Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംപാനലുകാരെ പിരിച്ചുവിടണമെന്ന് വീണ്ടും കോടതി; കെഎസ്ആർടിസി സ്തംഭിക്കുമെന്ന് മന്ത്രി

AK Sasindran

കൊച്ചി∙ കെഎസ്ആർടിസി എംപാനൽ ജീവനക്കാരെ പിരിച്ചു വിടുന്ന വിഷയത്തിൽ കടുത്ത നിലപാടുമായി ഹൈക്കോടതി. കെഎസ്ആർടിസി കോടതിയെയും ജനങ്ങളെയും വിഢികളാക്കുകയാണ്. താല്‍കാലിക ജീവനക്കാരെ ഇന്ന് തന്നെ പിരിച്ചുവിടണം. പിഎസ്‍സി ശുപാർശ ചെയ്തവരെ നിയമിക്കാൻ ഒരു നിമിഷം പോലും വൈകരുത്. ഇന്നു മുതൽ ഒരു എംപാനൽ ജീവനക്കാരനും ജോലി ചെയ്യുന്നില്ലെന്ന് കെഎസ്ആർടിസി എംഡി സത്യവാങ്മൂലം നൽകണം. അത് നാളെത്തന്നെ വേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. 

പിഎസ്‍സി ശുപാർശ ചെയ്തവരെ ജോലിക്ക് പ്രവേശിപ്പിക്കാൻ ഇന്നുതന്നെ നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കെഎസ്ആർടിസിയുടെ ഉയർന്ന പദവിയിൽ ഇരിക്കുന്നവരെയും നീക്കാൻ അറിയാം. നാളെ സത്യവാങ്മൂലം സമർപ്പിച്ചില്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കാൻ തയ്യാറായിക്കോളാനും കോടതി പറഞ്ഞു.

എംപാനൽ ജീനവക്കാരെ പിരിച്ചു വിടാനുള്ള നിർദേശം പാലിക്കാതിരുന്നതിൽ എന്ത് ന്യായീകരണമാണ് കെ.എസ്.ആർ.ടി.സിയ്ക്ക് ഉള്ളത് എന്നു ചോദിച്ച കോടതി എന്റെ പേന മറ്റുള്ളവരുടെ നടപടികളേക്കാൾ ശക്തമാണെന്നും പറഞ്ഞു. മാധ്യമങ്ങൾ ഇവിടെ ഉള്ളതിനാൽ ബോധപൂർവ്വമാണ് ഇത് പറയുന്നത്. എത്ര കാലം നിങ്ങൾക്ക് ജനത്തെ മണ്ടന്മാർ ആക്കാൻ കഴിയുമെന്നാണ് കരുതുന്നത്? രണ്ട് വർഷമായി അവർ കാത്തിരിക്കുന്നെന്നും കോടതി പറഞ്ഞു. എന്നാൽ എംപാനൽ ജീവനക്കാരെ കേൾക്കാൻ കോടതി തയാറായില്ല. താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടി സർക്കാർ തുടങ്ങിയെന്നു കാട്ടി സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകി.

അതേസമയം, എംപാനലുകാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി നിർദേശം കെഎസ്ആർടിസിയെ നിരത്തിൽനിന്നു തുടച്ചു നീക്കുന്ന നടപടിയാണെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ഇപ്പോൾത്തന്നെ കടത്തിലായ കെഎസ്ആർടിസിയെ ഈ നിർദേശം കൂടുതൽ പ്രതിസന്ധിയിലേക്കു നയിക്കും. മലബാറിൽ ഉൾപ്പെടെ ഒട്ടേറെ സർവീസുകൾ മുടങ്ങും. പിഎസ്‍‌സി വഴി നിയമനം നടത്തിയാലും സർവീസുകൾ സാധാരണ നിലയിലേക്കെത്താൻ സമയമെടുക്കും. നാലായിരത്തോളം പേരെ പിരിച്ചുവിട്ടശേഷം പിഎസ്‍സി നിയമനം നടത്തണമെന്നുള്ള നിർദേശം സർക്കാരിനു കൂടുതൽ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. പിരിച്ചുവിടുന്ന എംപാനലുകാരെ ഒരുതരത്തിലും പുനഃരധിവസിപ്പിക്കാന്‍ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ശബരിമല സർവീസുകൾക്കു തിരിച്ചടി

എംപാനൽ കണ്ടക്ടർമാരെ പിരിച്ചു വിടാനുള്ള നീക്കം ശബരിമല സർവീസുകൾക്കു തിരിച്ചടി. ജില്ലാ ഹെഡ്ക്വാർട്ടേഴ്സിനു കീഴിൽ 300 എംപാനൽ കണ്ടക്ടർമാരാണുള്ളത്. എംപാനൽ ജീവനക്കാരെ ഇന്നു മുതൽ ഡ്യൂട്ടിക്കു വിടരുതെന്നു നിർദേശിച്ചു തിരുവനന്തപുരത്തു നിന്നു ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർക്ക് അറിയിപ്പു ലഭിച്ചു. ഇതോടെ മറ്റു സർവീസുകളിൽ ഡ്യൂട്ടിയിലുള്ള കണ്ടക്ടർമാരെ തിരിച്ചു വിളിച്ചു പമ്പാ സർവീസിനു നിയോഗിച്ചിരിക്കുകയാണ്. 

ഇത്തരത്തിൽ വർക്കിങ് അറേഞ്ച്മെന്റ് നടത്താൻ തുടങ്ങിയതോടെ മറ്റു സ്ഥലങ്ങളിലേക്കുള്ള സർവീസുകൾ മുടങ്ങി. കടുത്ത കണ്ടക്ടർ ക്ഷാമമാണ് ജില്ലയിൽ നേരിടുന്നത്. ശബരിമല സർവീസുകളെ ബാധിക്കാതെ തീരുമാനം നടപ്പാക്കാനുള്ള ശ്രമത്തിലാണ് കെഎസ്ആർടിസി. ഇതോടെ ഗ്രാമ പ്രദേശങ്ങളിലേക്കുള്ള ബസുകൾ പൂർണമായും മുടങ്ങും. എംപാനൽ കണ്ടക്ടർമാർ ഇന്നു മുതൽ ജോലിക്കു കയറയിട്ടില്ല. എന്നാൽ, ആരെയും പിരിച്ചു വിട്ടു തുടങ്ങിയിട്ടില്ലെന്നു കെഎസ്ആർടിസി അധികൃതർ അറിയിച്ചു. 

പമ്പയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 24 എംപാനലുകാരെ കഴിഞ്ഞ ദിവസം തന്നെ തിരിച്ചു വിളിച്ചിരുന്നു. പകരം സ്റ്റേഷൻ മാസ്റ്റർ ഓഫിസിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 6 സ്ഥിരം കണ്ടക്ടർമാരെ നിയമിച്ചു. ശബരിമലയിൽ തീർഥാടക തിരക്ക് വർധിക്കുന്ന സാഹചര്യയത്തിൽ 24നു പകരം 6 പേരെ നൽകിയാൽ മതിയാവില്ല. ശബരിമല സ്പെഷൽ സർവീസ് അവശ്യ സർവീസായി പ്രഖ്യാപിച്ചതിനാൽ മുടങ്ങാൻ അനുവദിക്കില്ല.  

related stories