Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിഷേധത്തിനു സാധ്യതയെന്ന് പൊലീസ്; ശബരിമലയിൽ നിരോധനാജ്ഞ വീണ്ടും നീട്ടി

sabarimala ശബരിമല സന്നിധാനം.

ശബരിമല ∙ കഴിഞ്ഞ ദിവസങ്ങളിൽ വലിയ പ്രതിഷേധമോ അറസ്റ്റുകളോ ഒന്നുമില്ലെങ്കിലും സന്നിധാനം മുതൽ ഇലവുങ്കൽ വരെയുളള പ്രദേശങ്ങളിലെ നിരോധനാജ്ഞ 2 ദിവസം കൂടി നീട്ടി. 18 വരെ നിരോധനാജ്ഞ തുടരുമെന്നാണു ജില്ലാ കലക്ടറുടെ ഉത്തരവിൽ പറയുന്നത്.

യുവതീപ്രവേശത്തിനെതിരെ ഭക്തർ ശബരിമലയുടെ പലഭാഗങ്ങളിലും സംഘടിച്ചു പ്രതിഷേധം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി വീണ്ടും കലക്ടർക്കു റിപ്പോർട്ട് നൽകി.

ക്രമസമാധാനം നിലനിർത്താൻ മുൻകരുതലായി നിരോധനാജ്ഞയുടെ തൽസ്ഥിതി തുടരണമെന്നു സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ എക്സിക്യുട്ടിവ് മജിസ്ട്രേറ്റുമാരും റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് 2 ദിവസത്തേക്കു കൂടി നീട്ടിയത്.

നിരോധനാജ്ഞ നീട്ടിയതിനു പിന്നാലെ സന്നിധാനത്തു നിയന്ത്രണങ്ങൾക്കായി കൂടുതൽ ബാരിക്കേഡുകൾ എത്തി. പൊലീസിന്റെ അപേക്ഷ പ്രകാരം ദേവസ്വം ബോർഡ് തയാറാക്കിയ 30 ഇരുമ്പു ബാരിക്കേഡുകളാണ് എത്തിച്ചത്.

വടക്കേനടയിലാണ് ഇവ പൊലീസ് ഇറക്കിവച്ചത്. സന്നിധാനത്തു വടക്കേനടയിലും വാവരുനടയിലും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്കു ശനിയാഴ്ച ചെറിയ അയവു വരുത്തിയിരുന്നു. വടക്കേനടയിൽ നെയ്യഭിഷേകത്തിനു തയാറെടുക്കാൻ ഭക്തർക്ക് അവസരം നൽകിയിരുന്നു.

നെയ്യഭിഷേകത്തിനുള്ളവർ കൂടുതൽ സ്ഥലങ്ങളിൽ ഇരിക്കാതെ നോക്കാൻ പ്രത്യേക പൊലീസിനെയും നിയോഗിച്ചു. സ്റ്റാഫ് ഗേറ്റു വഴി സന്നിധാനത്തേക്കു കയറാൻ പറ്റാത്തവിധത്തിൽ ശനിയാഴ്ച അയ്യപ്പന്മാർ സ്ഥലം കയ്യടക്കി. അതുണ്ടാകാതിരിക്കാൻ പൊലീസ് പ്രത്യേകം ശ്രദ്ധിച്ചു.