Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹർത്താൽ തെറ്റായിരുന്നില്ല; തീരുമാനമെടുത്തത് എല്ലാരോടും ആലോചിച്ച്: ശ്രീധരൻപിള്ള

P.S. Sreedharan Pillai

തിരുവനന്തപുരം∙ ബിജെപി സമരപ്പന്തലിനു മുന്നിൽ മുട്ടട സ്വദേശി വേണുഗോപാലൻ നായർ തീകൊളുത്തി ആത്മഹത്യ ചെയ്തതിൽ ഹർത്താൽ പ്രഖ്യാപിച്ചതിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. എല്ലാ നേതാക്കളുമായും ആലോചിച്ചാണു തീരുമാനമെടുത്തത്. ബിജെപി നടത്തിയ രണ്ടു ഹര്‍ത്താലുകളും തെറ്റാണെന്ന വിലയിരുത്തലില്ല. ചിലര്‍ ബിജെപിക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിക്കുകയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

സമരപന്തലിനു മുന്നിൽ തീ കൊളുത്തിയ വേണുഗോപാലന്‍ നായര്‍ ആത്മഹത്യ ചെയ്തുവെന്നു വാര്‍ത്താക്കുറിപ്പിറക്കാന്‍ പൊലീസിന് എന്തവകാശമാണുള്ളതെന്നും ശ്രീധരന്‍ പിള്ള ചോദിച്ചു. ശബരിമല സംഭവവുമായി ബന്ധമില്ല എന്ന് പ്രസ്താവനയിറക്കിയതിലൂടെ കമ്മിഷണര്‍ സിപിഎമ്മിന്‍റെ കൂലിപ്പണിക്കാരനായി.

വേണുഗോപാലന്‍ നായര്‍ ബിജെപി നേതാവ് സി.കെ പദ്മനാഭനോട് പറഞ്ഞതാണു മരണമൊഴി. എന്നാല്‍ സി.കെ. പദ്മനാഭന്‍റെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് തയാറായില്ല. വേണുഗോപാലന്‍ നായരുടെ കുടുംബം കേസ് കൊടുക്കാന്‍ പോകുകയാണെന്നും ജീവതനൈരാശ്യം മൂലം ആത്മഹത്യ ചെയ്തുവെന്നു പറഞ്ഞവര്‍ കോടതികയറേണ്ടി വരുമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേർത്തു.