Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധ്യപ്രദേശിൽ കമൽനാഥ് കൊണ്ടു പോകുമോ 4 എംഎൽഎമാരെ?; ചങ്കിടിച്ച് ബിജെപി

kamal nath കമൽനാഥ്

ന്യൂഡൽഹി∙ മധ്യപ്രദേശിൽ ഭരണം പോയതിനു പിന്നാലെ 4 എംഎൽഎമാരെ കൂടി നഷ്ടമാകുമെന്ന ഭീതിയിൽ ബിജെപി. കോൺഗ്രസിലേക്ക് എംഎൽഎമാർ പോയേക്കുമെന്നാണു സൂചനകൾ. സഞ്ജയ് പഥക്, മുൻമുൻ റായ്, സ്വദേശ് റായ്, അനിരുദ്ധ് മാരോ എന്നിവരാണു ചാഞ്ചാടി നിൽക്കുന്നതെന്നു ഒരു ദേശീയ മാധ്യമം പറയുന്നു.

കടുത്ത പോരാട്ടം നടന്ന മധ്യപ്രദേശിൽ 15 വർഷത്തെ ബിജെപി ആധിപത്യം തകർത്താണു കോൺഗ്രസ് അധികാരത്തിലേറിയത്. 230 അംഗ സഭയിൽ 114 സീറ്റ് നേടിയ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 109 സീറ്റു നേടി ബിജെപി തൊട്ടടുത്തെത്തി. ഒറ്റയ്ക്കു കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും എസ്പി, ബിഎസ്പി, വിമതർ എന്നിവരുടെ പിന്തുണയോടെയാണു കോൺഗ്രസ് സർക്കാർ രൂപീകരിച്ചത്.

മുതിർന്ന നേതാവും രാഷ്ട്രീയ തന്ത്രജ്ഞനുമായ കമൽനാഥ് മുഖ്യമന്ത്രിയായതോടെയാണു ബിജെപിയുടെ ഭയം വർധിച്ചത്. നിലവിൽ എംഎൽഎ അല്ലാത്ത കമൽനാഥ് ആറു മാസത്തിനകം തിരഞ്ഞെടുപ്പിൽ മൽസരിച്ചു ജയിക്കേണ്ടതുണ്ട്. ബിഎസ്പിയോ സ്വതന്ത്രരോ അവരുടെ സീറ്റ് ഒഴിയാൻ താൽപര്യപ്പെടില്ല. ഈ സാഹചര്യത്തിലാണു തങ്ങളുടെ എംഎൽഎമാരെ കോൺഗ്രസ് നോട്ടമിടുന്നതെന്നു ഉന്നത ബിജെപി നേതാവ് വെളിപ്പെടുത്തി.

ബിജെപിയിൽനിന്ന് എംഎൽഎമാരെ അടർത്തി കോൺഗ്രസിൽ എത്തിക്കുന്നതോടെ സഭയിൽ ഭൂരിപക്ഷം വർധിപ്പിക്കാമെന്നും കമൽനാഥ് കണക്കുകൂട്ടുന്നു. ചെറിയ ഭൂരിപക്ഷത്തിൽ മാത്രം സർക്കാരുണ്ടാക്കിയ കോൺഗ്രസിനെ ക്ഷീണിപ്പിക്കാൻ ബിജെപിയും ശ്രമിക്കുന്നുണ്ട്. കോൺഗ്രസ് എംഎൽഎമാരെ ബിജെപി പാളയത്തിലെത്തിക്കാനാകുമോ എന്നാണു നോക്കുന്നത്. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പു വരെ കാത്തിരിക്കാനും സംസ്ഥാനത്തെ രാഷ്ട്രീയ മാറ്റങ്ങൾ നിരീക്ഷിക്കാനുമാണു ബിജെപിയിലെ ഒരു വിഭാഗം നിർദേശിക്കുന്നത്. 

എംഎൽഎമാരെ ചാക്കിലാക്കി ഭരണം പിടിക്കാനില്ലെന്നു ബിജെപി പുറമേക്കും പറയുന്നു. കർണാടകയിലെ കയ്പേറിയ സംഭവങ്ങൾ ആവർത്തിക്കാനും താൽപര്യപ്പെടുന്നില്ല. തിരഞ്ഞെടുപ്പിനു ശേഷമുള്ള തന്ത്രങ്ങൾ ഒരുക്കുന്നതിൽ കമൽനാഥ് നിപുണനാണെന്നു ബിജെപി സമ്മതിക്കുന്നു. ഈ സാഹചര്യത്തിൽ സ്വന്തം എംഎൽഎമാരെ പിടിച്ചുനിർത്താനാണു ശ്രമം. ഇനി അഥവാ അവർ പോയെങ്കിൽ, അടുത്തിടെ മാത്രം പാർട്ടിയിൽ ചേർന്നവരാണെന്നു പറഞ്ഞൊഴിയാനാണു ബിജെപി ഉദ്ദേശിക്കുന്നത്.