Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടതി ഉത്തരവു ലഭിക്കാതെ വാവരുനടയിലെ ബാരിക്കേഡ് മാറ്റില്ല: പൊലീസ്‌

sabarimala-police

ശബരിമല∙ കോടതി ഉത്തരവോ ഡിജിപിയുടെ നിർദ്ദേശമോ ലഭിച്ചാൽ മാത്രമേ വാവരുനടയിലെ ബാരിക്കേഡ് മാറ്റുകയുള്ളുവെന്നും അതുവരെ ഇപ്പോഴത്തെ സ്ഥിതി തുടരുമെന്നു സന്നിധാനം പൊലീസ് സ്പെഷൽ ഓഫിസറും കോഴിക്കോട് റൂറൽ എസ്പിയുമായ ജി. ജയദേവ് പറഞ്ഞു.

കേരളാ പൊലീസിന് അഭിമാനിക്കാവുന്ന ജോലിയാണ് ശബരിമല ഡ്യൂട്ടി. അതിനാൽ അയ്യപ്പന്മാരുടെയോ ജീവനക്കാരുടെയോ ഭാഗത്തുനിന്ന് ഏതെങ്കിലും പ്രകോപനം ഉണ്ടായാൽ പോലും തികച്ചും ക്ഷമാപൂർവം സംയമനം പാലിച്ചു മാത്രമേ അവരോട് ഇടപെടൂ. ഇക്കാര്യത്തിൽ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

sabarimala-police1

സോപാനത്തും പതിനെട്ടാം പടിയിലുമുള്ള പൊലീസുകാർ ക്ഷേത്ര ആചാരങ്ങൾ പാലിച്ചുവേണം ഡ്യൂട്ടി നോക്കാൻ. അവിടെ ഡ്യൂട്ടിയിലുള്ളവർക്ക് തൊപ്പിയും ഷൂസും വേണ്ട. മറ്റു സ്ഥലങ്ങളിലുള്ളവർക്ക് പൂർണ യൂണിഫോം നിർബന്ധമാണ്. സോപാനം ഡ്യൂട്ടിയിലുളളവർ  ഭക്തരെ പിടിച്ചു തള്ളിയെന്ന പരാതി ഉണ്ടാക്കരുത്. മനുഷ്യത്വമുഖം കാണിക്കണം. വിഐപികളോ ഉന്നതഉദ്യോഗസ്ഥരോ  വരുമ്പോൾ തീർഥാടകരെ തള്ളിമാറ്റരുത്. 

പ്രതിഷേധ പ്രകടനങ്ങൾ അനുവദിക്കില്ല. ഏതെങ്കിലും ഭാഗത്ത് പ്രതിഷേധക്കാർ സംഘടിക്കുന്നതായി തോന്നിയാൽ അപ്പോൾ തന്നെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ച് നീക്കം ചെയ്യണമെന്നും പൊലീസുകാരോട് നിർദ്ദേശിച്ചിട്ടുണ്ട്. മുൻവർഷങ്ങളിൽ നിന്നു വ്യത്യസ്തമാണ് ഇത്തവണത്തെ ഡ്യൂട്ടിയെന്നും വിരിവയ്ക്കാൻ അനുവാദമുള്ള സ്ഥലങ്ങളിൽ ചോദിച്ചു മനസിലാക്കി തീർഥാടകരെ അവിടേക്കു വിടണമെന്നും അദ്ദേഹം പൊലീസുകാർക്ക് നിർദ്ദേശം നൽകി. 

പുതിയ പൊലീസ് സംഘം സന്നിധാനത്തു ചുമതലയേറ്റു. സന്നിധാനത്തെ ക്രമസമാധാനപാലന ചുമതല ക്രൈംബ്രാഞ്ച് എസ്പി പി.ബി. രാജീവിനാണ്.