Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുമ്പോൾ ഭീഷണിയുണ്ടാകും, ഭയപ്പെടില്ല : മുഖ്യമന്ത്രി

Pinarayi Vijayan

തിരുവനന്തപുരം∙ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുമ്പോൾ ഭീഷണിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണുരുട്ടലും ഭീഷണിയും വേണ്ട. അതു ചിലവാകുന്നിടത്ത് മതി. ഇതൊന്നും കണ്ടു സർക്കാർ ഭയപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എൻഎസ്എസിനുള്ള പരോക്ഷ മറുപടിയാണിതെന്ന വിലയിരുത്തലുണ്ട്.

വനിതാ മതിൽ വിഷയത്തില്‍ എൻഎസ്എസിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. എന്‍എസ്എസിനെ ആര്‍എസ്എസിന്റെ തൊഴുത്തില്‍ കെട്ടാനുള്ള ശ്രമം സമുദായംഗങ്ങള്‍ തിരിച്ചറിയണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. മന്നത്ത് പത്മനാഭന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ സുകുമാരന്‍ നായര്‍ തയാറാകണം. വനിതാമതിലില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നത് ആര്‍എസ്എസുകാരാണന്നും കോടിയേരി ആരോപിച്ചിരുന്നു.

ഇതിനു മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും രംഗത്തെത്തി. മറ്റാരുടെയും തൊഴുത്തിൽ ഒതുങ്ങുന്നതല്ല എൻഎസ്എസ് എന്ന കാര്യം കോടിയേരി ഓർക്കുന്നതു നല്ലത്. അതിനു വേണ്ടി ശ്രമിച്ചവരെല്ലാം നിരാശരായ ചരിത്രമാണുള്ളത്. രാഷ്ട്രീയത്തിന് അതീതവും മതേതരത്വത്തിന് ഉതകുന്നതും മന്നത്തു പത്മനാഭന്റെ ദർശനങ്ങളിൽ അധിഷ്ഠിതവുമായ നിലപാടാണ് എൻഎസ്എസ് ഇന്നും തുടരുന്നതെന്ന കാര്യം കോടിയേരി ബാലകൃഷ്ണൻ അറിയണമെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു.