Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രാൻസ്ജെൻഡറുകളെ എരുമേലിയിൽ തടഞ്ഞു; പൊലീസ് മോശമായി പെരുമാറിയെന്ന് ആരോപണം

Transgenders-to-Sabarimala ശബരിമലയിലേക്കു പോകാന്‍ ട്രാന്‍സ്ജെന്‍ഡേഴ്സ് കെട്ടുമുറുക്കുന്നു.

എരുമേലി∙ ശബരിമലയിലേക്കു പോയ ട്രാന്‍സ്ജെന്‍ഡറുകളെ എരുമേലിയില്‍ പൊലീസ് തടഞ്ഞു. നാലു പേരുടെ സംഘത്തെയാണു തടഞ്ഞത്. സ്ത്രീവേഷം മാറ്റണമെന്ന പൊലീസിന്റെ ആവശ്യം നിരാകരിച്ചതിനാലാണ് ഇവരെ മടക്കിയയച്ചത്. പൊലീസിനെതിരെ രൂക്ഷ ആരോപണങ്ങളാണ് ട്രാന്‍സ്ജന്‍ഡറുകള്‍ ഉന്നയിച്ചത്.

ശബരിമല ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ടപ്പോള്‍ വളരെ മോശമായി പെരുമാറിയെന്ന് അനന്യ പറഞ്ഞു. എരുമേലി സ്റ്റേഷനില്‍ ഡിവൈഎസ്പി മാനസികമായി പീഡിപ്പിച്ചു . ആണ്‍വേഷം ധരിക്കാന്‍ നിര്‍ബന്ധിച്ചു. അതിനു വഴങ്ങിയിട്ടും സുരക്ഷ ഒരുക്കിയില്ല. വനിത പൊലീസ് ഉള്‍പ്പെടെ മോശമായി പെരുമാറിയെന്ന് അനന്യ ആരോപിച്ചു.

തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മനിതി വനിത കൂട്ടായ്മ

ശബരിമലയിലേക്ക് സ്ത്രീകളെ എത്തിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മനിതി വനിത കൂട്ടായ്മ. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേതൃത്വത്തില്‍ നാല്‍പ്പതോളം സ്ത്രീകള്‍ ഈ മാസം ഇരുപത്തി മൂന്നിന് ശബരിമയിലെത്തും. പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം ലഭിക്കുന്നത് വരെ ശ്രമം തുടരും. സുരക്ഷ ഒരുക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് മനിതി കോര്‍ഡിനേറ്റര്‍ സെല്‍വി മനോരമ ന്യൂസിനോട് പറഞ്ഞു.

ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പതിനാലു വയസുള്ള പെണ്‍കുട്ടിയടക്കം പതിനഞ്ചുപേര്‍, ഒഡിഷ, കര്‍ണാടക, മധ്യപ്രദേശ്, കേരളം എന്നിവിടങ്ങളില്‍ നിന്നും ഇരുപത്തിയഞ്ചോളം പേര്‍. ഇരുപത്തിമൂന്നാം തീയതി സംഘം കോട്ടയത്തെത്തി ശബരിമലയിലേക്കു തിരിക്കാനാണ് ആലോചന. ചിലര്‍ അഞ്ച് ദിവസം മുമ്പ് മാലയിടും. മറ്റു ചിലര്‍ പമ്പയില്‍ നിന്നും. പക്ഷേ എല്ലാവരും വ്രതത്തിലാണ്. അമ്പത് വയസിന് മുകളില്‍ പ്രായമുള്ളവരും സംഘത്തിലുണ്ടെന്ന് ‌ മനിതി ഭാരവാഹികള്‍ പറഞ്ഞു. ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. മറുപടി അനുകൂലമാണ്. നിങ്ങള്‍ വന്നോളൂ എന്ന് പറഞ്ഞു. കത്ത് പൊലീസിന് കൈമാറിയിട്ടുണ്ടെന്നും അവര്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കും എന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

പ്രതിഷേധമുണ്ടായാല്‍ മുഖ്യമന്ത്രിയെ നേരില്‍ കാണ്ട് സഹായമഭ്യര്‍ഥിക്കും. ദര്‍ശനത്തിനായി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യും. ശബരിമലയില്‍ പോകാന്‍ ആഗ്രവുമായി എത്തുന്ന സ്ത്രീകളെ അവിടെ എത്തിക്കുകയാണ് മനിതിയുടെ നിലവിലെ ലക്ഷ്യമെന്നാണ് ഭാരവാഹികള്‍ പറയുന്നത്.