Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസുകാരെ വളഞ്ഞിട്ട് മര്‍ദിച്ച സംഭവം: നാല് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

sfi-attack-on-police

തിരുവനന്തപുരം ∙ പൊലീസുകാരെ നടുറോഡിലിട്ട് മർദിച്ച് അവശരാക്കിയ സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകരായ നാലുപേരെ അറസ്റ്റു ചെയ്തു. യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. എസ്എപി ക്യാംപിലെ പൊലീസുകാരായ വിനയചന്ദ്രൻ, ശരത്, ട്രാഫിക് പൊലീസുകാരൻ അമൽ കൃഷ്ണ എന്നിവരെയാണ് എസ്എഫ്ഐ നേതാക്കളും പ്രവർത്തകരും ക്രൂരമായി മർദിച്ചത്.

ബുധനാഴ്ച വൈകിട്ട് ആറിനു പാളയം യുദ്ധസ്മാരകത്തിനു മുന്നിലാണു സംഭവം. ബൈക്കിൽ വന്ന എസ്എഫ്ഐ പ്രവർത്തകൻ സിഗ്നൽ തെറ്റിച്ച് യു ടേണിനു ശ്രമിച്ചപ്പോൾ ട്രാഫിക് പൊലീസുകാരൻ അമൽ കൃഷ്ണ തടഞ്ഞു. ഇതിനെ ചോദ്യം ചെയ്ത വിദ്യാർഥി അമൽ കൃഷ്ണയുടെ യൂണിഫോമിൽ പിടിക്കുകയും മർദിക്കുകയും ചെയ്തു. റോഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വിനയചന്ദ്രനും ശരത്തും തടയാൻ ശ്രമിച്ചപ്പോൾ അവരെയും വിദ്യാർഥി ആക്രമിച്ചു.

മൂന്നുപൊലീസുകാരും ചേർന്നു പ്രതിയെ പിടികൂടാൻ ശ്രമിച്ചപ്പോൾ ഓടിമാറി. ഉടൻ എസ്എഫ്ഐ നേതാക്കളെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. ഉടൻ തന്നെ ഇരുപതോളം എസ്എഫ്ഐക്കാരാണു സ്ഥലത്തെത്തിയത്. അവരുമായി സംസാരിക്കാൻ പൊലീസ് തയാറായെങ്കിലും അനുവദിച്ചില്ല. അക്രമിസംഘം മൂന്ന് പൊലീസുകാരെയും വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. വഴിയാത്രക്കാരായ സ്ത്രീകൾ നിലവിളിച്ചു. അവരെ അസഭ്യം പറഞ്ഞ അക്രമികൾ ഓടിക്കൂടിയ മറ്റുള്ളവരെ ഭീഷണിപ്പെടുത്തി വിരട്ടിയോടിച്ചു.

ഗതാഗതം താറുമാറായെങ്കിലും അക്രമികൾ മടങ്ങിയില്ല. കലിയടങ്ങാതെ അക്രമിസംഘം പൊലീസുകാരെ വീണ്ടും മർദിച്ചു. കുതറിമാറിയ അമൽ കൃഷ്ണയാണ് കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ വിളിച്ചു സഹായം തേടിയത്. പൊലീസ് എത്തിയപ്പോൾ അക്രമികൾ നടുറോഡിൽ നിന്ന് അസഭ്യം പറയുകയായിരുന്നു. മർദനമേറ്റ പൊലീസുകാർക്ക് അനങ്ങാൻപോലും സാധിക്കുന്നില്ല.

ഇതിനിടെ കന്റോൺമെന്റ് പൊലീസ് സംഘം നാല് അക്രമികളെ പിടികൂടി ജീപ്പിൽ കയറ്റി. ഉടൻ എസ്എഫ്ഐ നേതാക്കൾ സ്ഥലത്തെത്തി. അവരും പൊലീസിനെ ഭീഷണിപ്പെടുത്തി. പൊലീസുകാർ ഭയത്തോടെ മാറി നിന്നപ്പോൾ നേതാക്കൾ പ്രതികളെ ജീപ്പിൽ നിന്നു പിടിച്ചിറക്കിക്കൊണ്ടുപോകുകയായിരുന്നു. മറ്റൊരു ജീപ്പിലാണു മൂന്ന് പൊലീസുകാരെയും ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോയത്.