Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂരിലെ കവർച്ച; ബംഗ്ലദേശിലേക്കു കടന്ന മോഷ്ടാക്കൾ, കേരള പൊലീസ് പിടിച്ചതിങ്ങനെ

ഉല്ലാസ് ഇലങ്കത്ത്
journalist-attack മോഷണം നടന്ന വീട്ടില്‍ പരിശോധന നടത്തുന്ന പൊലീസ് സംഘം

തിരുവനന്തപുരം∙ സെപ്റ്റംബര്‍ ആറിനു പുലര്‍ച്ചെയാണ് കണ്ണൂരില്‍ ദമ്പതികളെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചശേഷം 60 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചത്. കവര്‍ച്ചയ്ക്കിടെ ദമ്പതികള്‍ക്ക് ഗുരുതരപരുക്കേറ്റിരുന്നു. സംഭവത്തിനു പിന്നില്‍ ഇതര സംസ്ഥാന മോഷണസംഘമാണെന്ന സംശയമാണ് കണ്ണൂര്‍ സിറ്റിപൊലീസിനുണ്ടായിരുന്നത്. തലശേരി, കണ്ണൂര്‍ മേഖലയിലെ 25 മൊബൈല്‍ ടവറുകളിലെ ലക്ഷക്കണക്കിനു മൊബൈല്‍ ഫോണ്‍ കോളുകള്‍ പൊലീസ് പരിശോധിച്ചു. സംശയമുള്ള നമ്പരുകളുടെ പട്ടിക തയാറാക്കി.

എറണാകുളം നഗരത്തില്‍ കഴിഞ്ഞ വര്‍ഷം സമാനസ്വഭാവത്തിലുള്ള കവര്‍ച്ച നടന്നിരുന്നു. വീട്ടുകാരെ ക്രൂരമായി മര്‍ദിച്ചശേഷമാണ് ആഭരണങ്ങളുമായി മോഷ്ടാക്കള്‍ കടന്നത്. ആ കേസിന്റെ വിവരങ്ങള്‍ കണ്ണൂര്‍ പൊലീസ് ശേഖരിച്ചു. ആ കേസിലെ പ്രതികള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പരുകള്‍ പരിശോധിച്ചു. കണ്ണൂര്‍ മോഷണക്കേസില്‍ സംശയിക്കുന്ന ചില നമ്പരുകളിലേക്ക് എറണാകുളം കേസിലെ രണ്ടു പ്രതികള്‍ ബന്ധപ്പെട്ടിരുന്നതായി മനസിലാക്കി.

മോഷ്ടാക്കളെ തിരിച്ചറിയുമ്പോഴേക്കും അവര്‍ ബംഗ്ലദേശ് അതിര്‍ത്തി കടന്നിരുന്നു. നമ്പരുകളില്‍ ബന്ധപ്പെട്ട പൊലീസിനെ അസഭ്യവര്‍ഷത്തോടെയാണ് മോഷ്ടാക്കള്‍ എതിരേറ്റത്. ഒപ്പം ഭീഷണിയും. അതിര്‍ത്തിക്കപ്പുറം ചെല്ലാന്‍ കേരള പൊലീസിനു കഴിയില്ലെന്നു മനസിലാക്കിയുള്ള ധൈര്യം. മോഷ്ടാക്കള്‍ അതിര്‍ത്തി കടന്നെന്ന് ഉറപ്പാക്കിയതോടെ കേരള പൊലീസ് തന്ത്രം മാറ്റി.

ഡിസംബര്‍ 16. ഉച്ചയോടെ ഡല്‍ഹിയില്‍നിന്ന് ഒരു സന്ദേശം കണ്ണൂര്‍ സിറ്റി പൊലീസിനെ തേടിയെത്തി - ‘നിങ്ങള്‍ തിരയുന്ന മോഷ്ടാക്കളില്‍ ഒരാള്‍ ബംഗ്ലദേശില്‍നിന്ന് ഡല്‍ഹിയിലെത്തിയിട്ടുണ്ട്. താമസിക്കുന്ന സ്ഥലം തിരിച്ചറിഞ്ഞു’. കണ്ണൂര്‍സിറ്റി സിഐ പ്രദീപന്‍ കണ്ണിപ്പൊയിലും എഎസ്ഐ രാജീവനും മംഗലാപുരത്തുനിന്നും വിമാനമാര്‍ഗം ഡല്‍ഹിയിലേക്ക് തിരിച്ചു.

