Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോട്ടുനിരോധനം സാമ്പത്തിക വളർച്ചയെ പിന്നോട്ടടിച്ചു: ഗീതാ ഗോപിനാഥ് ഉൾപ്പെട്ട സംഘം

gita-gopinath ഗീതാ ഗോപിനാഥ്

ന്യൂഡൽഹി∙ നോട്ടുനിരോധനം ഇന്ത്യയുടെ സാമ്പത്തിക വളർച്ചാനിരക്കിൽ ഒരു പാദത്തിൽ രണ്ടു ശതമാനമെങ്കിലും ഇടിവുവരുത്തിയതായി പഠനം. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷനൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസേർച്ചിൽ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഈ കാര്യം സൂചിപ്പിക്കുന്നത്. ‘ക്യാഷ് ആൻഡ് ദി ഇക്കണോമി: എവിഡൻസ് ഫ്രം ഇന്ത്യാസ് ഡിമോണിറ്റൈസേഷൻ’ എന്ന പേരിൽ രാജ്യാന്തര നാണയ നിധിയിലെ മുഖ്യസാമ്പത്തിക വിദഗ്ധയും മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന ഗീത ഗോപിനാഥ് അടക്കം നാല് സാമ്പത്തിക വിദഗ്ധരാണ് പഠനം നടത്തിയത്.

2016 നവംബർ 8ന് അപ്രതീക്ഷിതമായി നടപ്പിലാക്കിയ നോട്ടുനിരോധനം ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്കു കനത്ത ആഘാതമാണ് ഏൽപ്പിച്ചത്. ഔപചാരികവും അനൗപചാരികവുമായ പ്രവർത്തനങ്ങളെ ഇതു കാര്യമായി ബാധിച്ചുവെന്ന് പഠനം വിലയിരുത്തുന്നു. 2016–17 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ഏഴു ശതമാനമായിരുന്നു ഇന്ത്യയുടെ വളർച്ചാനിരക്ക്. എന്നാൽ നോ‌ട്ടുനിരോധനം നടപ്പിലാക്കിയ നാലാം പാദത്തിൽ വളർച്ചാനിരക്ക് 6.1 ശതമാനമായി കുറഞ്ഞു. നോട്ടുനിരോധനത്തിനു മുൻപ് 7.6 ശതമാനമായിരുന്ന ജിഡിപി നിരക്ക് അതിനുശേഷം 6.8 ശതമാനത്തിലേക്ക് കുറഞ്ഞു.  കെട്ടിടനിർമാണം, സാമ്പത്തിക സേവനങ്ങൾ തുടങ്ങിയ മേഖലകളെയും നിരോധനം ബാധിച്ചു.

കുറഞ്ഞ കാലയളവിൽ നോട്ടുനിരോധനം ഏൽപ്പിച്ച പ്രത്യാഘാതങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പഠനം. ഉയർന്ന നികുതി വരുമാനവും ‍ഡിജിറ്റൽ ഇടപാടുകളിലേക്കുള്ള മാറ്റവും നോട്ടുനിരോധനത്തിന്റെ ദീർഘകാല ഗുണങ്ങളായേക്കാമെന്നു പഠനം നിരീക്ഷിക്കുന്നു. പ്രാബല്യത്തിൽ ഉണ്ടായിരുന്ന 86 ശതമാനം നോട്ടുകളും നിരോധിക്കാനായതും ദീർഘകാല അടിസ്ഥാനത്തിൽ ഗുണകരമായേക്കാം. എന്നാൽ ഇതിനെക്കുറിച്ചു കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്.

ഹാർവഡ് സർവകലാശാലയിലെ സാമ്പത്തിക വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഗബ്രിയേൽ ചോദ്‌റോ റീച്ച്, ഗ്ലോബൽ മാക്രോ റിസേർച്ച് മാനേജിങ് ഡയറക്ടർ പ്രാച്ഛി മിശ്ര, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിസേർച്ച് മാനേജർ അഭിനവ് നാരായണൻ എന്നിവരാണ് പഠനസംഘത്തിൽ ഉൾപ്പെട്ട മറ്റു സാമ്പത്തിക വിദഗ്ധർ.