Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

3861 എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടു; കനത്ത പ്രതിസന്ധിയിലേക്ക് കെഎസ്ആര്‍ടിസി

ksrtc-fast-passenger-bus

തിരുവനന്തപുരം∙ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസിയിലെ 3,861 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് ഉത്തരവിറങ്ങി. അതോടൊപ്പം പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് ഇന്നു മുതല്‍ നിയമന ശുപാര്‍ശ നല്‍കിത്തുടങ്ങും. ഇന്നു തന്നെ ജീവനക്കാരെ പിരിച്ചുവിടണമെന്നു ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു.

2013 മേയ് ഒൻപതിനാണ് റിസർവ് കണ്ടക്ടർ റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചത്. ആദ്യ നിയമന ശുപാർശ നടന്നത് 2013 സെപ്റ്റംബര്‍ അഞ്ചിനായിരുന്നു. 9,300 പേർക്ക് ഒന്നാം ഘട്ടത്തിൽ നിയമന ശുപാർശ നൽകി. ഇവരിൽ 3,808 പേർക്ക് കെഎസ്ആർടിസി വൈകാതെ നിയമനം നൽകി.

എന്നാൽ 5,492 പേർ നിയമന ഉത്തരവിനായുള്ള കാത്തിരിപ്പ് വർഷങ്ങളോളം തുടർന്നു. മൂന്നു വർഷത്തോളമായപ്പോഴാണ് ഇവർക്കെല്ലാം നിയമന ഉത്തരവ് ലഭിച്ചത്. ലിസ്റ്റിലെ അവസാന നിയമന ശുപാർശ നടന്നത് 2016 ഡിസംബര്‍ 31നായിരുന്നു. 4,051 പേർക്കാണ് അന്ന് നിയമന ശുപാർശ നൽകിയത്. ഇവരിൽ ഒരാൾക്ക്പോലും നിയമന ഉത്തരവ് നൽകാൻ കെഎസ്ആർടിസി തയാറാകാത്ത സാഹചര്യത്തിലാണ് ഉദ്യോഗാർഥികൾ ഹൈക്കോടതിയെ സമീപിച്ചതും ഇപ്പോൾ അനുകൂല വിധി ലഭിച്ചതും.

ഹൈക്കോടതി ഉത്തരവ് കെഎസ്ആര്‍ടിസിയെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബാധിക്കാനിടയില്ല. നിയമന ശുപാര്‍ശ ലഭിക്കുന്നവരില്‍ വലിയൊരു ശതമാനം കെഎസ്ആര്‍ടിസിയില്‍ ജോലിയില്‍ കയറാറില്ലെന്നതാണ് കാരണം. ജോലിയില്‍ പ്രവേശിക്കുന്നവരാകട്ടെ മികച്ച മറ്റു ജോലികള്‍ ലഭിക്കുമ്പോള്‍ ജോലി ഉപേക്ഷിക്കാറുണ്ട്. കണ്ടക്ടര്‍ ലിസ്റ്റില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്.

എന്നാല്‍, താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നത് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കുമെന്നു കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തൊട്ടാകെ 10,000 കണ്ടക്ടര്‍മാരുണ്ടെങ്കിലും താല്‍ക്കാലിക കണ്ടക്ടര്‍മാരെ കൂട്ടത്തോടെ പിരിച്ചു വിടുന്നത് വടക്കന്‍ കേരളത്തില്‍ സര്‍വീസുകള്‍ മുടങ്ങുന്നതിനു കാരണമാകും. പുതിയ കണ്ടക്ടര്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കുന്നതിനു സമയമെടുക്കും. പ്രതിദിനം 500 സര്‍വീസുകള്‍ മുടങ്ങുന്ന സാഹചര്യമുണ്ടാകുമെന്നാണ് കെഎസ്ആര്‍ടിസി യൂണിയനുകള്‍ പറയുന്നത്.

ഇതൊരു അന്തിമ വിധിയല്ലെന്നു താല്‍ക്കാലിക ജീവനക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് സിഎംഡി ടോമിന്‍ ജെ.തച്ചങ്കരി പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം എംപാനല്‍കാരെ പിരിച്ചുവിടണ്ട എന്നാണ്. അതിനുവേണ്ടിയാണ് കോര്‍പ്പറേഷന്‍ ശ്രമിക്കുന്നത്. ഇക്കാര്യം കോടതിയെ ബോധിപ്പിക്കും. ഇതു താല്‍ക്കാലിക നടപടിയാണ്. താല്‍ക്കാലിക ജീവനക്കാര്‍ നിരാശരാകരുതെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അനുകൂല വിധിയുണ്ടായാല്‍ മുഴുവന്‍പേരെയും തിരിച്ചെടുക്കുമെന്നും എം.ഡി ടോമിന്‍ തച്ചങ്കരി ഉറപ്പുനല്‍കി. പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കാന്‍ വൈകിയതിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി ചൊവ്വാഴ്ച എംഡി നേരിട്ടെത്തി സത്യവാങ്മൂലം നല്‍കണമെന്നും നിര്‍ദേശിക്കുകയായിരുന്നു.

മുഴുവന്‍ എംപാനല്‍ കണ്ടക്ടര്‍മാരേയും പിരിച്ചുവിട്ട് പിഎസ്‌സി ശുപാര്‍ശ ചെയ്തവരെ തിങ്കളാഴ്ചയ്ക്കകം നിയമിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ താക്കീത്. എന്നാല്‍ രാവിലെ കേസ് പരിഗണിച്ചപ്പോഴും ഉത്തരവിറങ്ങാത്തതിനെ കോടതി അതിരൂക്ഷമായി വിമര്‍ശിച്ചു. ഒരു എംപാനലുകാരനും ജോലി ചെയ്യുന്നില്ലെന്ന് അടുത്തദിവസം എംഡി നേരിട്ടെത്തി സത്യവാങ്മൂലം നല്‍കണം. അല്ലാത്തപക്ഷം പ്രത്യാഘാതം അനുഭവിക്കാന്‍ തയാറാകണം. കോടതിയെയും ജനങ്ങളെയും കെഎസ്ആര്‍ടിസി വിഡ്ഢികളാക്കുകയാണന്നും ഉന്നതപദവിയിൽ ഇരിക്കുന്നവരെയും നീക്കാൻ കോടതിക്ക് അറിയാമെന്നുമെന്നും കോടതി വ്യക്തമാക്കി.

അതേസമയം, കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം സ്തംഭനത്തിലേക്കാണെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ മനോരമ ന്യൂസിനോടു പറഞ്ഞു. മലബാറില്‍ ഉള്‍പ്പെടെ നിരവധി സര്‍വീസുകള്‍ മുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. പിഎസ്‌സി നിയമനം നടത്തിയാലും സാധാരണ നിലയിലാവാന്‍ ദിവസങ്ങള്‍ വേണ്ടിവരും. പിരിച്ചുവിടുന്ന എംപാനലുകാരെ ഒരുതരത്തിലും പുനരധിവസിപ്പിക്കാന്‍ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

related stories