Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യതീഷ് ചന്ദ്ര അപമര്യാദയായി പെരുമാറി; ലോക്‌സഭയില്‍ അവകാശലംഘന നോട്ടിസ്

pon-radhakrishnan-yatish-chandra പൊൻ രാധാകൃഷ്ണൻ, യതീഷ് ചന്ദ്ര

ന്യൂഡൽഹി ∙ ശബരിമല തീർഥാടനത്തിനിടെ തന്നോടു മോശമായി പെരുമാറിയ എസ്.പി. യതീഷ് ചന്ദ്രയ്ക്കെതിരെ കേന്ദ്ര ധനസഹമന്ത്രി പൊൻ രാധാകൃഷ്ണൻ അവകാശലംഘന നോട്ടിസ് നൽകി. ശബരിമല‌യിലേയ്ക്കു സ്വകാര്യവാഹനങ്ങൾ കടത്തിവിട്ടാലുള്ള പ്രശ്നങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവുമോയെന്നു കേന്ദ്ര മന്ത്രിയോടു ചോദിച്ചതാണ് നോട്ടിസിന്റെ പശ്ചാത്തലം. മന്ത്രിയുടെ നോട്ടിസ്, സ്പീക്കറാണ് അവകാശലംഘന സമിതിക്കു കൈമാറേണ്ടത്. ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തേണ്ട തീയതി സമിതി തീ‌രുമാനിക്കും. 

ശബരിമലയ്ക്കടുത്തു നിലയ്ക്കലിലെത്തിയപ്പോൾ പൊതുവാഹനങ്ങൾക്കു മാത്രമേ മുന്നോട്ടു പോകാനാവൂ എന്നു പൊലീസ് അറിയിച്ചെന്നു മന്ത്രി ലോക്സഭയിൽ പറഞ്ഞു. ഉരുൾപൊട്ടലുണ്ടായതു കൊണ്ടു സ്വകാര്യവാഹനങ്ങൾ കടത്തിവിടാനാവില്ലെന്നു സ്ഥലത്തെത്തിയ യതീഷ് ചന്ദ്രയെന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പൊതുവാഹനങ്ങൾക്കു പോകാമെങ്കിൽ എന്തുകൊണ്ടു സ്വകാര്യ വാഹനങ്ങൾ കടത്തിവിട്ടു കൂടെന്നു താൻ ചോദിച്ചു. ഉത്തരവാദിത്തമേൽക്കാമെങ്കിൽ കടത്തിവിടാമെന്നാ‌യിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയോടുള്ള അനാദരവായി ഇതിനെ കണക്കാക്കുന്നു. 40 വർഷത്തോളമായി ശബരിമലയിൽ തീർഥാടനം നടത്തുന്നു. തീർ‌ഥാടകരുടെ ബുദ്ധിമുട്ടും വേദനയും ഇത്തവണ തനിക്കു നേരിട്ടു ബോധ്യപ്പെട്ടു – മന്ത്രി പറഞ്ഞു. 

കഴിഞ്ഞ മാസം 21നു തീർഥാടനത്തിനെത്തിയ മന്ത്രി, നിലയ്ക്കൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനടുത്തു വച്ചാണു യാത്രാനിയന്ത്രണം സംബന്ധിച്ച് എസ്പിയോടു ചോദിച്ചത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. 

എല്ലാവരെയും കടത്തിവിട്ടാൽ ഗതാഗത തടസമുണ്ടാകും, അതിന്റെ ഉത്തരവാദിത്തം ഏ‌റ്റെടുക്കാൻ  തയാറാണോയെന്നായിരുന്നു  മന്ത്രിയോടു യതീഷ് ചന്ദ്രയുടെ ചോദ്യം. അതു പറ്റില്ലെന്നു പറ‌ഞ്ഞപ്പോൾ, ‘യെസ്, .. ഞാൻ അതാണു പറഞ്ഞത്. ആരും ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറല്ലെ’ന്ന് പറഞ്ഞുറപ്പിക്കുകയും ചെയ്തു. പി‌ന്നീട് ഇരുമുടിക്കെട്ടുമെടുത്ത് മന്ത്രിയും സംഘവും ബസിലാണു പമ്പയിലേക്കു പോയത്.