പൊലീസിന് ഡല്‍ഹിയില്‍നിന്ന് വിവരങ്ങള്‍ നല്‍കിയ ആളെ കണ്ടെത്തുന്നതും മൊബൈല്‍ രേഖകളിലൂടെയാണ്. കണ്ണൂര്‍ മോഷണക്കേസിലെ പ്രതികളുടെ മൊബൈല്‍ നമ്പര്‍ പരിശോധിക്കുമ്പോള്‍ അതിലേക്ക് നിരവധി തവണ വിളിച്ച ഒരു നമ്പര്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ടവര്‍ ലൊക്കേഷന്‍ ഡല്‍ഹിയാണ്.

പൊലീസ് കഴിഞ്ഞ മാസം ഡല്‍ഹിയിലെത്തി ഇയാളെ അറസ്റ്റു ചെയ്തു. കണ്ണൂരിലെ മോഷണക്കേസുമായി ബന്ധമില്ലെന്നു ചോദ്യം ചെയ്യലില്‍ വ്യക്തമായി. മോഷണസംഘത്തോടൊപ്പം ഇയാള്‍ ഡല്‍ഹിയില്‍ താമസിച്ചിട്ടുണ്ട്. പൊലീസിന് വിവരങ്ങള്‍ കൈമാറാമെന്നു ഡല്‍ഹി പൊലീസിന്റെ സാന്നിധ്യത്തില്‍ ഇയാള്‍ സമ്മതിച്ചു. ബംഗ്ലദേശിലുള്ള മോഷണസംഘത്തിലെ ഒരാള്‍ ഡല്‍ഹിയിലെത്തിയപ്പോഴാണ് ഇയാള്‍ വിവരം കണ്ണൂര്‍ പൊലീസിനു കൈമാറിയത്.

ഡല്‍ഹിയിലെത്തിയ കണ്ണൂര്‍ പൊലീസ് വിവരം കൈമാറിയ ആളുമായി സംസാരിച്ചു. 18ന് രാവിലെ 7.30ന് ഡല്‍ഹിയില്‍നിന്ന് ഹൗറയിലേക്ക് പോകാന്‍ മോഷ്ടാവ് ടിക്കറ്റെടുത്തിട്ടുണ്ട്. കണ്ണൂര്‍ പൊലീസ് ഡല്‍ഹി പൊലീസിന്റെയും മലയാളികളായ ചിലരുടെയും സഹായം തേടി. വിവരം കൈമാറുന്നയാള്‍ വീണ്ടും വിളിച്ചു. മോഷ്ടാവ് രാവിലെ നിശ്ചയിച്ചിരുന്ന യാത്ര മാറ്റി, ഇന്നു രാത്രി ഡല്‍ഹി വിടുമെന്നായിരുന്നു സന്ദേശം. കേരള പൊലീസും ഡല്‍ഹി പൊലീസും റെയില്‍വേ സ്റ്റേഷനിലെത്തി പ്രതി മുഹമ്മദ് ബിലാലിനെ പിടികൂടി.

കൊടുംക്രൂരന്‍മാരായ ബംഗ്ലദേശ് മോഷണസംഘം

ബംഗ്ലദേശില്‍നിന്നുള്ള മോഷണസംഘം ബ്രിട്ടിഷ് ഭരണകാലത്തുതന്നെ ഇന്ത്യയില്‍ സജീവമായിരുന്നു. വീട് ആക്രമിച്ച് വീട്ടിലുള്ളവരെ ക്രൂരമായി ആക്രമിച്ചോ വധിച്ചോ മോഷണം നടത്തുന്നതാണ് രീതി. രാജ്യം സ്വതന്ത്രമായശേഷം മോഷ്ടാക്കളില്‍ പലരും ഇന്ത്യയില്‍തന്നെ വിവിധ പ്രദേശങ്ങളിലായി താമസം തുടങ്ങി. സ്വന്തം രാജ്യത്തേക്ക് മടങ്ങിയവര്‍ മോഷണത്തിനായി അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്കെത്തി മോഷണശേഷം മടങ്ങി.

