Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

9 ആഡംബര കാറുകൾ, 81 റിസ്‌റ്റ് വാച്ചുകൾ; സിനിമാക്കഥ പോലെ ലീന മരിയയുടെ ജീവിതം

leena-paul ലീന മരിയ പോൾ.

കൊച്ചി∙ കോടികളുടെ തട്ടിപ്പ്, അതിനായുള്ള ആസൂത്രണം, ആഡംബര ജീവിതം, വിപുലമായ ബന്ധങ്ങൾ‌... കൊച്ചിയെ ഞെട്ടിച്ച് പട്ടാപ്പകൽ വെടിവയ്പുണ്ടായ ബ്യൂട്ടിപാർ‌ലറിന്റെ ഉടമ നടി ലീന മരിയ പോളിന്റെ ജീവിതത്തെ ഇങ്ങനെ സംഗ്രഹിക്കാം. തട്ടിപ്പുകളും കേസുകളും പിന്നാലെയുണ്ടെങ്കിലും അതിലൊന്നിലും കുലുങ്ങാത്ത പ്രകൃതം. എപ്പോഴും രണ്ട് അംഗരക്ഷകരുടെ കൂടെയാണു നടപ്പ്.

പത്തുകോടിയുടെ തട്ടിപ്പു കേസിൽ മലയാളി നടി ലീനയും ബിസിനസ് പങ്കാളി സുകാഷ് ചന്ദ്രശേഖറും നാലു കൂട്ടാളികളും 2015ലാണ് അറസ്റ്റിലാകുന്നത്. സാമ്പത്തിക കുറ്റകൃത്യവിഭാഗമാണ് (ഇക്കണോമിക് ഒഫൻസസ് വിങ്) ഇവരെ പിടികൂടിയത്. ചുരുങ്ങിയ കാലംകൊണ്ടു നിക്ഷേപത്തിന്റെ പത്തിരട്ടി തിരിച്ചുനൽകുമെന്നു വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 

ചെന്നൈയിൽ 19 കോടി രൂപയുടെ തട്ടിപ്പുകേസിലും ലീനയെയും ശേഖറിനെയും അറസ്റ്റ് ചെയ്തിരുന്നു. 2013ലായിരുന്നു ഇത്. ചെന്നൈ അമ്പത്തൂരിലെ കാനറ ബാങ്കിന്റെ ശാഖയിൽനിന്നു 19 കോടി രൂപ തട്ടിപ്പു നടത്തിയ കേസിൽ സിബിഐ അന്വേഷണവും ആരംഭിച്ചു. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന സിബിഐയുടെ ബെംഗളൂരു യൂണിറ്റിനായിരുന്നു അന്വേഷണച്ചുമതല. ബാങ്ക് സമർപ്പിച്ച ഹർജിയിൽ അന്വേഷണം സിബിഐയ്‌ക്കു കൈമാറാൻ മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവിട്ടത്.

2013 ജൂണിലാണ് ഇരുവരെയും ചെന്നൈ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) അറസ്‌റ്റ് ചെയ്യുന്നത്. പിന്നീട് കോടതി ജാമ്യം നൽകി. ഇവർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെയും അന്വേഷണമുണ്ട്. വെൻഡിങ് മെഷീനുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നിർമിച്ചു നൽകുന്ന ചെന്നൈയിലെ സ്വകാര്യ കമ്പനിയായ ഫ്യൂച്ചർ ടെക്‌നിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ ഉപയോഗിച്ചാണ് സുകാഷ് ബാങ്കിൽ തട്ടിപ്പു നടത്തിയത്.

കർണാടക സർക്കാരിൽനിന്ന് ഇവർക്കു 30,000 വെൻഡിങ് മെഷീനുകളുടെ ഓർഡർ നൽകാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. കേസിൽ ബാങ്ക് മാനേജർ ജഗദീഷ്, കമ്പനി എംഡി: എം.ബാലസുബ്രഹ്‌മണ്യൻ, ഭാര്യ ചിത്ര എന്നിവരെ അറസ്‌റ്റ് ചെയ്‌തിരുന്നു. 

കാനറാ ബാങ്ക് അധികൃതരുടെ പരാതി അന്വേഷിച്ച ക്രൈംബ്രാഞ്ച്, ഡൽഹിയിൽ സുകാഷിന്റെ കൂട്ടാളിയും നടിയുമായ ലീന മരിയ പോളിനെ അറസ്‌റ്റു ചെയ്‌തതോടെയാണു തട്ടിപ്പുവിവരങ്ങൾ ലഭിക്കുന്നത്. കർണാടക സർക്കാർ വെൻഡിങ് മെഷിനുകൾക്ക് ടെൻഡർ ക്ഷണിച്ച് പരസ്യം സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ ഒപ്പുവച്ചത് ജയകുമാർ എന്ന ഉന്നത ഐഎഎസ് ഉദ്യോഗസ്‌ഥനാണ്.

