Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർത്തഡോക്സ് വൈദികനെ വീണ്ടും തടഞ്ഞു; പള്ളിയിൽ കയറ്റില്ലെന്ന് ശ്രേഷ്ഠ ബാവ

Kothamangalam-Marthoma-Cheriapally കോതമംഗലം മാര്‍ത്തോമ്മാ ചെറിയ പള്ളിക്കു മുന്നിൽ സ്ത്രീകളടക്കമുള്ളവർ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു.

കൊച്ചി∙ കോതമംഗലം മാര്‍ത്തോമ്മാ ചെറിയ പള്ളിയിൽ ഓർത്തഡോക്സ് വൈദികനെ വീണ്ടും തടഞ്ഞു. വൈദികന്റെ വാഹനത്തിനു മുന്നിൽ യാക്കോബായ സഭാംഗങ്ങൾ പ്രതിഷേധിച്ചു. ഓർത്തഡോക്സ് സഭ വൈദികൻ പ്രാർഥനയ്ക്ക് എത്തിയതിനെ തുടർന്ന് വൻ സംഘർഷമാണ് ഉണ്ടായത്. യാക്കോബായ വിശ്വാസികൾ പള്ളിക്കുമുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇവരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി. പ്രതിഷേധം ശക്തമായതിനാൽ ഓർത്തഡോക്സ് സഭ വൈദികൻ തോമസ് പോൾ റമ്പാനു പള്ളിയിൽ പ്രവേശിക്കാനായില്ല. സ്ത്രീകളും പുരുഷന്മാരുമടക്കം ആയിരത്തോളം പേരാണു പ്രതിഷേധവുമായി പള്ളിക്കു മുന്നിലെത്തിയത്.

പ്രതിഷേധത്തെ തുടർന്ന് വൈദികനെ സ്ഥലത്തുനിന്നുമാറ്റിയിരുന്നു. തിരിച്ചുവരുമെന്നും ആരാധന നടത്തുമെന്നും തോമസ് പോൾ റമ്പാൻ പറഞ്ഞു. കോതമംഗലം പള്ളിയിലെ പ്രതിഷേധം ദുരൂഹമാണെന്ന് ഓർത്തഡോക്സ് സഭ പ്രതികരിച്ചു. കോടതി വിധി ലംഘിച്ചാണ് യാക്കോബായ സഭ വിശ്വാസികളുടെ പ്രതിഷേധം. ആരാധനയ്ക്ക് സാഹചര്യമൊരുക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നുവെന്നും ഓർത്തഡോക്സ് സഭ പറഞ്ഞു.

അതേസമയം, യാക്കോബായ സഭയുടെ സ്വത്ത് ആർക്കും വിട്ടുകൊടുക്കില്ലെന്ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ. ജനങ്ങൾ വളരെ നാൾ ക്ഷമിക്കുമെന്ന് കരുതരുത്. ഓർത്തഡോക്സ് സഭയുടെ ഭൂമി പിടിച്ചെടുത്തെങ്കിൽ നാലിരട്ടി തിരിച്ചുകൊടുക്കാം. സർക്കാർ മുൻകൈയെടുത്താൽ ചർച്ചയ്ക്കു സഹകരിക്കും. അനർഹർ പള്ളിയിലേക്കു പ്രവേശിക്കാൻ ശ്രമിക്കുന്നെന്ന് അറിഞ്ഞാണു കോതമംഗലത്തുവന്നതെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.

Shresta Baselios Thomas First Catholicos Bava ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ മാധ്യമങ്ങളോടു സംസാരിക്കുന്നു

ഓർത്തഡോക്സ് സഭാ വൈദികന് കോതമംഗലം മാർത്തോമ്മാ ചെറിയ പള്ളിയിൽ മതപരമായ ചടങ്ങുകൾ നടത്താൻ പൊലീസ് സംരക്ഷണം നൽകാൻ മുൻസിഫ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കോതമംഗലം മാർത്തോമ്മാ ചെറിയ പള്ളി വികാരിയായി പ്രവർത്തിക്കുന്നതിനു തടസം സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാണിച്ച് ഓർത്തഡോക്സ് വൈദികനായ തോമസ് പോൾ റമ്പാൻ നൽകിയ ഹർജിയിലായിരുന്നു മുൻസിഫ് കോടതിയുടെ വിധി. മൂവാറ്റുപുഴ ഡിവൈഎസ്പിയോടു സംരക്ഷണം നൽകണമെന്നും നിർദേശിച്ചിരുന്നു.

കോടതി വിധി നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് ഓർത്തഡോക്സ് സഭ നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി പൊലീസിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. ഓർത്തഡോക്സ് സഭാ വികാരിക്കു സംരക്ഷണം നൽകണമെന്നും മുൻസിഫ് കോടതി ഉത്തരവ് നടപ്പാക്കണമെന്നുമാണ് കോടതി ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണു പൊലീസ് സംരക്ഷണത്തിൽ വൈദികൻ ഇവിടെ എത്തിയത്.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഓർത്തഡോക്സ് സഭ കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ കവിയറ്റ് ഹർജി നൽകിയിരുന്നു. കേസിൽ സുപ്രീം കോടതിയിൽ അപ്പീൽ വന്നാൽ തങ്ങളുടെ ഭാഗം കേൾക്കാതെ ഉത്തരവു നൽകരുതെന്നാവശ്യപ്പെടുന്നതാണു ഹർജി നൽകിയിട്ടുള്ളത്.