Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാജിയുടെ അയോഗ്യത: ലഘുലേഖകൾ പൊലീസ് കണ്ടെടുത്തതല്ല; രേഖ പുറത്ത്

KM-Shaji-in-Assembly കെ.എം.ഷാജി

കൊച്ചി∙ അഴീക്കോട് എംഎൽഎ കെ.എം. ഷാജിക്ക് അയോഗ്യത കല്‍പിക്കാന്‍ ഇടയായ നോട്ടിസ് പൊലീസ് കണ്ടെടുത്തതല്ലെന്നുള്ള രേഖ പുറത്തു വന്നതോടെ ഹൈക്കോടതിയിൽ കെ.എം. ഷാജിയുടെ ഹർജി. കോടതി ചൊവ്വാഴ്ച കേസ് പരിഗണിക്കും.

വർഗീയ പരാർശമുള്ള നോട്ടിസ് പരാതിക്കാരനായ സിപിഎം നേതാവ് സ്റ്റേഷനില്‍ എത്തിച്ചതാണെന്നു തെളിയിക്കുന്ന രേഖയാണു പുറത്തുവന്നിരിക്കുന്നത്. വളപട്ടണം പൊലീസ് കണ്ണൂർ കോടതിയിൽ ഹാജരാക്കിയ മഹസറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ‌അതേ സമയം യുഡിഎഫ് പ്രാദേശിക നേതാവ് എൻ.ടി. മനോരമയുടെ വീട്ടിൽനിന്നു വർഗീയത പരത്തുന്ന രേഖ പിടിച്ചെടുത്തെന്നായിരുന്നു എസ്ഐ നൽകിയ മൊഴി. ഇതിനെതിരെയാണു കെ.എം. ഷാജി കോടതിയെ സമീപിച്ചിരിക്കുന്നത്.

അഴീക്കോട് മണ്ഡലത്തിൽനിന്നുള്ള മുസ്‌ലിം ലീഗ് എംഎൽഎ കെ.എം. ഷാജിയുടെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയിരുന്നു. മതത്തിന്റെ പേരിൽ വോട്ടിന് ആഹ്വാനം ചെയ്യുന്നതും വ്യക്തിഹത്യ നടത്തുന്നതുമായ ലഘുലേഖകൾ പ്രചരിപ്പിച്ചതിനാണു നടപടി. എതിർസ്ഥാനാർഥി സിപിഎമ്മിലെ എം.വി. നികേഷ്കുമാറിന്റെ ഹർജിയിലാണു ജസ്റ്റിസ് പി.ഡി. രാജന്റെ വിധി.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഏറ്റവും ശ്രദ്ധേയ മൽസരങ്ങളിലൊന്നായിരുന്നു ഷാജി – നികേഷ് പോരാട്ടം. ഇസ്‌ലാം മതവിശ്വാസിയല്ലാത്തവർക്കു വോട്ട് ചെയ്യരുതെന്നു സൂചിപ്പിക്കുന്ന ലഘുലേഖ ഷാജിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനുപയോഗിച്ചെന്നും സ്വഭാവഹത്യ നടത്തുന്ന ലഘുലേഖകൾ പ്രചരിപ്പിച്ചെന്നും ആരോപിച്ചായിരുന്നു ഹർജി. തെളിവുകൾ മൊത്തത്തിൽ പരിഗണിച്ചാൽ, ഷാജിയുടെയോ ഏജന്റിന്റെയോ അനുമതിയോടെയാണു പ്രവർത്തകർ ലഘുലേഖ വിതരണം ചെയ്തതെന്നും മുസ്‌ലിം അല്ലാത്തവർക്കു വോട്ടു ചെയ്യരുതെന്ന് അഭ്യർഥിച്ചതെന്നും വ്യക്തമാണെന്നു കോടതി വിലയിരുത്തി.

ജയിച്ച സ്ഥാനാർഥി ക്രമക്കേടിലൂടെ നേടിയ വോട്ടുകൾ തനിക്കു ഭൂരിപക്ഷമാകേണ്ടതായിരുന്നുവെന്നു സ്ഥാപിക്കാനാകാത്തതിനാൽ നികേഷിനെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി തള്ളിയിരുന്നു. പല സ്ഥാനാർഥികൾ മൽസരിക്കുമ്പോൾ ഒരാളുടെ അയോഗ്യത തനിക്കു വിജയമൊരുക്കുമെന്നു ഹർജിക്കാരനു പറയാനാവില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

related stories