Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും വണ്ടിച്ചെക്കുകള്‍: 284 എണ്ണം പണമില്ലാതെ മടങ്ങി

Cheque-Book പ്രതീകാത്മക ചിത്രം

കണ്ണൂർ∙ മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്കു വണ്ടിച്ചെക്കുകളുടെ ഉദാര സംഭവന. സംഭാവന ലഭിച്ച ചെക്കുകളിൽ 284 എണ്ണം പണമില്ലാതെ മടങ്ങി. ചെക്കുകൾ സംഭാവന നൽകിയവരെ ഫോണിലൂടെയും കത്തുമുഖേനനെയും ബന്ധപ്പെട്ടു പണം ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നു ധനകാര്യവകുപ്പ് വ്യക്തമാക്കി.

വിവരാവകാശ പ്രവർത്തകൻ ഡി.ബി.ബിനു സമർപ്പിച്ച വിവരാവകാശ അപേക്ഷയിലാണു ധനവകുപ്പ് മറുപടി നൽകിയത്.  ആകെ സംഭാവനയായി ലഭിച്ച 27919 ചെക്കുകളിൽ 430 എണ്ണം ബാങ്കുകളിൽ നിന്നു മടങ്ങിയിരുന്നു. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾക്കൊണ്ടു മടങ്ങിയ146 എണ്ണത്തിൽ പിന്നീടു തുക ലഭിച്ചു. അവശേഷിക്കുന്ന ചെക്കുകളാണു പണമില്ലാതെ മടങ്ങിയത്.

ചെക്കുകൾ മുഖേനെ ഇതുവരെ 1126.0053 കോടി രൂപയാണു സർക്കാരിനു സംഭാവന ലഭിച്ചത്. അതേസമയം വണ്ടിച്ചെക്കുകൾ നൽകിയവരുടെ പേരു വിവരങ്ങൾ സർക്കാർ പുറത്തുവിടാൻ തയാറായിട്ടില്ല. പ്രളയ പുനർനിർമ്മാണത്തിനെന്ന പേരിൽ സ്വകാര്യ കമ്പനികളും സന്നദ്ധസംഘടനകളും അടക്കം നിരവധി പേരാണു പൊതുജനങ്ങളിൽ നിന്നു സംഭാവന പിരിക്കാനെത്തിയത്. എന്നാൽ പ്രളയത്തിന്റെ പേരിൽ ആരൊക്കെ എത്ര രൂപ പിരിച്ചുവെന്നോ അതിൽ എത്ര രൂപ സംഭാവന നൽകി എന്നതോ സംബന്ധിച്ച് സർക്കാരിനു പോലും വ്യക്തമായ കണക്കില്ല.

പൊതുജനങ്ങളിൽ നിന്നു പിരിച്ച സംഖ്യയുടെ നല്ലൊരു തുകയും സർക്കാരിലേക്ക് എത്തിയിട്ടില്ലെന്നാണു വണ്ടിച്ചെക്ക് സംഭാവന കാണിക്കുന്നത്. പ്രളയം വരുമ്പോൾ ജനങ്ങളിൽ നിന്നു പണം പിരിക്കാനിറങ്ങുന്ന സംഘടനകൾ റജിസ്റ്റർ ചെയ്യണമെന്നും കൃത്യമായ കണക്ക് അവതരിപ്പിക്കാൻ നടപടിയെടുക്കണമെന്നും 2005ൽ ദേശീയ നിയമ കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. എന്നാൽ 13 വർഷം കഴിഞ്ഞിട്ടും ഇത്തരത്തിലൊരു നിയന്ത്രണ സംവിധാനം രാജ്യത്ത് ഇതുവരെ വന്നിട്ടില്ല.
 

related stories