ടെൻഡർ വിവരങ്ങൾ മനസ്സിലാക്കിയ സുകാഷ്, ജയകുമാർ ഐഎഎസ് എന്ന പേരിൽ ഫ്യൂച്ചർ ടെക്‌നിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഉടമകളെ ഫോണിൽ വിളിച്ച് 132 കോടി രൂപയുടെ കരാർ നൽകാമെന്നു പറഞ്ഞു. ഇതിനായി കമ്പനി ഉടമകൾ വായ്‌പയ്‌ക്കായി ബാങ്കിനെ സമീപിച്ചു. ഇവർക്കു വായ്‌പ നൽകുന്നതിനായി ബാങ്ക് മാനേജർ വി.ജഗദീഷയെ, ജയകുമാർ എന്നപേരിൽ ഫോൺ ചെയ്‌ത സുകാഷ്, വായ്‌പ നൽകാൻ ശുപാർശ ചെയ്‌തു. 

തുടർന്നു ജഗദീഷ 19 കോടി രൂപ കമ്പനി അധികൃതരുടെ അക്കൗണ്ടിലേക്കു മാറ്റി. ഇവർ പിന്നീട് സുകാഷ് നൽകിയ അക്കൗണ്ടുകളിലേക്കും പണം മാറ്റി. എന്നാൽ, എൻഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയിൽ സുകാഷ് നൽകിയ അക്കൗണ്ടുകൾ വ്യാജമാണെന്നു കണ്ടെത്തി.

ഈ അക്കൗണ്ടുകൾ ക്രൈം ബ്രാഞ്ച് മരവിപ്പിച്ചിരുന്നു. കാനറ ബാങ്കിൽ നിന്നു തട്ടിപ്പു നടത്തിയ പണം ഉപയോഗിച്ചാണ് സുകാഷ് ആഡംബര കാറുകളും സ്വർണാഭരണങ്ങളും വൈരക്കല്ലുകളും വാങ്ങിയതെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. സേലയൂരിലെ വസ്‌ത്ര വ്യാപാരിയിൽനിന്നു 72 ലക്ഷം രൂപ തട്ടിയ കേസിലും കാനറാ ബാങ്കിന്റെ അമ്പത്തൂർ ശാഖയിൽ 19 കോടി രൂപ തട്ടിപ്പു നടത്തിയ കേസിലുമായാണു ലീനയെ ഡൽഹിയിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ചെയ്തത്. 

ബെംഗളൂരുവിൽ ഡെന്റൽ കോളജിൽ പഠിക്കുകയും മോഡലിങ് ചെയ്യുകയും ചെയ്യുന്ന സമയത്താണു ലീന സുകാഷുമായി അടുക്കുന്നത്. സിനിമയിലും മോഡലിങ് രംഗത്തും കൂടുതൽ അവസരങ്ങൾ ലഭിക്കാൻ സഹായിക്കാമെന്നു പറഞ്ഞാണു ലീനയെ ആകർഷിച്ചതെന്നാണു പൊലീസ് പറയുന്നത്. വിവാഹം കഴിക്കാമെന്നും വാഗ്‌ദാനമുണ്ടായിരുന്നു.

shooting-kochi

ചെന്നൈയിലെ പ്രമുഖ നൃത്ത സംവിധായകനെയും ബോളിവുഡിലെ പ്രമുഖ സംവിധായകനെയും സുകാഷ് ലീനയ്‌ക്കു പരിചയപ്പെടുത്തിയിരുന്നു. ഇതോടെ സുകാഷിനെ വിശ്വസിച്ച ലീന അയാൾ നടത്തുന്ന തട്ടിപ്പുകൾക്കു കൂട്ടുനിൽക്കുകയായിരുന്നു.

ലീന താമസിച്ചിരുന്ന ഫാം ഹൗസിൽ നിന്നു പിടിച്ചെടുത്ത ആഡംബര കാറുകളിലൊന്നിന്റെ നമ്പർ വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. 9 ആഡംബര കാറുകളും 81 വിലപിടിപ്പുള്ള റിസ്‌റ്റ് വാച്ചുകളുമാണു കണ്ടെടുത്തത്. റോൾസ് റോയ്‌സ് ഫാന്റം, ആസ്‌റ്റൻ മാർട്ടിൻ, ബിഎംഡബ്ല്യു, റേഞ്ച് റോവർ, ഔഡി തുടങ്ങിയ കാറുകളാണു പിടിച്ചെടുത്തത്. ഇതിൽ റോൾസ് റോയ്‌സ് ഫാന്റത്തിന്റെ നമ്പറാണു വ്യാജമാണെന്നു കണ്ടെത്തിയത്.

സിനിമാക്കഥ പോലെ തന്നെയായിരുന്നു ലീനയുടെ ജീവിതം. ദുബായിൽ പഠിച്ചുവളർന്ന ബിഡിഎസുകാരി എന്നു സിനിമാമേഖലയിൽ സ്വയം പരിചയപ്പെടുത്തിയ ലീന ഐഎഎസുകാരിയെന്നു പറഞ്ഞു തട്ടിപ്പ് നടത്തിയതും അറസ്‌റ്റിലായതുമൊക്കെ സിനിമാക്കഥകൾക്കു സമാനം.

related stories