ബംഗ്ലദേശിലുള്ളവരെ ഇന്ത്യയിലെത്തിക്കുന്ന സംഘങ്ങള്‍ അതിര്‍ത്തി മേഖലകളില്‍ സജീവമാണ്. ഒരാളെ അതിര്‍ത്തി കടത്തുന്നതിന് 6,000 രൂപവരെ ഈടാക്കുന്നുണ്ടെന്നാണ് ഡല്‍ഹി പൊലീസ് കേരള സംഘത്തോട് പറഞ്ഞത്. ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരാണെങ്കില്‍ അതിര്‍ത്തി കടത്താന്‍ 15,000 രൂപവരെ വാങ്ങും. ഇന്ത്യന്‍ തിരിച്ചറിയല്‍ കാര്‍ഡുകളെല്ലാം വ്യാജമായി ഉണ്ടാക്കും. ചേരികളില്‍ താമസിച്ച് ഇവിടെയുള്ള മോഷണസംഘങ്ങളുമായി ചങ്ങാത്തമുണ്ടാക്കും. ആവശ്യമെങ്കില്‍ ബംഗ്ലദേശില്‍നിന്ന് ആളുകളെയെത്തിക്കും. ചെന്നൈയിലും ബെംഗളൂരുവിലുമെല്ലാം ബംഗ്ലദേശ് മോഷണസംഘങ്ങള്‍ താമസിക്കുന്നതായാണ് കേരള പൊലീസിന് വിവരം ലഭിച്ചത്. ഡല്‍ഹി പൊലീസുമായി കഴിഞ്ഞമാസം രണ്ടു തവണ ബംഗ്ലദേശ് മോഷണ സംഘങ്ങള്‍ ഏറ്റുമുട്ടി.

മുഹമ്മദ് ബിലാല്‍ മോഷണത്തില്‍ തുടക്കക്കാരനാണെന്നാണ് ചോദ്യം ചെയ്യലില്‍ മനസിലായത്. സംഘത്തിലെ മറ്റുള്ളവരെല്ലാം ഇപ്പോള്‍ ബംഗ്ലദേശിലാണ്. സംഘത്തിലെ പ്രധാനി ബംഗ്ലദേശുകാരനായ ഇല്യാസാണ്. ഇയാളാണ് മോഷണം ആസൂത്രണം ചെയ്യുന്നത്. കൂലിപ്പണിക്കാരെ സംഘത്തിലുള്‍പ്പെടുത്തി മോഷണം നടത്തും. ചെറിയ തുക അവര്‍ക്ക് നല്‍കിയശേഷം മോഷണ മുതല്‍ ഇല്യാസും വിശ്വസ്തരും വീതിച്ചെടുക്കും.

ഡല്‍ഹിയിലെ മോഷണസംഘങ്ങളില്‍നിന്നാണ് ഇവര്‍ക്ക് കേരളത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. പിന്നീട് കേരളത്തിലെ സ്ഥലങ്ങളുടെ പ്രത്യേകതകള്‍ മനസിലാക്കി. കണ്ണൂരിലെ മോഷണം നടക്കുന്നതിന് ഒരു മാസം മുന്‍പ് ബെംഗളൂരുവഴി കേരളത്തിലെത്തി സ്ഥലത്തെക്കുറിച്ച് മനസിലാക്കി. പിന്നീട് ബംഗ്ലദേശിലേക്ക് പോയി. വീണ്ടും ഡല്‍ഹിയില്‍നിന്ന് ബെംഗളൂരുവഴി കേരളത്തിലെത്തിയാണ് മോഷണം നടത്തി മടങ്ങിയത്. കസ്റ്റഡിയിലെടുത്ത മുഹമ്മദ് ബിലാലിനെ ഇന്ന് ഉച്ചയോടെ കണ്ണൂരിലെത്തിക്കും.