Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശിയെ പിന്തുണച്ച് യുവതിയെ കുറ്റപ്പെടുത്തി; സിപിഎമ്മിനെ വെട്ടിലാക്കി റിപ്പോര്‍ട്ട് പുറത്ത്

P.K. Sasi

തിരുവനന്തപുരം∙ ലൈംഗിക പീഡന പരാതിയിൽ ഷൊര്‍ണൂര്‍ എംഎൽഎ പി.കെ. ശശിയെ തുണച്ചുള്ള സിപിഎം അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. യുവതിയുടെ വാദങ്ങള്‍ ഖണ്ഡിച്ചാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് നൽകിയിരിക്കുന്നത്. പാര്‍ട്ടി ഓഫിസില്‍ വച്ച് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും യുവതി പരാതിപ്പെടാന്‍ വൈകിയെന്നും റിപ്പോര്‍ട്ടു കുറ്റപ്പെടുത്തുന്നു. ശശി പരാതിക്കാരിക്ക് 5000 രൂപ നല്‍കിയതു സംഘടനാച്ചെലവിനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എ.കെ. ബാലനും പി.കെ. ശ്രീമതിയുമായിരുന്നു കമ്മിഷനംഗങ്ങള്‍‌.

യുവതിയുടെ വാദങ്ങള്‍ തള്ളിയാണു കമ്മിഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. ഗൂഢാലോചനയെന്നു പല നേതാക്കളും മൊഴി നല്‍കി, പാര്‍ട്ടി ഓഫിസില്‍ വച്ച് അപമര്യാദയായി പെരുമാറിയിട്ടില്ല, ഈ ദിവസം ഓഫിസില്‍ നല്ല തിരക്കുണ്ടായിരുന്നു, വാതില്‍ അടച്ചിരുന്നതുമില്ല. സംഘടനാ ഫോറത്തില്‍ പോലും ആരോപണം ഉന്നയിച്ചില്ല തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടിൽ പറയുന്നു.

ലൈംഗിക അതിക്രമ പരാതിയില്‍ പി.കെ.ശശിയെ സിപിഎം ആറുമാസത്തേക്കാണു സസ്പെന്‍ഡ് ചെയ്തിരുന്നത്. ഡിൈവഎഫ്ഐ വനിതാ നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു നേതാവിനു യോജിക്കാത്തവിധം സംഭാഷണം നടത്തിയെന്നു ചൂണ്ടിക്കാട്ടി കടുത്ത നടപടിക്കു തീരുമാനിച്ചത്.

ലൈംഗികാതിക്രമം നടന്നെന്നായിരുന്നു വനിതാ നേതാവിന്റെ പരാതിയെങ്കിലും മുതിര്‍ന്ന നേതാവിനു യോജിക്കാത്ത സംഭാഷണമെന്ന് ഇതിനെ കമ്മിഷന്‍ ലഘൂകരിച്ചു. ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന പി.കെ. ശശിയുടെ വാദവും തള്ളി. തുടര്‍ന്നു പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റംഗമായ പി.കെ. ശശിയെ പാര്‍ട്ടിയില്‍നിന്നു സസ്പെൻഡ് ചെയ്യണമെന്ന നിര്‍ദേശം സംസ്ഥാന സെക്രട്ടേറിയറ്റ് മുന്നോട്ടുവയ്ക്കുകയായിരുന്നു. കടുത്ത നടപടി എടുത്തില്ലെങ്കില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാകുമെന്നു സംസ്ഥാന സമിതിയില്‍ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ പാലക്കാട് ജില്ലാ സെക്രട്ടറി ഇത്രയും കടുത്ത നടപടി വേണമോ എന്ന സംശയം ഉന്നയിച്ചെങ്കിലും, പരിഗണിക്കപ്പെട്ടില്ല.

സംഘടനാ നടപടിക്കു ശേഷവും സിപിഎം നേതാക്കൾക്കൊപ്പം വേദി പങ്കിട്ടു ശശി എത്തിയതും വിവാദമായിരുന്നു. ചെർപ്പുളശേരി സഹകരണ ആശുപത്രിയുടെ ചടങ്ങിലാണു സിപിഎം ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രനോടൊപ്പം ശശി വേദിയിലിരുന്നത്.