Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ ഭാരതം ഗംഭീരം, എന്റെ മാഡം അതിഗംഭീരം: സുഷമയെ ആലിംഗനം ചെയ്ത് അന്‍സാരിയുടെ ഉമ്മ

sushma-swaraj-fouzia-ansari കേന്ദ്രമന്ത്രി സുഷമ സ്വരാജിനെ ആലിംഗനം ചെയ്യുന്ന ഫൗസിയ. പാക്ക് ജയിലിൽനിന്ന് ഇന്ത്യയിൽ മടങ്ങിയെത്തിയ ഫൗസിയയുടെ മകൻ അൻസാരി സമീപം. ചിത്രം: ട്വിറ്റർ

ന്യൂഡൽ‌ഹി∙ ആറു വർഷങ്ങൾക്കു ശേഷമാണു മകനെ കാണുന്നത്, പാക്ക് ജയിലിൽനിന്ന് മാതൃരാജ്യത്തെത്തിയ മകനൊപ്പം കേന്ദ്രമന്ത്രിയെ സന്ദർശിക്കുകയായിരുന്നു ഫൗസിയയുടെ ആദ്യ ലക്ഷ്യം. വികാരസാന്ദ്രമായ വേളയിൽ, മാതൃവാത്സല്യത്തോടെ സുഷമ ഫൗസിയയുടെ മകന്‍ ഹമീദ് നിഹാല്‍ അന്‍സാരിയെ ചേർത്തുപിടിച്ചു, വിശേഷങ്ങൾ തിരക്കി. അൻസാരിയെ ഹൃദ്യമായി സ്വരാജ്യത്തേക്കു സ്വാഗതം ചെയ്ത സുഷമ, അദ്ദേഹത്തെ സാന്ത്വനിപ്പിച്ചു.

എല്ലാത്തിനും സാക്ഷിയായ ഫൗസിയ സുഷമയുടെ കൈപിടിച്ചു. രണ്ടുപേരും മുഖത്തോടു മുഖംനോക്കി ആർദ്രമായി സംസാരിച്ചു. നിറകണ്ണുമായി ഫൗസിയ സുഷമയെ സ്നേഹാലിംഗനം ചെയ്തു. ഫൗസിയയുടെ ഹൃദയത്തിൽനിന്നു നന്ദി വാക്കുകൾ: ‘എന്റെ ഭാരതം ഗംഭീരം, എന്റെ മാഡം (സുഷമ) അതിഗംഭീരം! എല്ലാം ചെയ്തുതന്നതു മാഡമാണ്.’

ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തു പാക്കിസ്ഥാനില്‍ ജയിലിലായിരുന്നു മുംബൈ സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ ഹമീദ് നിഹാല്‍ അന്‍സാരി (33). കേന്ദ്ര സർക്കാരിന്റെ ശ്രമഫലമായി 6 വർഷത്തിനുശേഷമാണു മോചിതനായത്. പുലര്‍ച്ചെ ജയില്‍ മോചിതനായ അന്‍സാരിയെ കുടുംബവും ഇന്ത്യന്‍ സേനാ ഉദ്യോഗസ്ഥരും വാഗാ അതിര്‍ത്തിയിൽ സ്വീകരിച്ചു.

ഇന്ത്യൻ മണ്ണിൽ കാലുകുത്തിയ അന്‍സാരി കുടുംബത്തോടൊപ്പം രാജ്യത്തെ വന്ദിച്ചു. ഡൽഹിയിലെത്തി കേന്ദ്രമന്ത്രി സുഷമ സ്വരാജിനെ കണ്ടു നന്ദി പറയാനാണു അൻസാരിയും ഫൗസിയയും എത്തിയത്. സുഷമയുമായുള്ള കുടുംബത്തിന്റെ കൂടിക്കാഴ്ചയുടെ വിഡിയോ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. 

ജോലിയുമായി ബന്ധപ്പെട്ട് 2012 ല്‍ അഫ്ഗാനിലെ കാബൂളിലേക്കു പോയ അന്‍സാരിയെ പിന്നീട് കാണാതായി. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പാക്ക് പെണ്‍കുട്ടിയുമായി പ്രണയത്തിലായെന്നും താൽപര്യമില്ലാത്ത വിവാഹത്തില്‍നിന്നു പെണ്‍കുട്ടിയെ രക്ഷിക്കാന്‍ പാക്കിസ്ഥാനിലെത്തിയെന്നും വാർത്ത വന്നു. അനുമതിയില്ലാതെ അതിർത്തി കടന്നെന്നും ചാരവൃത്തിയാണ് ഉദ്ദേശ്യമെന്നും ആരോപിച്ചു പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തു.

സൈനിക കോടതി അന്‍സാരിയെ 3 വര്‍ഷം തടവിനു ശിക്ഷിച്ചു. ശിക്ഷാകാലാവധി തീർന്നിട്ടും മോചനം നടന്നില്ല. അന്‍സാരിയുടെ മോചനത്തിനായി വിദേശകാര്യ മന്ത്രാലയം ഇടപെട്ടു. ഇന്ത്യൻ ചാരനാണ് അൻസാരിയെന്ന നിലപാട് പാക്കിസ്ഥാൻ തുടർന്നു. 96 തവണ ഇന്ത്യന്‍ കോണ്‍സുലേറ്റ് പാക്കിസ്ഥാനുമായി ബന്ധപ്പെട്ടാണു മോചനം സാധ്യമാക്കിയത്.