Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'മോദി ചെയ്യാത്തത് ഞാന്‍ ചെയ്തു എന്നു പറയണം' രാഹുലിന്റെ ചെവിയില്‍ സിന്ധ്യ; പരിഹസിച്ച് സ്മൃതി

smriti-rahul സ്മൃതി ഇറാനി, രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ ‘കാർഷിക കടങ്ങൾ എഴുതിത്തള്ളാതെ മോദിയെ ഉറങ്ങാൻ അനുവദിക്കില്ല’– കഴിഞ്ഞ ദിവസം പാർലമെന്റിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഈ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ തോതില്‍ ചർച്ചകൾക്ക് കാരണമായിരുന്നു. മോദി ഇതു നടപ്പാക്കുന്നില്ലെങ്കിൽ 2019ൽ അധികാരത്തിലേറ്റിയാൽ തങ്ങൾ കടങ്ങൾ എഴുതിത്തള്ളുമെന്നുമായിരുന്നു കോൺഗ്രസ് അധ്യക്ഷന്റെ വാഗ്ദാനം. 

എന്നാല്‍ മൈക്കിനു മുന്നിലെത്തിയ ശേഷം രാഹുല്‍ പിന്നോട്ടു പോയി മറ്റു നേതാക്കളോടു മോദിക്കെതിരേ എന്തൊക്കെ പറയണമെന്ന് കൂടിയാലോചിക്കുന്ന ദൃശ്യങ്ങളും ഓഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ബിജെപി ഇത് ആയുധമാക്കിയിരിക്കുകയാണ്. സ്വപ്‌നം കാണാന്‍ പോലും ഒരാള്‍ക്കു ട്യൂഷന്‍ വേണ്ട അവസ്ഥയാണെന്നാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പരിഹസിച്ചത്.

വാർത്താസമ്മേളനത്തിൽ പറയേണ്ട കാര്യങ്ങൾ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ രാഹുൽ ഗാന്ധിയുടെ ചെവിയിൽ പറഞ്ഞുകൊടുക്കുന്ന ദൃശ്യങ്ങളാണു സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ‘മോദിക്കു ചെയ്യാൻ സാധിക്കാതിരുന്നത് ഞാൻ ചെയ്തു എന്നു വേണം പറയാൻ. കേന്ദ്രത്തിന്റെ പിന്തുണ ആവശ്യപ്പെടരുത്..’– ഇങ്ങനെയായിരുന്നു ജ്യേതിരാദിത്യ സിന്ധ്യ രാഹുൽ ഗാന്ധിക്കു നൽകിയ നിർദേശം. മുതിർന്ന കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ, കെ.സി.വേണുഗോപാൽ തുടങ്ങിയവരും ഇരുവരുടെയും സമീപം ഉണ്ടായിരുന്നു.

ദൃശ്യത്തിന്റെ ചുവടുപിടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാഹുലിനെതിരെ രംഗത്തെത്തിയതോടെ വിഷയം വീണ്ടും ചർച്ചയായി. ഈയിടെയായി സ്വപ്നം കാണുന്നതിനു പോലും ഒരാൾക്ക് ട്യൂഷൻ വേണ്ട അവസ്ഥയാണെന്നായിരുന്നു സ്മൃതി ഇറാനിയുടെ പരിഹാസം. സ്വന്തം വാക്കുകളിൽ പോലും വിശ്വാസം ഇല്ലാത്തയാളാണ് രാഹുൽ ഗാന്ധി. സംസാരിക്കുന്നതിനു പോലും അദ്ദേഹത്തിനു മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നു. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങൾക്ക് അദ്ദേഹം അനുയോജ്യനല്ലായെന്നു രാജ്യത്തെ ജനങ്ങൾക്കുള്ള മുന്നറിയിപ്പാ‍ണ് ഇതെന്നും കേന്ദ്ര മന്ത്രി ട്വിറ്ററിൽ കുറിച്ചു.