Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെപിസിസി പുനഃസംഘടിപ്പിക്കാൻ ധാരണ; ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പ്

KPCC-Leaders മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് കെപിസിസി പുനഃസംഘടന നടത്താന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗത്തില്‍ ധാരണ. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കെ.മുരളീധരനും പങ്കെടുക്കാത്തതിനാൽ പുനഃസംഘടന സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ നടന്നില്ല. സര്‍ക്കാരിന്റ വനിതാമതിലിനെതിരെ ശക്തമായ പ്രചാരണം നടത്താന്‍ യോഗം തീരുമാനിച്ചു.

വനിതാമതിലിനെതിരെ 28ന് മണ്ഡലം തലങ്ങളില്‍ പദയാത്രയും 20 മുതല്‍ 23 വരെ വീടുകള്‍ കയറി പ്രചാരണം നടത്താനും തീരുമാനമായി. ബൂത്ത് കമ്മിറ്റികളുടെ പുനഃസംഘടന എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും വൈസ് പ്രസിഡന്റ് വനിതയായിരിക്കണമെന്നും ഡിസിസി പ്രസിഡന്റുമാര്‍ക്കു കെപിസിസി നിര്‍ദേശം നല്‍കി. നിയോജകമണ്ഡലം ഭാരവാഹികളില്‍ രണ്ടുപേര്‍ വനിതകളായിരിക്കണമെന്നും നിര്‍ദേശമുണ്ട്. 

കോൺഗ്രസിന്റെ ദുർബലമായ സംഘടനാ സംവിധാനം പരിശോധിച്ചു ലോക്സഭാ തിരഞ്ഞെടുപ്പിനു സജ്ജമാക്കാൻ ഹൈക്കമാൻ‍ഡിനു താൽപര്യമുണ്ട്. എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് 14 ജില്ലകളിലുമെത്തും. കെപിസിസി അഴിച്ചുപണിയുമായി മുന്നോട്ടുപോകാനും പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു ഹൈക്കമാൻഡ് അനുമതി നൽകി

ജനുവരി അവസാനം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന കൊച്ചി റാലിക്കു മുന്നോടിയായിട്ടായിരിക്കും വാസ്നിക്കിന്റെ പര്യടനം. ഓരോ ജില്ലയിലും ഓരോ ദിവസം ചെലവഴിച്ചു സ്ഥിതി നേരിട്ടു മനസ്സിലാക്കണമെന്ന നിർദേശമാണു സംസ്ഥാന നേതൃത്വം സമർപ്പിച്ചത്. മുല്ലപ്പള്ളിയും വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷും വാസ്നിക് ഉൾപ്പെടെക്കമുള്ള കേന്ദ്ര നേതാക്കളുമായി ഇക്കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച നടത്തി.

എല്ലാ ജില്ലകളിലും താരതമ്യനേ യുവനേതൃത്വമാണു ഡിസിസി തലപ്പത്തുള്ളതെങ്കിലും ഭാരവാഹിപ്പട്ടികയെക്കുറിച്ച് ആർക്കും മതിപ്പില്ല. ജംബോ പട്ടികയായതിനാൽ ഉത്തരവാദിത്തമേറ്റെടുത്തു പ്രവർത്തിക്കാൻ പലരും താൽപര്യം കാട്ടുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പായി ഇതിൽ എന്തുമാറ്റം വരുത്താൻ കഴിയുമെന്ന അവലോകനത്തിനായാണു കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയെത്തുന്നത്. തിരഞ്ഞെടുപ്പു മേൽനോട്ടത്തിനായി മാത്രം ജില്ലാ ഉപസമിതിയെന്ന നിർദേശം പരിഗണനയിലുണ്ട്.