിക്കുന്ന പതിവുള്ള രാജസ്ഥാനിൽ കോൺഗ്രസ് 100 കടക്കാനാവാതെ കിതച്ചിട്ടും ബിജെപിക്കു മുന്നേറ്റം സാധ്യമായില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കുമ്പോൾ  പ്ര‌ശ്നകാരണം കണ്ടെത്തേണ്ടത് അത്യാവശ്യം.

നിറം മങ്ങിയതാര്, മോദിയോ യോഗിയോ?, വിഡിയോ സ്റ്റോറി കാണാം

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, യുപി, ഗുജറാത്ത്, ബിഹാർ, കർണാടക എന്നീ എട്ടു സംസ്ഥാനങ്ങളിൽ നിന്നാണു കഴിഞ്ഞ ലോക്സഭാ ‌തിരഞ്ഞെടുപ്പിൽ ബിജെപി 221 ‌സീറ്റു നേടിയത്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ 65ൽ 62 സീറ്റും ‌ബിജെപിക്കായിരുന്നു. യുപിയിൽ 80ൽ 71ഉം. നേട്ടത്തിന്റെ ഈ കൊടുമുടിയിൽ നിന്ന് കുറച്ചു പിന്നാക്കം പോകേണ്ടി വരുമെന്ന കണക്കുകൂട്ടലിലാണ് ഇതുവരെ അടുത്ത തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ ആവിഷ്കരിച്ചു വന്നത്.

ഛത്തീസ്ഗഡ് പിടിച്ചെടുത്ത് കോൺഗ്രസ്, വിഡിയോ സ്റ്റോറി കാണാം

എട്ടു സംസ്ഥാനങ്ങളിലെ നഷ്ടം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലും ബംഗാളിലും നിന്നു നികത്താനാവാമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, ഹിന്ദിമേഖലയിൽ കാലിനടിയിലെ മണ്ണു പാടേ ഒലിച്ചുപോയാൽ?. യുപിയിൽ എസ്പി–ബിഎസ്പി സഖ്യം ഉയർത്തുന്ന ശക്തമായ വെല്ലുവിളിയെ അതിജീവിക്കാനായില്ലെങ്കിൽ?. അതുകൊണ്ട്, കൃത്യമായ വിലയിരുത്തലുകളും അടിയന്തര തിരുത്തൽ നടപടികളും അനിവാര്യം. പഴയ ത‌ന്ത്രങ്ങൾ  ഉടച്ചുവാർക്കാനും പുതിയ സമീപനങ്ങൾക്കു രൂപം നൽകാനും പാർ‌ട്ടി നിർ‌ബന്ധിതമാവുകയാണ്.

related stories